Connect with us

Education

കർണാടകയിൽ മെഡിക്കൽ സീറ്റ് തട്ടിപ്പ്; ഇരയാകുന്നത് കൂടുതലും മലയാളികൾ

Published

|

Last Updated

ബെംഗളൂരു | കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കുള്ള സീറ്റ് തട്ടിപ്പ് നടത്തി കോടികൾ സമ്പാദിക്കുന്ന സംഘം സജീവം. സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ ക്വാട്ടയിൽ ഇതിനകം നടന്നത് 1,100 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് ആരോപിച്ച് കർണാടക മുൻ പോലീസ് മേധാവി ശങ്കർ ബിദ്‌രി രംഗത്ത് വന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്.

ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) എഴുതി എം ബി ബി എസിന് ഉന്നത റാങ്ക് നേടിയ വിദ്യാർഥികളെ കൊണ്ട് വീണ്ടും പരീക്ഷയെഴുതിപ്പിക്കുകയും ഉയർന്ന റാങ്ക് നേടി സർക്കാർ ക്വാട്ടയിൽ പ്രവേശനം ഉറപ്പാക്കിയ ശേഷം അവസാന നിമിഷം സീറ്റ് നിഷേധിക്കുകയും തുടർന്ന് ഒഴിവ് വരുന്ന സീറ്റുകൾ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് മാറ്റി ഉയർന്ന തുകക്ക് മറിച്ച് വിറ്റുമാണ് തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ സ്വകാര്യ മെഡിക്കൽ കോളജുകൾ നേടുന്നത് കോടിക്കണക്കിന് രൂപയാണ്.

പരാതിയെത്തുടർന്ന് ആദായനികുതി വകുപ്പ് രണ്ട് സ്വകാര്യ മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തട്ടിപ്പിന് കൂടുതലായും ഇരയാവുന്നത് കേരളത്തിൽ നിന്നെത്തുന്ന വിദ്യാർഥികളാണ്. കർണാടകയിലെ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നത് കോടികളുടെ മറ്റൊരു തട്ടിപ്പാണ്.

പഠനത്തിൽ മുന്നിൽ നിൽക്കുന്ന വിദ്യാർഥികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിച്ച് ജനറൽ ക്വാട്ടയിലെ സീറ്റുകൾ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് മാനേജ്‌മെന്റ് ക്വാട്ടയിലാക്കി വിൽക്കുന്നു. എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ വിലാസം ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവരും പ്രവർത്തിക്കുന്നുണ്ട്. എം ബി ബി എസ്, ബി ഡി എസ്, ആയുർവേദം, ഹോമിയോ, യൂനാനി, നാച്വറോപ്പതി, യോഗ, ബി എസ് സി നഴ്‌സിംഗ്, ബി ഇ, ബി ടെക്, ആർക്കിടെക്ചർ, വെറ്ററിനറി സയൻസ്, ബി എസ് സി അഗ്രികൾച്ചർ, ഫോറസ്ട്രി, ഫുഡ് ടെക്‌നോളജി, എം ഡി തുടങ്ങി ഏത് കോഴ്‌സിനും അഡ്മിഷൻ ശരിയാക്കിത്തരാമെന്നാണ് ഇവർ നൽകുന്ന വാഗ്ദാനം.

ബന്ധപ്പെടുന്ന രക്ഷിതാക്കളോട് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആദ്യഗഡു അയക്കാൻ നിർദേശിക്കും. രണ്ടാഴ്ച കഴിയുമ്പോൾ സീറ്റ് ശരിയായില്ലെന്ന് പറഞ്ഞ് മുഴുവൻ തുകയും അതേ അക്കൗണ്ട് മുഖേന തിരിച്ചയച്ച് വിശ്വാസ്യത നേടും. എന്നാൽ, ഏതാനും ദിവസം കഴിയുമ്പോൾ രക്ഷിതാവിനെ വീണ്ടും ഫോണിൽ വിളിച്ച് ഒരേയൊരു സീറ്റ് ഒഴിവുണ്ടെന്നും പണവുമായി ഉടൻ കർണാടകയിലെ ഏതെങ്കിലും ഒരു കോളജിന് മുന്നിൽ എത്തണമെന്നും അറിയിക്കും.
രക്ഷിതാവ് എത്തിയാൽ സംഘത്തിലൊരാൾ പരിഭ്രാന്തിയോടെ അടുത്തെത്തി കോളജിൽ വിജിലൻസ് റെയ്ഡ് നടക്കുകയാണെന്ന് പറഞ്ഞ് തുക ബേഗിലിടാൻ നിർബന്ധിക്കും. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞ് ഉള്ളിലേക്കു പോകുന്ന ഇയാൾ അരമണിക്കൂറിനകം തിരിച്ചെത്തും. എല്ലാം ശരിയായിട്ടുണ്ടെന്നും പ്രവേശനം സംബന്ധിച്ച അറിയിപ്പ് വൈകാതെ വീട്ടിൽ എത്തുമെന്നും രക്ഷിതാവിനെ പറഞ്ഞ് വിശ്വസിപ്പിക്കും. ആഴ്ചകൾ കഴിഞ്ഞിട്ടും അറിയിപ്പ് ലഭിക്കാതാകുന്നതോടെ രക്ഷിതാവ് ഫോണിൽ ബന്ധപ്പെടുമ്പോൾ സ്വിച്ച്ഓഫ് ആയിരിക്കും. ഒരോ തട്ടിപ്പിനും ഓരോ സിം കാർഡാണ് ഇവർ ഉപയോഗിക്കുന്നത്.

കർണാടകയിലെയും തമിഴ്‌നാട്ടിലെയും പ്രഫഷനൽ കോളജുകളിൽ മെഡിക്കൽ എൻജിനീയറിംഗ് സീറ്റുകൾ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ കണ്ണികളുടെ ചിത്രങ്ങൾ സമീപകാലത്ത് ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരുന്നു. മംഗളൂരും കാഞ്ഞങ്ങാടും കേന്ദ്രമായി പ്രവർത്തിക്കുന്ന മാസ്റ്റർ എജ്യൂക്കേഷൻ കൺസൾട്ടൻസി സർവീസ്, കാപിറ്റൽ കൺസൾട്ടൻസി സർവീസ് എന്നീ തട്ടിപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർമാരായിരുന്നു ഇവർ.
സർക്കാർ ക്വാട്ടയിലെ സീറ്റുകളിലേക്ക് കർണാടക എക്‌സാമിനേഷൻ അതോറിറ്റി വഴി പ്രവേശനം നടത്തണമെന്ന നിബന്ധന സംസ്ഥാനത്ത് ഇനിയും നടപ്പിലായിട്ടില്ല. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ ക്വാട്ടയിലേക്കും പ്രവേശനം നടത്തുന്നത് കർണാടക എക്‌സാമിനേഷൻ അതോറിറ്റിയാണ്.

മെഡിക്കൽ സീറ്റ് തട്ടിപ്പ് തടയാൻ 2006ലെ കർണാടക പ്രൊഫഷനൽ എജ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. മെഡിക്കൽ, എൻജിനീയറിംഗ്, ഡെന്റൽ സീറ്റുകൾ സർക്കാർ ക്വാട്ടയിൽ നിന്ന് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് മാറ്റുന്നതിന് സ്വകാര്യ കോളജുകൾക്കുള്ള അധികാരം ഭേദഗതി നടപ്പിലാക്കുന്നതോടെ ഇല്ലാതാകും.

---- facebook comment plugin here -----

Latest