Connect with us

National

ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ പൗരനും രോഗബാധ; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നായി

Published

|

Last Updated

ന്യൂഡല്‍ഹി | ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരികളുടെ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റു ഇറ്റാലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയച്ചിരുന്നു.

അതിനിടെ 2500 പേരെ പാര്‍പ്പിക്കാവുന്ന മുന്‍ കരുതല്‍ കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ മിലാന്‍ നാവിക പ്രദര്‍ശനം ഉപേക്ഷിച്ചു. മാര്‍ച്ച് 18 മുതല്‍ വിശാഖപട്ടണത്ത് നടത്താന്‍ ഉദ്ദേശിച്ച പ്രദര്‍ശനമാണ് ഉപേക്ഷിച്ചത്.

ആഗ്രയില്‍ രോഗബാധിതരെന്ന് സംശയിക്കുന്ന ആറ് പേരെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദേശപൗരന്‍മാരും സഞ്ചാരികളും ധാരാളമായി എത്തുന്ന ഡല്‍ഹിയിലെ ഹയാത്ത് ഹോട്ടലില്‍ ജീവനക്കാരെ മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഭക്ഷണശാലയില്‍ ജോലിയില്‍ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരും മുന്‍കരുതല്‍ എന്ന നിലയില്‍ 14 ദിവസം പുറം ലോകവുമായി ബന്ധപ്പെടാതെ നോക്കണമെന്ന് നിര്‍ദേശം നല്‍കിയതായും ഹയാത് റീജന്‍സി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ഹോട്ടല്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ തുടങ്ങിയെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍ ഹയാത്ത് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹയാത്തിലും വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്.

ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദ് ചെയ്തു. നേരത്തേ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ നിഷേധിച്ചിരുന്നു. ആശങ്ക വേണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയതു.