Connect with us

Gulf

എം എ യൂസഫലി സഊദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. സഊദി പ്രീമിയം റസിഡന്‍സി സെന്റര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. സഊദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സഊദി ഭരണകൂടം നല്‍കുന്നത്.

പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സഊദി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്ക് രാജ്യത്ത് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങിക്കുവാനും സാധിക്കും. വന്‍കിട നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്.

രാജ്യത്തേക്ക് ആഗോള നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
സഊദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ദീര്‍ഘദര്‍ശികളായ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സഊദി സര്‍ക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ വന്‍തോതിലുള്ള മാറ്റങ്ങളാണ് സഊദി അറേബ്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആഗോള നിക്ഷേപകര്‍ വരുന്നതോടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടും. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, യു എ ഇ യുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസഫലിക്കാണ് ലഭിച്ചത്.
3000 ല്‍പ്പരം സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവിന് നിലവില്‍ സഊദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണക്കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ എട്ടു മിനി മാര്‍ക്കറ്റുകളുടെയും നടത്തിപ്പ് ചുമതലയും ലുലുവിനാണ്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2022 ആകുമ്പോഴെക്കും 30 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ലുലു സഊദിയില്‍ ആരംഭിക്കും.

Latest