Connect with us

Ongoing News

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

Published

|

Last Updated

ധർമശാല | ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന് ഹിമാചൽപ്രദേശിലെ ധർമശാലയിൽ നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

രണ്ടാം മത്സരം 15ന് ഉത്തർപ്രദേശിലെ എകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം 18ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലുമാണ്.
ന്യൂസിലൻഡിനെതിരെ ഏകദിന- ടെസ്റ്റ് പരമ്പരകളിൽ തോൽവിയേറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇന്ത്യ ഗ്രൗണ്ടിലിറങ്ങുന്നത്. അതേസമയം ഡികോക്കിന്റെ നായകത്വത്തിന് കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു.

[irp]

ഷമിക്ക് വിശ്രമം, പാണ്ഡ്യയും ധവാനും ഭുവനേശ്വറും തിരിച്ചെത്തി

പരുക്കേറ്റ് പുറത്തായിരുന്ന മൂന്ന് താരങ്ങൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവരാണ് ടീമിലേക്ക് തിരികെയെത്തിത്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശർമ ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിലുണ്ട്. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീമാണിത്.
അതേസമയം മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറിയ ജന്നമൻ മലൻ, കെയിൻ വെറെയ്ൻ എന്നിവർ ടീമിൽ കളിക്കും. ടെംബ ബാവുമ, ലുതോ സിംപാല, റസി വാൻ ഡർ ഡസൻ, ജോൺജോൺ സ്മട്‌സ്, ജോർജ് ലിൻഡെ തുടങ്ങിയ യുവതാരങ്ങളൊക്കെ ടീമിൽ ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്.

ഹസ്തദാനം വേണ്ട,
ശുചിത്വം ഉറപ്പുവരുത്തുക

കൊറോണ വൈറസ് വ്യാപിക്കുന്നത് മുൻനിർത്തി ഇന്ത്യൻ താരങ്ങളുമായുള്ള ഹസ്തദാനം ദക്ഷിണാഫ്രിക്കൻ ടീം ഒഴിവാക്കിയേക്കും. ഇപ്പോൾ ഇന്ത്യൻ താരങ്ങളും സമാനമായ മുൻകരുതലുകളെ കുറിച്ച് ചിന്തിക്കുകയാണ്. ആദ്യ ഏകദിനത്തിൽ തുപ്പൽ തൊട്ട് പന്ത് മിനുക്കുന്ന പതിവ് നിർത്താനുള്ള ആലോചനയും ടീം ഇന്ത്യക്കുണ്ട്. പേസ് ബൗളർ ഭുവനേശ്വർ കുമാർ മത്സരത്തിന് മുന്നോടിയായി ഇക്കാര്യം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.
രാജ്യത്ത് അന്പതിലേറെ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കഴിയാവുന്ന മുൻകരുതലുകളെല്ലാം ടീം എടുക്കുമെന്ന് ഭുവനേശ്വർ കുമാർ വ്യക്തമാക്കി.

പരമ്പരക്കിടെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ കടന്നുചെല്ലരുതെന്ന് ടീം അംഗങ്ങൾക്ക് കർശന നിർദേശം മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കൈ കഴുകുക, വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക, ആരാധകരുടെ അടുത്ത് പോകരുത് തുടങ്ങിയ നിർദേശങ്ങൾ ഡോക്ടർ നൽകിയതായി ഭുവനേശ്വർ കുമാർ പറഞ്ഞു. നേരത്തെ ഇന്ത്യൻ പര്യടനത്തിലുടനീളം താരങ്ങൾ ഹസ്തദാനം ഒഴിവാക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ പരിശീലകൻ മാർക്ക് ബൗച്ചർ പറഞ്ഞിരുന്നു.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, പ്രിത്വി ഷാ, കെ എൽ രാഹുൽ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യശ്വന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡികോക്ക് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ടെംബ ബവുമ, ജാനെമാൻ മലാൻ, റാസ്സി വാൻഡർ ഡ്യുസെൻ, ഫാഫ് ഡുപ്ലെസി, കൈൽ വെറിൻ, ഹെന്റിച്ച് ക്ലാസ്സെൻ, ഡേവിഡ് മില്ലർ, ജോൺ ജോൺ സ്മട്‌സ്, ആൻഡിലെ ഫെലുക്വായോ, ലുംഗി എൻഗിഡി, ല്യുതോ സിപാംല, ബ്യുറെൻ ഹെൻഡ്രിക്‌സ്, ആന്റിച്ച് നോർട്ടെ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്.

Latest