Connect with us

Kerala

മിന്നല്‍ പണിമുടക്ക്: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മിന്നല്‍ പണിമുടക്കില്‍ ഗതാഗത തടസം സൃഷ്ടിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് 21 പേരുടെ പട്ടിക ആര്‍ ടി ഒ കൈമാറിയെന്നും മന്ത്രി പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കും .സംഭവത്തില്‍ കണ്ടക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകും.

മിന്നല്‍ പണിമുടക്ക് സര്‍ക്കാറിന്റെ നയമല്ലെന്ന് മാത്രമല്ല ഇന്നത്തെ നിലയില്‍ ശരിയായ ഒരു സമരരീതിയല്ലെന്നും മന്ത്രി പറഞ്ഞു. പണിമുടക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്.എന്നാല്‍ ബസ് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഏല്‍പ്പിച്ച ശേഷമാകണമായിരുന്നു സമരം നടത്താന്‍. സമരം സ്തംഭനം പോലെ ആയതിനാലാണ് ജനങ്ങള്‍ക്ക് യാത്രാ ദുരിതമുണ്ടായത്. അതിന്റെ ഫലമായി ദൗര്‍ഭാഗ്യവശാല്‍ ഒരു മരണവും ഉണ്ടായി. ഈ സാഹചര്യത്തിന്റെ ഗൗരവമുള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. അതേ സമയ പണിമുടക്കിയ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്താല്‍ വീണ്ടും സമരം നടത്തുമെന്ന് തൊഴിലാളി യൂനിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest