Connect with us

Kerala

കോഴിക്കോട് നഗരത്തില്‍ കോഴി വില്‍പ്പനക്ക് വിലക്ക്

Published

|

Last Updated

കോഴിക്കോട് |  പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കോഴി വില്‍പ്പനക്ക് വിലക്ക്. നഗരത്തിലെ മുഴുവന്‍ കോഴി ഫാമുകളും കോഴി, കോഴി മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അലങ്കാര പക്ഷികളെ വില്‍ക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം. ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ നഗരത്തില്‍ കോഴി വില്‍പ്പന നടത്തരുതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ആയിരത്തോളം കോഴികള്‍ ഇവിടെ ചത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ കണ്ണൂര്‍ റീജിയണല്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗം ഉറപ്പിച്ചത്. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ വീണ്ടും പരിശോധന നടത്തി രോഗം പക്ഷിപ്പനിയെന്ന് ഉറപ്പിച്ചു.

രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ന്ന് നടപടികള്‍ക്ക് രൂപം നല്‍കി. രോഗം വ്യാപിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊല്ലാനാണ് തീരുമാനം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

 

Latest