മുല്ല പറഞ്ഞു; ട്രംപ് അനുസരിച്ചു

അഫ്ഗാൻ സർക്കാറിനെ നോക്കുകുത്തിയാക്കി താലിബാനും അമേരിക്കയും തമ്മിൽ നീക്കുപോക്കുണ്ടാക്കുന്നുവെന്നതാണ് സത്യം. ഈ നിലയിലേക്ക് വളയാൻ ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല, താലിബാന്റെ സ്വാധീനമാണ്.
Posted on: March 4, 2020 2:48 pm | Last updated: March 4, 2020 at 4:47 pm

ദോഹയിൽ താലിബാനുമായി അമേരിക്ക ഒപ്പുവെച്ച കരാർ ചാപിള്ളയാണെന്ന് ദിവസങ്ങൾക്കകം തന്നെ വ്യക്തമായിരിക്കുന്നു. അഫ്ഗാൻ സർക്കാറിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് താലിബാൻ വ്യക്തമാക്കി കഴിഞ്ഞു. തടവറയിലുള്ള അയ്യായിരത്തോളം താലിബാൻ തീവ്രവാദികളെ മോചിപ്പിക്കാൻ തയ്യാറല്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അശ്‌റഫ് ഗനിയും തിരിച്ചടിച്ചു. രണ്ട് കൂട്ടർക്കുമുണ്ട് അവരവരുടേതായ വ്യാഖ്യാനങ്ങൾ. അമേരിക്കൻ സൈന്യത്തെയും താത്പര്യങ്ങളെയും ആക്രമിക്കില്ലെന്നേ പറഞ്ഞിട്ടുള്ളൂവെന്നാണ് താലിബാന്റെ വ്യാഖ്യാനം. കരാർ ഒപ്പുവെച്ചത് അമേരിക്കയുമായാണ്, അതിലെ വ്യവസ്ഥകൾ പാലിക്കാൻ അഫ്ഗാൻ സർക്കാറിന് ബാധ്യതയില്ലെന്ന് അശ്‌റഫ് ഗനിയും പറയുന്നു. ഡൊണാൾഡ് ട്രംപ് ആഗ്രഹിച്ചിടത്ത് തന്നെ കാര്യങ്ങൾ എത്തിച്ചേരുന്നുവെന്ന് ചുരുക്കം.

തന്റെ രണ്ടാമൂഴമുറപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത വെല്ലുവിളിയാണ് ട്രംപ് നേരിടുന്നത്. അത്രക്കും മോശമായ പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. ഈ പ്രതിച്ഛായാ നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് ദോഹ കരാർ. അഫ്ഗാനിസ്ഥാൻ മണ്ണിൽ സമാധാനം വേര് പിടിക്കണമെന്നോ അവിടെയൊരു ശക്തമായ സർക്കാർ വരണമെന്നോ തീവ്രവാദികളും സിവിലിയൻ നേതൃത്വവും തമ്മിൽ സ്ഥായിയായ വിട്ടുവീഴ്ച സാധ്യമാകണമെന്നോ ട്രംപ് ആഗ്രഹിക്കുന്നില്ല. തങ്ങൾക്ക് മൂക്കുകയറിട്ട് നിർത്താവുന്ന അഫ്ഗാനെയാണ് അമേരിക്കക്ക് വേണ്ടത്. ഇറാനുമായി യുദ്ധമുണ്ടായാലും ചൈനയുമായുള്ള ബന്ധം വഷളായാലും റഷ്യയുമായി ഏറ്റുമുട്ടേണ്ടി വന്നാലും കാലൂന്നി നിന്ന് ആയുധങ്ങൾ പ്രയോഗിക്കാവുന്ന ഏറ്റവും തന്ത്രപരമായ ഇടമാണ് അഫ്ഗാൻ. അവിടെ സമാധാനത്തിന്റെ പുല്ല് മുളക്കരുത്. ഒളിയാക്രമണത്തിന് സന്നദ്ധരായി അലയുന്ന ആയുധധാരികളെ കൊണ്ട് നിറഞ്ഞ പാഴ്ഭൂമിയായി അഫ്ഗാൻ നിലനിൽക്കണം. 9/11ന്റെ പ്രതികാരം നിതാന്തം നിർവഹിക്കപ്പെടണം.

