പുണ്യങ്ങളുടെയും അത്ഭുതങ്ങളുടെയും റജബ്

ഒട്ടനവധി പുണ്യങ്ങൾ കൊണ്ടും നിരവധി അത്ഭുതങ്ങൾകൊണ്ടും ധന്യമാണ് റജബ് മാസം. ആ മാസത്തെക്കുറിച്ച് സമഗ്രമായ പഠനസാധ്യതകൾ നമുക്കുമുമ്പിലുണ്ട്. റജബ് എന്നത് തർജീബ് എന്ന പ്രയോഗത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. മലയാളത്തിലേക്ക് നോക്കുമ്പോൾ വിവക്ഷ സമാദരിക്കൽ, സജ്ജമാകുക എന്നതാണ്. അടുത്ത് വരാനിരിക്കുന്ന ശഅ്ബാൻ മാസത്തിൽ നന്മകൾ വർധിപ്പിക്കാൻ സജ്ജമാകണം എന്ന പ്രവാചകരുടെ വചനമാണ് തെളിവ് ഉദ്ധരിക്കപ്പെടുന്നത്.
Posted on: March 8, 2020 5:34 pm | Last updated: March 8, 2020 at 5:34 pm

വിശുദ്ധമായ റജബ് മാസം! വിശ്വാസി ഹൃദയങ്ങൾ അനുഷ്ഠാനങ്ങളുടെ വിത്തിറക്കുന്ന പുണ്യമാസം. തുടർന്നുള്ള ശഅ്ബാൻ, റമസാൻ തുടങ്ങിയ പുണ്യമാക്കപ്പെട്ട മാസങ്ങളിൽ സ്രഷ്ടാവിലേക്ക് സായൂജ്യമടയാനും ആ പുണ്യദിനരാത്രങ്ങളെ ആരാധനാനിത്യമാക്കാനും സജ്ജമാക്കുന്ന മാസംകൂടിയാണ് റജബ്. ഒട്ടനവധി പുണ്യങ്ങൾ കൊണ്ടും നിരവധി അത്ഭുതങ്ങൾകൊണ്ടും ധന്യമാണ് റജബ് മാസം. ആ മാസത്തെക്കുറിച്ച് സമഗ്രമായ പഠനസാധ്യതകൾ നമുക്കുമുമ്പിലുണ്ട്. റജബ് എന്നത് തർജീബ് എന്ന പ്രയോഗത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. മലയാള ത്തിലേക്ക് നോക്കുമ്പോൾ വിവക്ഷ സമാദരിക്കൽ, സജ്ജവാമുക എന്നതാണ്. അടുത്ത് വരാനിരിക്കുന്ന ശഅ്ബാൻ മാസത്തിൽ നന്മകൾ വർധിപ്പിക്കാൻ സജ്ജമാകണം എന്ന പ്രവാചകരുടെ വചനമാണ് തെളിവ് ഉദ്ധരിക്കപ്പെടുന്നത്.

