കൊറോണ: ലോകം വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്; ആഗോള കയറ്റുമതിയില്‍ 50 ബില്യണ്‍ ഡോളറിന്റെ ഇടിവ്

Posted on: March 5, 2020 12:03 pm | Last updated: March 5, 2020 at 4:32 pm

ന്യയോര്‍ക്ക് | കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ വന്‍ സാമ്പത്തിക തകര്‍ച്ചയുടെ സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍. കൊറോണ ഏറ്റവും കൂടുതല്‍ അപകടം വിതച്ച ഫെബ്രുവരിയില്‍ മാത്രം ആഗോള കയറ്റുമതിയില്‍ 50 ബില്യന്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചൈന മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍ സൂചിക (പിഎംഐ)യില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയായി ഐക്യരാഷ്ട്ര സഭയുടെ വ്യാപാരവും വികസനവും സംബന്ധിച്ച സമിതി (യുഎന്‍സിടിഡി)യുടെ അന്താരാഷ്ട്ര വ്യാപാര, ചരക്ക് ഡിവിഷന്‍ തലവനായ പമേല കോക്ക്ഹാമില്‍ട്ടണ്‍ പറഞ്ഞു. ചൈനീസ് സൂചിക 20 പോയിന്റ് ഇടിഞ്ഞ് 37.5 രേഖപ്പെടുത്തി. 2004 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് കയറ്റുമതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മൊത്തത്തിലുള്ള കയറ്റുമതിയില്‍ രണ്ട് ശതമാനം ഇടിവുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിനിഷ്ഡ് പ്രൊഡക്റ്റുകളുടെ പ്രധാന വിതരണക്കാരാണ് ചൈന. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ മുതല്‍ ഡിജിറ്റല്‍ ക്യാമറകളുടെയും കാറുകളുടെയും പാര്‍ട്‌സുകള്‍ വരെ എണ്ണമറ്റ ഉത്പന്നങ്ങള്‍ ചൈന കയറ്റുമതി ചെയ്യുന്നുണ്ട്. കൊറോണേ ഭീതി തുടരുന്നതിനാല്‍ ഇത്തരം ഉത്പന്നങ്ങളുടെ വിതരണത്തില്‍ ദീര്‍ഘകാലത്തേക്ക് തടസ്സം നേരിടുമെന്ന് കമ്പനികള്‍ ഭയപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് തങ്ങളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനികള്‍ കരുതുന്നത്.

വൈറസ് വ്യാപിക്കുന്നത് തുടരുകയും നിയന്ത്രണാതീതമാവുകയും ചെയ്താല്‍, ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലും അമേരിക്കയിലും ലോകത്തെല്ലായിടത്തും വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് അത് കാരണമൊകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആത്യന്തികമായി, ഈ വൈറസിന്റെ സാമ്പത്തിക ആഘാതം വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങള്‍ പ്രയോഗിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.