Connect with us

Kerala

മിന്നല്‍ പണിമുടക്ക്; കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തിയതില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രിക്ക് നിര്‍ദേശം നല്‍കി. റോഡ് തടസ്സപ്പെടുത്തിയത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരത്തിലെ ഗതാഗതം നിശ്ചലമാക്കിയാണ് കെ എസ് ആര്‍ ടി സി അഞ്ചു മണിക്കൂര്‍ നീണ്ട മിന്നല്‍ പണിമുടക്ക് നടത്തിയത്. സ്വകാര്യ ബസുമായുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട സിറ്റി ഡി ടി ഒ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. പിന്നീട് അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

കെ എസ് ആര്‍ ടി സി ബസുകള്‍ റോഡിന്റെ പല ഭാഗങ്ങളിലായി നിര്‍ത്തിയിട്ടതിനാല്‍ നഗരം മുഴുവന്‍ ഗതാഗതക്കുരുക്കിലായി. ഇത് യാത്രക്കാരെ വലച്ചു. അതിനിടെ, പണിമുടക്കിനെ തുടര്‍ന്ന് ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കെകോട്ട ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (66) ആണ് മരിച്ചത്.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് റൂട്ട് മാറി ഓടിയതാണ് പ്രശ്നത്തിന് തുടക്കം. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സര്‍വീസ് നടത്തിയ സ്വകാര്യ ബസ് കെ എസ് ആര്‍ ടി സി എ ടി ഒ തടയുകയായിരുന്നു. സ്വകാര്യ ബസിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെഎ ടി ഒ മര്‍ദിച്ചതായും പരാതി ഉയര്‍ന്നു. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പോലീസ് എ ടി ഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്, കെ എസ് ആര്‍ ടി സി മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു.

Latest