Connect with us

Kerala

'സൗഹൃദം സാധ്യമാണ്': ഉമറാ സമ്മേളനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് ഉമറാ സമ്മേളനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. സൗഹൃദം സാധ്യമാണ് എന്ന പ്രമേയത്തെ ആസ്പദമാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും നടക്കുന്ന സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാതലത്തില്‍ മുസ്‌ലിം സമുദായത്തിലെ നേതാക്കള്‍ക്ക് പ്രത്യേകിച്ച് പ്രാദേശിക മഹല്ല് തലത്തില്‍ നേതൃത്വം കൊടുക്കുന്ന പൗരപ്രമുഖര്‍ക്ക് ദിശാബോധം നല്‍കുന്നതിനാണ് ഉമറാസമ്മേളനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരസമൂഹത്തില്‍ ഇസ്‌ലാമിക ജീവിതം നയിച്ചു കൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ അയ്യായിരം നാട്ടുവിചാര സഭകളും സര്‍ക്കിള്‍ തലത്തില്‍ ആയിരം സേവ് ഇന്ത്യ കോണ്‍ഫറന്‍സുകളും സോണ്‍ തലത്തില്‍ 118 ടേബിള്‍ ടോക്കുകളും പതിനായിരം സ്ഥാപനങ്ങളില്‍ സ്റ്റുഡന്‍സ് അസംബ്ലികളും സംഘടിപ്പിച്ചു വരുന്നു. ശനിയാഴ്ച കൊല്ലം കണ്ണനല്ലൂരില്‍ ആരംഭിക്കുന്ന ജില്ലാ ഉമറാ സമ്മേളനങ്ങള്‍ മാര്‍ച്ച് 29ന് കോട്ടയം ഈരാറ്റുപേട്ടയില്‍ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും.

കോഴിക്കോട്, വയനാട് ജില്ലാ ഉമറാസമ്മേളനങ്ങള്‍ 8ന് ഞായറാഴ്ച യഥാക്രമം കൈതപ്പൊയിലിലും കമ്പളക്കാട്ടുമായി നടക്കും. 10ന് തിരുവനന്തപുരം വള്ളക്കടവിലും 14ന് മലപ്പുറം, പാലക്കാട് സമ്മേളനങ്ങള്‍ യഥാക്രമം മലപ്പുറത്തും ആമയൂരുമായും നടക്കും. 15ന് ആലപ്പുഴ, 19ന് നീലഗിരി പാടന്തറ, 21ന് എറണാകുളം കളമശ്ശേരി, തൃശൂര്‍ വടക്കേക്കാട് എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍. 22ന് ഇടുക്കി തൊടുപുഴയിലും പത്തനംതിട്ടയിലുമായി ഉമറാസമ്മേളനങ്ങള്‍ക്ക് വേദിയൊരുങ്ങും. 24നാണ് കാസര്‍കോട് ചെര്‍ക്കളയിലേയും കണ്ണൂരിലേയും സമ്മേളനങ്ങള്‍.

വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല പങ്കെടുത്തു.

Latest