റജബിന്റെ പേരുകൾ

റജബ് മാസത്തിന് പണ്ഡിതന്മാർ മറ്റുപല പേരുകളും ഉദ്ധരിച്ചിട്ടുണ്ട്.
1. ശഹ്‌റുൽഫർദ്: ഒറ്റപ്പെട്ട മാസം എന്നതാണ് അർഥം. യുദ്ധം നിഷിദ്ധമായ ദുൽഖഅദ്, ദുൽഹിജ്ജ, മുഹറം, റജബ് തുടങ്ങിയ നാല് മാസങ്ങളിൽ ആദ്യ മൂന്നെണ്ണം തുടർച്ചയായ മാസങ്ങളും റജബ് ഒറ്റപ്പെട്ടതുമാണ്. പ്രവാചകരുടെ ഹജ്ജത്തുൽ വിദാഇലെ പ്രസംഗത്തിൽ ഈ വിഷയ സംബന്ധിയായി സൂചിപ്പിച്ചിട്ടുണ്ട്.
2. റജബുൽ മുള്വർ : ഈ പേര് സൂചിപ്പിക്കുന്നത് അറേബ്യയിലെ മുള്വർ ഗോത്രക്കാർ ഈ മാസത്തെ അത്യധികം ആദരിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ്.
3. ശഹ്‌റുൽ മുത്വഹ്ഹിർ : ശുദ്ധികലശത്തിന്റെ മാസം. റജബിൽ അനുഷ്ഠിക്കുന്ന നോമ്പ് പാപങ്ങളിൽ നിന്ന് പരിശുദ്ധി നൽകുന്നതാണ് എന്ന ആശയം ഇതിനെ അടിസ്ഥാനപ്പെടുത്തുന്നു.
4. ശഹ്‌റുല്ലാഹിൽ അസ്വമ്മ് : അല്ലാഹുവിന്റെ ബധിരമാസം എന്നാണ് ഇതിന്റെ അർഥം. യുദ്ധാന്തരീക്ഷം നിത്യമായ അറേബ്യൻ ഭൂമിയിൽ റജബ് ആഗതമായാൽ അന്തരീക്ഷം നിശബ്ദമായിരിക്കും. അക്രമങ്ങളോ, പോർവിളികളോ ഇല്ലതാകും. ഇങ്ങിനെയുള്ള സമാധാന അന്തരീക്ഷത്തേയും, പൂർവ കാലത്ത് സ്രഷ്ടാവ് പല വിഭാഗങ്ങളേയും പല വിധേനെയും ശിക്ഷിച്ചിട്ടുണ്ടെങ്കിലും റജബിൽ അങ്ങിനെയുള്ളൊരു ശിക്ഷ നടപ്പാക്കിയിട്ടില്ല എന്നതിനാൽ അല്ലാഹു ആ മാസത്തിൽ ബധിരത നടിക്കുകയാണെന്ന് അറബികൾ പറഞ്ഞുവരുന്നു.
5. ശഹ്‌റുസ്സ്വാഖിബ് : പ്രഥമ മാസം എന്ന് അർഥം വരുന്നു. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളിൽ ഒന്നാമത് റജബ് തന്നെയാണല്ലോ.
മഹത്വം നബിവചനങ്ങളിൽ
1. നബി (സ) പറഞ്ഞു- റജബ് അല്ലാഹുവിന്റെ മാസമാകുന്നു. ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാകുന്നു. (ഇബ്‌നു അബ്ബാസ് (റ)വിൽ നിന്ന് ഉദ്ധരിച്ചത്.
2. നബി(സ) പറഞ്ഞു- സ്വർഗത്തിൽ ഒരു കൊട്ടാരം ഉണ്ട്. റജബിലെ നോമ്പുകാർക്കല്ലാതെ അതിൽ പ്രവേശിക്കാൻ കഴിയില്ല. (അനസ്ബ്‌നുമാലിക് (റ) ഉദ്ധരിച്ചത്).
3. അനസ്ബ്‌നുമാലിക് (റ)വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു. സ്വർഗത്തിൽ ഒരു പുഴയുണ്ട്. പേര് റജബ്, പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരം നിറഞ്ഞതുമാണ് ആ വെള്ളം. റജബിൽ നിന്ന് നോമ്പ് നോറ്റവന് അല്ലാഹു അതിൽ നിന്ന് വെള്ളം നൽകും.
റജബിലെ നോമ്പിന്റെ മഹത്വം
മഹത്തായ ആരാധനയായ നോമ്പിന് റജബിൽ പ്രത്യേക പുണ്യമുണ്ടെന്ന് ഹദീസുകളിൽ കാണുന്നു.
1. ഉസ്മാനുബ്‌നു ഹകീം പറയുന്നു. ഞാൻ സഈദുബിനു ജുബൈറിനോട് തിരുനബിയുടെ റജബ് നോമ്പിനെപ്പറ്റി ചോദിച്ചു. അവിടുന്ന് പറഞ്ഞു. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞത് റജബ് മാസത്തിൽ നബി (സ) അത്യധികം നോമ്പെടുത്തിരുന്നു എന്നാണ്. നോമ്പ് നോൽക്കാൻ തുടങ്ങിയാൽ ഞങ്ങൾ പറയും ഇനി നബിക്ക് നോമ്പുതന്നെയാവും. നോൽക്കാതിരുന്നാൽ ഇനി തീരെ നോറ്റുകൊള്ളണമെന്നില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. ഇങ്ങിനെയായിരുന്നു നബിയുടെ റജബിലെ നോമ്പിന്റെ രീതി.
2. അബൂഖിലാബയിൽ നിന്ന് : സ്വർഗത്തിൽ ഒരു മണിമന്ദിരമുണ്ട്. അത് റജബിലെ നോമ്പുകാർക്കുള്ളതാണ് (ബൈഹഖി, ഇസ്വ്ബഹാനി)
പ്രധാന പ്രാർഥന