2018ൽ തുടങ്ങുകയും 2019 സെംപ്തംബറിൽ യു എസ് സൈനികനെ താലിബാൻ തീവ്രവാദികൾ വധിച്ചതോടെ ട്രംപ് നിർത്തിവെക്കുകയും ചെയ്ത ചർച്ചയാണ് ദോഹയിലെ ഷറാട്ടൻ ഹോട്ടലിൽ ഇപ്പോൾ സാധ്യമായിരിക്കുന്നത്. യു എസ് പ്രത്യേക സ്ഥാനപതി സൽമേ ഖാലിസാദും താലിബാൻ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുൽ ഗനി ബറാദറുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു പക്ഷത്തിനും പരുക്കില്ലാത്ത, ഇരു പക്ഷത്തിനും സ്വന്തം ഭാഗം ന്യായീകരിക്കാവുന്ന വ്യവസ്ഥകളാണ് ഈ കരാറിന്റെ സവിശേഷത. അടിയന്തരമായി എന്ത് നടക്കും എന്നതല്ല ഭാവിയിൽ എന്ത് നേടണം എന്നതാണ് ഈ രേഖയിലുള്ളത്. സമ്പൂർണ വെടി നിർത്തലിലേക്ക് നീങ്ങാൻ താലിബാൻ തയ്യാറാകണം. പകരം രാജ്യത്തെ യു എസ് സൈന്യവും നാറ്റോ സൈന്യവും പൂർണമായി പിൻവാങ്ങും. അഫ്ഗാൻ സർക്കാറുമായും മറ്റ് രാഷ്ട്രീയ സംഘടനകളുമായും താലിബാൻ ചർച്ചകൾക്ക് തയ്യാറാകും. ദീർഘകാല ഫലപ്രാപ്തിയുള്ള സമാധാന നീക്കങ്ങൾക്ക് തുടക്കം കുറിക്കും. ഏഴ് ദിവസം റിഡക്‍ഷൻ ഇൻ വയലൻസ് (ആർ ഐ വി) പ്രഖ്യാപിച്ചാണ് താലിബാനുമായി സംസാരം പുനരാരംഭിക്കാനുള്ള ന്യായീകരണം അമേരിക്ക ഉണ്ടാക്കിയെടുത്തത്. കഴിഞ്ഞ ഏതാനും വർഷമായി ക്രൂരമായ മനുഷ്യക്കുരുതികൾക്കാണ് അഫ്ഗാൻ സാക്ഷിയായത്. താലിബാൻ മാത്രമല്ല അൽഖാഇദയും ഇസിലും മറ്റനേകം സായുധ ഗ്രൂപ്പുകളും അഫ്ഗാൻ ജനതക്ക് മേൽ മരണം വിതച്ചു. അശ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സർക്കാറിന് രാജ്യത്തിന്റെ മൂന്നിൽ ഒന്നിൽ പോലും നിയന്ത്രണം ഉണ്ടായിരുന്നില്ല. അമേരിക്കൻ- നാറ്റോ സൈന്യവും അഫ്ഗാൻ സൈന്യയും നിസ്സഹായാവസ്ഥയിലായിരുന്നു.

