Connect with us

National

ഭയപ്പെട്ട് കീഴടങ്ങുകയില്ല; പൗരത്വ പ്രക്ഷോഭം ശക്തമായി മുന്നോട്ട്

Published

|

Last Updated

ജാഫറാബാദിൽ സ്ത്രീകൾ നടത്തുന്ന സമരം 85 ദിവസം പിന്നിട്ടപ്പോൾ

ന്യൂഡൽഹി | ഭയപ്പെടുത്തി കീഴ്‌പെടുത്താമെന്ന ഹിന്ദുത്വ വർഗീയ വാദികളുടെ ശ്രമത്തിന് കനത്ത തിരിച്ചടി നൽകി ഡൽഹിയിൽ പരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രക്ഷോഭം കൂടുതൽ കരുത്തോടെ മുന്നോട്ട്. ശഹീൻ ബാഗിലെ സമരം 86ാം ദിവസം പിന്നിട്ടു.

ശഹീൻ ബാഗിലും ഡൽഹി ജുമാ മസ്ജിദിലും ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ ഹിന്ദുത്വ വർഗീയ വാദികൾ ആരംഭിച്ച കലാപമാണ് വടക്കു കിഴക്കൻ ഡൽഹിയിൽ വംശഹത്യാ നീക്കമായി പരിണമിച്ചത്.
53 പേർ കൊല്ലപ്പെടുകയും 200 ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപം അടങ്ങി പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ശഹീൻ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ബി ജെ പി നേതാവും മുൻ നിയമസഭാംഗവുമായ കപിൽ മിശ്ര ഫെബ്രുവരി 23ന് ഡൽഹി പോലീസിനോടാവശ്യപ്പെട്ടത് മുതലാണ് കലാപനീക്കം ആരംഭിക്കുന്നത്. പോലീസ് ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ താൻ തന്നെ അത് ചെയ്യുമെന്നും കപിൽ മിശ്ര പ്രഖ്യാപിച്ചു. ഈ പ്രസ്താവനക്ക് പിന്നാലെ വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

[irp]

ഫെബ്രുവരി 22, 23 തീയതികളിൽ ആയിരത്തോളം വരുന്ന വനിതകൾ, സീലാംപൂർ-ജാഫറാബാദ് പാത ഉപരോധിച്ചു. സീലാംപൂർ മെട്രോ സ്റ്റേഷനിലേക്കുള്ള കവാടവും അവർ ഉപരോധിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഭീം ആർമി ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണക്കാനാണ് തങ്ങൾ പാത ഉപരോധിച്ചതെന്നാണ് സംഘം പറഞ്ഞത്. ജാഫറാബാദിലെ സമരപ്പന്തലിൽ നിന്ന് പ്രകടനമായി എത്തിയാണ് ഇവർ ഉപരോധ സമരം തുടങ്ങിയത്.

ജാഫറാബാദിലെ ഉപരോധത്തിന് തക്കതായ മറുപടി കൊടുക്കാനായി ഫെബ്രുവരി 23ന് മൂന്നിന് മൗജ്പൂർ ചൗക്കിൽ എത്തിച്ചേരാൻ കപിൽ മിശ്ര തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. മിശ്രയുടെ റാലിക്ക് പിന്നാലെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷം നിയന്ത്രണാതീതമായി. കലാപകാരികൾ കാവിക്കൊടികൾ കൈയിലേന്തി ജയ് ശ്രീറാം മുഴക്കി കലാപത്തിനിറങ്ങുകയായിരുന്നു.

[irp]

കലാപത്തിൽ കനത്ത സ്വത്ത് നാശവും ആൾ നാശവും ഉണ്ടായെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾ ഒന്നടങ്കം പറയുന്നു. ശഹീൻ ബാഗിലെ സമര കേന്ദ്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ വനിതാ ദിനത്തിന്റെ ഭാഗമായി എല്ലാവരും പ്രത്യേക ബാഡ്ജ് അണിഞ്ഞുകൊണ്ടാണ് സമരപ്പന്തലിൽ എത്തിയത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പാക്കുന്ന കാര്യത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നത് വരെ ഈ സമരവുമായി മുന്നോട്ട് പോകുമെന്ന് സന്നദ്ധ പ്രവർത്തകയായ ശെറിൻ സിറാജിനോട് പറഞ്ഞു. സ്ത്രീകളാണ് സമരം നയിക്കുന്നതെങ്കിലും വൻതോതിൽ പുരുഷൻമാരും സമര മുഖത്ത് കേന്ദ്രീകരിച്ച് നിൽക്കുന്നുണ്ട്. കുട്ടികളുടെ പാട്ടും കലാപരിപാടികളും ഇടക്ക് പ്രസംഗവുമായാണ് സമരം മുന്നോട്ട് പോകുന്നത്. ജാഫറാബാദിലെ സമരകേന്ദ്രവും രാവിലെ മുതൽ രാത്രിവരെ സജീവമാണ്.
ഭരണകൂടത്തിന്റെ സഹായത്തോടെ ഗുജറാത്ത് മോഡൽ കലാപം സംഘടിപ്പിച്ചാൽ ഭയന്ന് സമരത്തിൽ നിന്ന് പിൻമാറുമെന്ന സംഘപരിവാർ കേന്ദ്രങ്ങളുടെ കണക്കൂകട്ടൽ അസ്ഥാനത്തായെന്നാണ് ഈ സമര കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് ശെറിൻ പറഞ്ഞു.

[irp]
മതേതര ശക്തികൾ ഇന്നും ശക്തമായി നിലകൊള്ളുന്ന ഇന്ത്യയിൽ ബല പ്രയോഗത്തിലൂടെ ഒരു കരിനിയമം നടപ്പാക്കാൻ കഴിയില്ലെന്നും ഇതിനെതിരായ പ്രക്ഷോഭം വിവിധ രൂപത്തിൽ മുന്നോട്ടു പോകുമെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിറാജിനോടു പറഞ്ഞു.

ബി ജെ പിക്ക് അധികാരമുണ്ടെങ്കിലും ഭൂരിപക്ഷം ഹിന്ദുക്കളുടെ പിന്തുണ നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും 30-35 ശതമാനം വോട്ട് മാത്രമുള്ള ബി ജെ പി ഇന്ത്യൻ ഭരണഘടന മാറ്റി ഹിന്ദു രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മതേതര പാരമ്പര്യമാണ് അതിന് തടസ്സം. അത് തകർക്കാൻ വർഗീയ കലാപങ്ങൾ ആവശ്യമാണെന്ന കണക്കുകൂട്ടലാണ് ഡൽഹിയിൽ നടപ്പാക്കിയത്. ആർ എസ് എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വം ഇവിടെ സാധ്യമല്ല. ബ്രാഹ്്മണിക്കൽ ഹിന്ദുത്വത്തെ ഇവിടുത്തെ ദളിതരും ആദിവാസികളും പിന്നാക്കക്കാരും അംഗീകരിക്കില്ല. വർഗീയ ചേരിതിരിവിലൂടെ ഹിന്ദുക്കളെ ഒറ്റക്കെട്ടായി നിർത്താമെന്നാണ് അവർ കണക്കൂകുട്ടുന്നത്. മതേതര ഐക്യത്തിലൂടെ മാത്രമേ ഇത്തരം നീക്കങ്ങളെ ചെറുത്തുനിൽക്കാൻ കഴിയൂ എന്ന യാഥാർഥ്യമാണ് ഡൽഹി കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest