Connect with us

National

'ആ മൊബൈല്‍ മറന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു'

Published

|

Last Updated

ഹിന്ദുത്വ തീവ്രവാദികള്‍ സുബൈറിനെ ആക്രമിക്കുന്നു. ചിത്രത്തിന് കടപ്പാട്: ഡാനിഷ് സിദ്ദീഖി/ റോയിട്ടേഴ്‌സ്

ഫെബ്രുവരി 24ന് തിങ്കളാഴ്ച രാവിലെ, സുബൈറിന്റെ സഹോദരി സെബ്രൂനിസയ്ക്ക് ചന്ദ് ബാഗിലെ കുടുംബത്തില്‍ നിന്ന് ഒരു ഫോണ്‍ വന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്നും കുത്തിയിരിപ്പ് സമരം ചെയ്ത സ്ത്രീകളെ മര്‍ദ്ദിക്കുകയും സമര കേന്ദ്രത്തിന് തീയിടുകയും ചെയ്തുവെന്നായിരുന്നു ഫോണ്‍ കോള്‍. ഇവിടെയാണ് സുബൈയര്‍ തന്റെ ഫോണ്‍ മറന്നുവെച്ചത് നിര്‍ണായകമാകുന്നത്. ഫോണ്‍ എടുത്തിട്ടില്ലാത്തതിനാല്‍ സംഘര്‍ഷാവസ്ഥയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കാനും നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കരുതെന്ന് ആവശ്യപ്പെടാനും അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിഞ്ഞില്ല. തിങ്കളാഴ്ച സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായി നടന്ന ആക്രമണം തികച്ചും ആസൂത്രിതമായിരുന്നുവെന്നാണ് സെബ്രുന്നീസ പറയുന്നത്. കാരണം അന്ന് അവിടെയുള്ള മുസ്ലിം പുരുഷന്മാരില്‍ നല്ലൊരു പങ്കും ഈദ്ഗാഹിലായിരിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതായി അറിഞ്ഞപ്പോഴും സുബൈറിനെ എവിടെയും കണ്ടെത്താനായില്ല. ഉച്ചകഴിഞ്ഞ് 3 മണിയോടെ, സെബ്രൂനിസയുടെ സഹോദരി ചന്ദ് ബാഗില്‍ നിന്ന് വീണ്ടും വിളിച്ചു. ഉത്കണ്ഠയും പരിഭ്രാന്തിയും കാരണം ഇരു സഹോദരിമാരും തങ്ങളുടെ വീടുകളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തീരുമാനിച്ചു. അതേസമയം, സുബൈറിന്റെ സഹോദരന്‍ ഖാലിദ് തന്റെ സമീപസ്ഥലത്തെ വഴികളില്‍ പരിശോധന നടത്തി. അപ്പോഴാണ് സുബൈറിന്റെ ഷൂ നടപ്പാതയില്‍ കിടക്കുന്നത് കണ്ടത്. കാഴ്ചക്കാരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചു. വെളുത്ത വസ്ത്രവും തലപ്പാവും ധരിച്ച ഒരാളെ അക്രമി സംഘം മര്‍ദിക്കുന്നതായി ഖാലിദിനോട് അവര്‍ പറഞ്ഞു. ഇതിനു പിന്നാലെ തന്നെ സുബൈര്‍ ആശുപത്രിയിലുണ്ടെന്ന് ഖാലിദിന് വിവരം ലഭിച്ചു.

“സുബൈര്‍ അവരോട് യുദ്ധം ചെയ്യാനാണ് പോയിരുന്നതെങ്കില്‍ കൈയില്‍ ഭണപ്പൊതിയും പഴങ്ങളും കരുതുമായിരുന്നോ?” സെബ്രുനിസ ചോദിക്കുന്നു. സഹോദരനെ കാപാലികള്‍ ആക്രമിക്കുന്ന ചിത്രങ്ങള്‍ അവള്‍ ഇതുവരെ നേരാവണ്ണം കണ്ടിട്ടില്ല. മകന്‍ മൊബൈലില്‍ അവരെ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ഫോണിലേക്ക് ഒന്ന് നോക്കി കണ്ണെടുത്തു. “എനിക്ക് അവരെ നോക്കാന്‍ പോലും കഴിയുന്നില്ല.” – സെബ്രുന്നീസ് പറയുന്നു.

സുബൈറിനെ ആക്രമിക്കുന്ന ചിത്രം വൈറലായതോടെ വീട്ടിലേക്ക് ബന്ധുക്കളുടെയഉം സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ഒഴുക്കാണ്. രണ്ട് മുറികളുള്ള അവരുടെ അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കുന്നു. “സംഭവത്തെക്കുറിച്ച് ഞങ്ങള്‍ ആരെയും അറിയിച്ചിരുന്നില്ല. ചിത്രങ്ങള്‍ കണ്ടാണ് എല്ലാവരും വിവരം അറിയുന്നത്” – സെബ്രുന്നീസ പറഞ്ഞു.

അക്രമ സംഭവത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞും ചാന്ദ്ബാഗിലെ വീട്ടിലേക്ക് സുബൈര്‍ മടങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ ഭാര്യക്കും ഉമ്മക്കും മറ്റു സഹേദരങ്ങള്‍ക്കും അദ്ദേഹത്തെ കാണാനായില്ല. താന്‍ ആ ചിത്രങ്ങള്‍ ഇപ്പോള്‍ നോക്കാറില്ലെന്ന് സുബൈര്‍ പറയുന്നു. അത് കാണുമ്പോള്‍ അന്നത്തെ വേദനാജനകമായ അനുഭവങ്ങള്‍ തികട്ടിവരും. ചന്ദ് ബാഗിലെ വീട്ടിലേക്ക് മടങ്ങിവരുവാന്‍ സുബൈറിന് ഇപ്പൊഴും ഭയമാണ്. ഇനി മുതല്‍ ആരെയും വിശ്വസിക്കുന്നതിനുമുമ്പ് നൂറ് തവണ ചിന്തിക്കുമെന്നും സുബൈര്‍ പറയുന്നു.

തന്റെ സഹോദരനെ ആക്രമിച്ച വിവരം ആദ്യം കേട്ടപ്പോള്‍ ഖാലിദിന്റെ പ്രതികരണം വൈകാരികമായിരുന്നുവെന്ന് സെബ്രുന്നീസ പറഞ്ഞു. കുറ്റവാളികളോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം ശപഥം ചെയ്തു. പക്ഷേ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ശാന്തനാക്കുകയായിരുന്നുവത്രെ.

ഭാഗം 1: ഈ ചിത്രത്തിന് പിന്നില്‍; അന്ന് സ‌ംഭവിച്ചത് എന്തെല്ലാ‌ം? മർദനത്തിനിരയായ സുബൈർ തുറന്നു പറയുന്നു…

Latest