ശവപ്പെട്ടി രാഷ്ട്രീയം

സെൈപ്തംബറിൽ ചർച്ചാ മേശ തട്ടിമറിച്ചിട്ട് പിണങ്ങിപ്പോയ ട്രംപ് നവംബറിൽ തന്നെ അഫ്ഗാനിൽ മിന്നൽ സന്ദർശനം നടത്തി. സ്ഥിതിഗതികളിൽ ഒരു മാറ്റവും ഇല്ലാതിരുന്നിട്ടും അദ്ദേഹം പുതിയ ചർച്ചക്ക് വഴങ്ങി. എന്തുകൊണ്ട്? വിദേശത്തുള്ള അമേരിക്കൻ സൈനികരെ നാട്ടിലെത്തിക്കുമെന്നത് ട്രംപിന്റെ വാഗ്ദാനമായിരുന്നു. ഒബാമയുടെ കാലത്തേ യു എസ് രാഷ്ട്രീയ മണ്ഡലത്തിലെ പ്രധാന ചർച്ചയായിരുന്നു വിദേശത്ത് നിന്ന് എത്തുന്ന ശവപ്പെട്ടികൾ. പൂക്കൾക്കിടയിൽ മരവിച്ച് കിടക്കുന്ന സൈനികന്റെ നിശ്ചല ശരീരം നിറച്ച ശവപ്പെട്ടികൾ. അമേരിക്കൻ ഭരണാധികാരികൾ എവിടെയൊക്കെ അധിനിവേശം നടത്തിയോ അവിടെയെല്ലാം ശക്തമായ പ്രതിരോധമുണ്ടായിട്ടുണ്ട്. അഫ്ഗാനിൽ തന്നെ രണ്ടായിരത്തിലേറെ പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ലോക മേധാവിത്വമെന്ന വ്യാജ ആനന്ദം മറയ്ക്കാവുന്നതല്ല ഈ ശവപ്പെട്ടികൾ അമേരിക്കൻ ജനതയിലുണ്ടാക്കുന്ന വേദനയെന്ന് വ്യക്തമായപ്പോഴാണ് യുദ്ധ വെറിയുടെ ആൾരൂപമായ ട്രംപ് പോലും മാറിച്ചിന്തിച്ചു തുടങ്ങിയത്. അഫ്ഗാൻ പിൻമാറ്റത്തിന് ബരാക് ഒബാമ തന്നെ അസ്തിവാരമിട്ടത് ട്രംപിന് കാര്യങ്ങൾ എളുപ്പമാക്കി. അഫ്ഗാനിലെ സിവിലിയൻ നേതൃത്വം- അശ്‌റഫ് ഗനിയും അബ്ദുല്ലാ അബ്ദുല്ലയും- വടം വലി തുടരുന്നതിനാൽ ആ തടസ്സവും നീങ്ങിക്കിട്ടി. പിന്നെ ഇന്ത്യയിൽ നിന്നുള്ള എതിർപ്പാണ് യു എസിന് അലേസരമുണ്ടാക്കേണ്ടിയിരുന്നത്. ഈയിടെ ഡൽഹിയിൽ വന്ന് ട്രംപ് അതും പരിഹരിച്ചു. ട്രംപിന്റെ വോട്ട് ബേങ്കായ വൈറ്റ് സുപ്രമാസിസ്റ്റുക (വെള്ള മേധാവിത്വവാദികൾ)ളുടെ അതൃപ്തി ഒഴിവാക്കുകയെന്ന ഒരൊറ്റ ടാസ്‌ക് മാത്രമാണ് പിന്നെ മുമ്പിലുണ്ടായിരുന്നത്. കരാറിലെ വ്യവസ്ഥകളിൽ പിടിച്ചാണ് ട്രംപ് ആ കടമ്പ മറികടന്നത്.

പിൻമാറുന്നില്ല

ഏതാനും ആഴ്ചകൾക്കുള്ളിൽ യു എസ് സൈനികരുടെ എണ്ണം 13,000ത്തിൽ നിന്ന് 8,600 ലേക്ക് കുറക്കുമെന്നാണ് മൈക് പോംപിയോ വ്യക്തമാക്കിയിട്ടുള്ളത്. ബാക്കിയുള്ള യു എസ് സൈനികരും നാറ്റോ അംഗരാജ്യങ്ങളുടെ സൈനികരും പിൻവാങ്ങുന്നത് നിബന്ധനകൾക്ക് വിധേയമായി മാത്രമായിരിക്കും. അക്രമത്തിന്റെ പാത താലിബാൻ എത്രമാത്രം ഉപേക്ഷിക്കുന്നു, അഫ്ഗാൻ സർക്കാർ എത്രമാത്രം ഐക്യത്തോടെ മുന്നോട്ട് പോകും, അഫ്ഗാന്റെ പൊതു സുരക്ഷാ നിലവാരം എത്രമാത്രം ശക്തിമത്താണ് എന്നൊക്കെ നോക്കിയാകും അമേരിക്കയുടെ പിൻവാങ്ങൽ. ഈ പിൻമാറ്റം പൂർണമായാലും ഇന്റലിജൻസ് സംവിധാനം തുടരും. എന്നുവെച്ചാൽ യു എസിന്റെ പിൻമാറ്റം അത്ര വേഗത്തിലോ സമ്പൂർണമോ ആയിരിക്കില്ല. അഫ്ഗാൻ സർക്കാറിനെ നോക്കുകുത്തിയാക്കി താലിബാനും അമേരിക്കയും തമ്മിൽ നീക്കുപോക്കുണ്ടാക്കുന്നുവെന്നതാണ് സത്യം. ഈ നിലയിലേക്ക് വളയാൻ ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല, താലിബാന്റെ സ്വാധീനമാണ്.
അഫ്ഗാനിലെ നാറ്റോ സേനയിലെ മുഖ്യ പങ്കുകാരായ കാനഡയുടെ അന്നത്തെ സൈന്യാധിപൻ ജനറൽ റിക്ക് ഹില്ലിയറുടെ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ്. 2005ൽ പത്രക്കാർ അദ്ദേഹത്തോട് ചോദിച്ചു: സാർ, നിങ്ങൾ വകവരുത്തുന്നവരിൽ നല്ലൊരു ശതമാനം കർഷകരും സിവിലിയൻമാരുമാണല്ലോ? അദ്ദേഹം മറുപടി പറഞ്ഞു: “ശരിയാണ് അവർ പകൽ കർഷകരാണ്. രാത്രി താലിബാനുമാണ്. വല്ലാത്തൊരു പ്രതിസന്ധിയാണ് ഇത്’. പശ്തൂൺ ജനവിഭാഗത്തിലാണ് താലിബാന് നല്ല സ്വാധീനം ഉണ്ടായിരുന്നത്. അധിനിവേശവും ആക്രമണവും ഈ സ്വാധീനവും അനുഭാവവും വർധിപ്പിച്ചിട്ടേയുള്ളൂ. ജനപിന്തുണയുടെ ഈ ആത്മവിശ്വാസം താലിബാന് കൂടുതൽ ആക്രമണങ്ങൾക്ക് ശക്തി പകരുന്നു. അവർ അൽഖാഇദയുമായുള്ള ബന്ധം തുടരുന്നു. അഫ്ഗാന്റെ സുരക്ഷാ സംവിധാനം തകർത്തെറിയാൻ അവർക്ക് സാധിക്കുന്നു. പാക് താലിബാനുമായുള്ള ബന്ധം അപകടകരമായ നിലയിലാണ്. പ്രതിരോധത്തിൽ നിന്ന് മാരകമായ ആക്രമണങ്ങളിലേക്ക് വളരാൻ ഇത് അവർക്ക് പ്രാപ്തി നൽകുന്നു.

