Connect with us

National

വിഭാഗീയതകള്‍ക്കൊടുവില്‍ ഡി കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍

Published

|

Last Updated

ബെംഗളൂരു |  മധ്യപ്രദേശില്‍ സര്‍ക്കാറിനെ പിടിച്ചുനിര്‍ത്താന്‍ പെടാപ്പാട് പെടുന്നതിനിടെ കര്‍ണാടകയിലേും ഡല്‍ഹിയിലേയും സംസ്ഥാന പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ഡി കെ ശിവകുമാറാണ് കര്‍ണാടക പി സി സി അധ്യക്ഷന്‍. മുന്‍ എം എല്‍ എ അനില്‍ ചൗധരിയാണ് ഇനി ഡല്‍ഹി കോണ്‍ഗ്രസിനെ നയിക്കുക. ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഡി കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസിന്റെ പ്രിസഡന്റാകുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി നിരവധി പേര്‍ കര്‍ണാടക കോണ്‍ഗ്രസില്‍ രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ളവര്‍ക്ക് ഡി കെ പ്രസിഡന്റാകുന്നതിനോട് യോജിപ്പില്ലായിരുന്നു. സിദ്ദരാമയ്യ വിഭാഗത്തിന്റെ എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ശിവകുമാറിനെ തന്നെ പ്രസിഡന്റായി എ ഐ സി സി പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു.എം എല്‍ എമാരായ ഈശ്വര്‍ ഖാന്ദ്ര, സതീശ് ജര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിമയിച്ചു.

നിയമസഭയിലെ പ്രതിപക്ഷ നേതാവായി സിദ്ദരാമയ്യ തുടരും.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എം എല്‍ എമാര്‍ രാജിവെച്ച സാഹചര്യത്തിലാണ് കര്‍ണാടകയിലും ഡല്‍ഹിയിലുമെല്ലാം പെട്ടന്ന് പി സി സി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ സിന്ധ്യക്കൊപ്പമുള്ള 20 വിമത എം എല്‍ എമാര്‍ ഇപ്പോള്‍ കര്‍ണാടകയിലാണുള്ളത്. ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന് മുമ്പിലുള്ള ആദ്യ വെല്ലുവിളിയും ഇതാകും.
ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുഭാഷ് ചോപ്ര രാജിവെച്ചതിനെ തുടര്‍ന്നാണ് അവിടെ പുതിയ അധ്യക്ഷനായി അനില്‍ ചൗധരിയെ നിയമിച്ചത്.