Connect with us

Kerala

മിന്നല്‍ പണിമുടക്ക്: നിയമസഭയില്‍ കടുത്ത വാക്‌പോര്; മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഇല്ലാത്തതില്‍ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം| തലസ്ഥാനത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാനും ഒരു യാത്രക്കാരന്‍ മരിക്കാനുമിടയാക്കി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ ചൊല്ലി നിയമസഭയില്‍ കടുത്ത വാദപ്രതിവാദം. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സഭയിലില്ലാതിരുന്നത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി. യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ പണിമുടക്കിനെതിരെ സര്‍ക്കാര്‍ തത്സമയം നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സമരമുണ്ടായപ്പോള്‍ തന്നെ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മറുപടി പറയാന്‍ ഹാജരാവാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സന്റ് എം എല്‍ എ പറഞ്ഞു. അടിയന്തര പ്രമേയത്തിനു മറുപടി പറയാന്‍ ഗതാഗത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. വിഷയത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി എടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു. ഇത്തരം സമരങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയറായ എം വിന്‍സന്റ് എം എല്‍ എയെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ ഏല്‍പ്പിച്ചത് പ്രതിപക്ഷം വിഷയത്തെ ഗൗരവമായല്ല കാണുന്നതെന്നതിന് തെളിവാണെന്ന കടകംപള്ളിയുടെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സമരത്തിന് നേതൃത്വം നല്‍കിയ എ ടി ഒ ലോപ്പസ് കോണ്‍ഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്‍ സി പി എമ്മു കാരനാണെന്നും കടകംപള്ളി പറഞ്ഞതോടെ പ്രതിഷേധം നിയന്ത്രണാതീതമായി.

അടിയന്തര സാഹചര്യത്തിലും മുഖ്യമന്ത്രിയോ ഗതാഗത മന്ത്രിയോ സഭയിലില്ലാത്തത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറുപടി പറയാന്‍ മുഖ്യമന്ത്രി തന്നെ വേണ്ടെന്നും അദ്ദേഹം നിയോഗിച്ച മന്ത്രി മതിയെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയുടെത് കൂട്ടുത്തരവാദിത്തം ആണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എം വിന്‍സന്റിനെ മന്ത്രി കടകംപള്ളി തരം താഴ്ത്തി സംസാരിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. വിന്‍സന്റിനെക്കാള്‍ സീനിയര്‍ നേതാവായ വി എസ് ശിവകുമാര്‍ എവിടെയെന്നായിരുന്നു മന്ത്രി കടകംപ്പള്ളിയുടെ ചോദ്യം. എല്ലാ അംഗങ്ങള്‍ക്കും ഒരേ അധികാരം ആണെന്നും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ രേഖയില്‍ ഉണ്ടാകില്ലെന്നും പറഞ്ഞ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

അതിനിടെ, കെ എസ് ആര്‍ ടി സി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണത്തിനു വിധേയമാക്കണമെന്നും അറസ്റ്റ് നടന്ന 9.30 നും സമരം തുടങ്ങിയ 11.30 നും ഇടക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഉത്തരവാദികള്‍ പോലീസ് ആണെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം. കെ എസ് ആര്‍ ടി സി ജീവനക്കാരെ പിന്തുണച്ചു സംസാരിച്ച കാനം നഗരത്തില്‍ ഗതാഗതക്കുരുക്കിന് കാരണമായത് കെ എസ് ആര്‍ ടി സി ബസുകള്‍ പാര്‍ക്ക് ചെയ്തതല്ലെന്ന് പറഞ്ഞു. ബസുകള്‍ എവിടെയെങ്കിലും നിര്‍ത്തിയിടണമല്ലോ എന്നും ജീവനക്കാര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

Latest