അമേരിക്കൻ അധിനിവേശം എന്താണോ ലക്ഷ്യമിട്ടത് അതിന് നേരെ വിപരീതത്തിലാണ് ഇന്ന് അഫ്ഗാൻ എത്തി നിൽക്കുന്നത്. വെറും 25 ശതമാനം പ്രദേശത്ത് മാത്രം നിയന്ത്രണമുള്ള, തമ്മിൽ തല്ലുന്ന സിവിലിയൻ നേതൃത്വമാണ് ഇന്ന് അവിടെയുള്ളത്. പട്ടിണിയും തൊഴിലില്ലായ്മയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുമാണ് ആ രാജ്യത്തിന്റെ ശേഷിപ്പ്. ഞങ്ങളാണ് അഫ്ഗാൻ ഭരിക്കുന്നതെന്ന് തോക്കു ചൂണ്ടി പറയാനുള്ള ശേഷി താലിബാനുണ്ട്. അവർക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ട്. ദോഹയിൽ 2014ൽ താലിബാൻ ഓഫീസ് തുറന്നപ്പോൾ പേരിട്ടത് ഓഫീസ് ഓഫ് ഇസ്‌ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്ഥാൻ എന്നായിരുന്നു. അഫ്ഗാൻ എന്ന രാഷ്ട്രത്തിന്റെ എംബസിയെന്ന പ്രതീതിയാണ് ഈ പേര് സൃഷ്ടിക്കുന്നത്. ഇത് താലിബാൻ നേതൃത്വം ബോധപൂർവം നൽകിയത് തന്നെയാണ്. തങ്ങൾ അധികാരഭ്രഷ്ടരാക്കപ്പെട്ടതിനെ അഫ്ഗാൻ ജനത അംഗീകരിച്ചിട്ടില്ലെന്നതാണ് താലിബാന്റെ വാദം.

താലിബാനുമായി നേരിട്ട് ചർച്ച നടത്തുക വഴി അമേരിക്ക ഈ വാദം ഒരിക്കൽ കൂടി ശരിവെച്ചിരിക്കുന്നു. എന്തിനായിരുന്നു അഫ്ഗാൻ അധിനിവേശമെന്ന് ഇപ്പോഴെങ്കിലും അമേരിക്കയും കൂട്ടാളികളും പറയണം. ഇറാഖിനെ ചൊല്ലി ടോണി ബ്ലെയറുടെ കുമ്പസാരം ഇപ്പോഴും നിലച്ചിട്ടില്ല. പ്രസിഡന്റ് പദവിയിൽ നിന്ന് വിരമിക്കുമ്പോൾ ട്രംപും കുമ്പസാരം നടത്തും. ആയുധത്തിന്റെ ഭാഷയിൽ വിശ്വസിക്കുന്ന താലിബാനിൽ പ്രതീക്ഷയർപ്പിക്കേണ്ട സ്ഥിതിയിലാണ് അഫ്ഗാൻ ജനത. സ്വയം നിർണയത്തിന്റെ യഥാർഥ ഭാവിയിലേക്ക് അവരെ നയിക്കാൻ താലിബാൻ തയ്യാറാകുമോ?

മുസ്തഫ പി എറയ്ക്കല്‍