റജബ് ആഗതമായാൽ വിശ്വാസികൾ റമളാനിനെ ചിന്തിച്ചുതുടങ്ങുന്നു. സാമൂഹികമായും മാനസികമായും ഒരുക്കൾ നടക്കുന്നു. അല്ലാഹുവേ നീ ഞങ്ങൾക്ക് റജബിലും ശഅ്ബാനിലും വിശാലത നൽകണേ, റമളാനിനെ എത്തിച്ചുതരണേ എന്ന പ്രാർഥന നബി (സ) റജബ് വന്നണഞ്ഞാൽ നിത്യമാക്കാറുണ്ടെന്ന് അനസ് (റ) പറഞ്ഞ അടിസ്ഥാനത്തിൽ ഈ പ്രാർഥന നടത്തിവരുന്നു.

അത്ഭുതങ്ങൾ

1. ഇസ്‌റാഅ്, മിഅ്‌റാജ് : നബി (സ)യുടെ ജീവിതത്തിലെ വിശുദ്ധവും മഹത്തരവുമായ രാപ്രയാണമാണ് ഇസ്‌റാഅ്, മിഅ്‌റാജ്. തിരുനബിയുടെ വിശിഷ്ഠതയും അസാധാരണത്വവും മനുഷ്യലോകത്തിന് ബോധ്യപ്പെടുത്തുന്നതിനും അദൃശ്യലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും ഈ രാപ്രയാണം പ്രധാന പങ്കുവഹിച്ചു. രാപ്രയാണത്തെ ഖുർആൻ സൂചിപ്പിക്കുന്നത് നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിക്കുവാൻ ഉദ്ദേശിച്ച് മസ്ജിദുൽ ഹറാമിൽ നിന്ന് പുണ്യങ്ങൾ ആവരണം ചെയ്തുകിടക്കുന്ന മസ്ജിദുൽ അഖ്‌സായിലേക്ക് തന്റെ ദാസന് നിശയിൽ യാത്രയൊരുക്കിയവൻ എത്ര പരിശുദ്ധൻ (സൂറത്ത് ഇസ്‌റാഅ്-1). ഈ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നത് നിശാപ്രയാണം അദൃശ്യലോകങ്ങളും രഹസ്യങ്ങളും നബി (സ)യെ ദർശിപ്പിക്കാനായിരുന്നു എന്നാണ്. ഇസ്‌ലാമിക ചരിത്രലോകത്തുതന്നെ വളരെ പ്രസിദ്ധവും പ്രമാണബദ്ധവുമാണ് ഈ രാപ്രയാണം. അഞ്ച് വഖ്ത് നിസ്‌കാരം നിർബന്ധമാക്കപ്പെട്ട ചരിത്രവും ഇതിനോടൊപ്പം ചേർത്തുവായിക്കാം.

2. പാൽ തിരഞ്ഞെടുത്തു: അഖ്‌സായിലേക്കുള്ള പ്രവാചകരുടെ യാത്രാമദ്ധ്യേ ഉണ്ടായ അനുഭവങ്ങളിൽ പ്രധാനമായതിനെ ഇമാം ബുഖാരി ഉദ്ദരിക്കുന്നു. ഈലിയാഅ് എന്ന സ്ഥലത്ത് എത്തിയപ്പോൾ രണ്ട് പാത്രങ്ങൾ കൊണ്ടുവരപ്പെട്ടു. ഒന്നിൽ മദ്യവും മറ്റൊന്നിൽ പാലുമായിരുന്നു. നബി(സ) പരിശോധിച്ചശേഷം പാലിന്റെ പാത്രം തിരഞ്ഞെടുത്തു. സഹചാരിയായ ജിബ്‌രീൽ പറഞ്ഞു. മനുഷ്യപ്രകൃതിക്ക് ഇണങ്ങിയത് തിരഞ്ഞെടുക്കാൻ വഴികാണിച്ചുതന്നവന് സ്തുതി. നബിയെ അവിടെയെങ്ങാനും മദ്യത്തിന്റെ പാത്രം എടുത്തിരുന്നെങ്കിൽ സമുദായം സർവം വഴി തെറ്റിയേനെ. (ബുഖാരി 1/684) മദ്യം അക്രമങ്ങൾക്ക് ഹേതുവാകുന്ന പുതിയ കാലത്ത് ചിന്തനീയമാണ് ഈ ചരിത്രം.

3. ഖബ്‌റിൽ നിസ്‌കാരം : ഇമാം മുസ്‌ലിമും മറ്റും നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. ഇസ്‌റാഇന്റെ രാവിൽ മൂസാ നബിയുടെ ഖബറിന്റെ അരികിലൂടെ നടക്കാൻ എനിക്ക് അവസരമുണ്ടായി. അപ്പോൾ മഹാൻ ഖബറിൽ നിസ്‌കരിക്കുയായിരുന്നു. മഹാന്മാമാർ മരണാനന്തരവും ശാരീരികനാശം ഇല്ലാതെ നിലനിൽക്കുന്നതിന്റെ തെളിവ് ഇവിടെ പ്രകടമാണ്.

മിഅ്‌റാജ് വ്രതം

റജബ് 27ന് ആരെങ്കിലും നോമ്പെടുക്കുകയും ദാനധർമം നൽകുകയും ചെയ്താൽ ആയിരം നന്മയും രണ്ടായിരം അടിമകളെ മോചിപ്പിച്ച ഫലവും കരസ്ഥമാക്കാം (അൽജാമിഉശ്ശാഫി). ഈ ദിനം പ്രാർഥനകൾകൊണ്ട് സജീവമാക്കുന്നതിന് അത്ഭുതകരമായ പ്രതിഫലങ്ങൾ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. പുണ്യകർമങ്ങൾ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും ദുഷ്പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. അങ്ങിനെയുള്ളവർക്ക് നിരവധി പ്രതിഫലങ്ങളാണ് കാത്തിരിക്കുന്നത്.

റജബിലെ അനുസ്മരണ ദിനങ്ങൾ

വിശുദ്ധമായ റജബ് മാസം പുണ്യങ്ങൾകൊണ്ട് സമൃദ്ധവും അത്ഭുതങ്ങൾകൊണ്ട് ധന്യവുമാണെന്ന് മേൽ സൂചിപ്പിച്ചു. എന്നിരിക്കെ നിരവധി മഹത്തുക്കളുടെ സ്മരണീയ ദിനങ്ങളും റജബിലാണ്. മദ്ഹബിന്റെ ഇമാമുകളിൽ പ്രധാനിയായ ഇമാം ശാഫിഈ (റ) വിടപറഞ്ഞത് ഹിജ്‌റ 204 റജബ് 29-നാണ്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം നവവി (റ) വിയോഗം വരിച്ചത് ഹിജ്‌റ 679-ൽ റജബ് 24 ബുധനാഴ്ചയായിരുന്നു. ശാഫിഈ മദ്ഹബിലെ തന്നെ പ്രധാന പണ്ഡിതനായ ഇബ്‌നു ഹജറുൽ ഹൈത്തമി (റ) ഹിജ്‌റ 974-ൽ റജബ് 21ന് ഇഹലോകവാസം വെടിഞ്ഞു. ഹിജ്‌റ 13 നാണ് എന്നും അഭിപ്രായമുണ്ട്. മദ്ഹബിന്റെ ഇമാമായ അബൂഹനീ (റ) ഹിജ്‌റ 150 റജബിലാണ് വഫാത്തായത്. ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും സൂഫിയുമായ ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)യുടെ ആണ്ട് ദിനം റജബ് ആറിനാണ്. പ്രമുഖ പണ്ഡിതരായ അബു ഈസാ തുർമുദി (ഹിജ്‌റ 275 റജബ് 13), ഹസനുൽ ബസ്വരി (ഹിജ്‌റ 110, റജബ് 1) യുസൂഫ്ബ്ൻ മുഹമ്മദു സ്സാകിയുടെ വിയോഗം (ഹിജ്‌റ 626 റജബ്) ഉമറുബ്ൻ സുഹ്‌റവർദി (ഹിജ്‌റ 539 റജബ്), നബി (സ)യുടെ പിതൃവ്യൻ അബ്ദുൽ മുത്വലിബ് (റ) വഫാത്ത് (ഹിജ്‌റ 32/34 റജബ്12) തുടങ്ങിയ നിരവധി മഹത്തുക്കൾ ഇഹലോകവാസം വെടിഞ്ഞ മാസംകൂടിയാണ് വിശുദ്ധ റജബ്.

അഫ്‌സൽ പാലത്തറഗേറ്റ്
[email protected]