Connect with us

Articles

സമരത്തെരുവുകളുടെ പ്രസക്തി

Published

|

Last Updated

ദേശീയ പൗരത്വ ഭേദഗതി നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഫാസിസ്റ്റ് ഭരണാധികാരികള്‍ തലപുകഞ്ഞ് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. സാധ്യമാകുന്നിടത്തൊക്കെ അതിന്റെ ബീഭത്സരൂപത്തില്‍ നിര്‍ദയം അത് നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹിയില്‍ അരങ്ങേറിയ, ഫാസിസ്റ്റ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശീയ കലാപം. അത് രണ്ട് വിഭാഗങ്ങള്‍ മുഖാമുഖം നിന്ന് പോര്‍വിളി നടത്തിയുള്ള കലാപമായിരുന്നില്ല. ഫാസിസ്റ്റുകള്‍ ഏകപക്ഷീയമായി സമരമുഖത്തുള്ളവരെയും അവരുടെ വംശത്തെയും ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി നടത്തിയ ആക്രമണം തന്നെയായിരുന്നു. അതിന് അവര്‍ക്ക് തുണയായി പോലീസും മറ്റു ബ്യൂറോക്രസിയും ഇന്ത്യന്‍ ജുഡീഷ്യറി തന്നെയും കൂടെയുണ്ടാകുമെന്ന അപകടകരമായ സന്ദേശവുമാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

[irp]

അതേസമയം, സംഘ്പരിവാരത്തിനും ആര്‍ എസ് എസിനും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ്, വര്‍ഗീയ ചെയ്തികള്‍ക്കുമെതിരെ കഴിയാവുന്നത്ര ഉച്ചത്തില്‍ പ്രതിഷേധത്തിന്റെ മുഴക്കങ്ങള്‍ തെരുവുകളെ മുഖരിതമാക്കിക്കൊണ്ടിരിക്കുന്നു. ഡല്‍ഹിയിലെ ശഹീന്‍ ബാഗും, അതിന്റെ പകര്‍പ്പുകളായി ഇന്ത്യയൊട്ടുക്കും, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കലാലയങ്ങളിലുമൊക്കെ അണയാത്ത തീപ്പന്തമായി പ്രതിഷേധങ്ങള്‍ ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിലും ഏറ്റവും വലിയ ബഹുജന മുന്നേറ്റങ്ങള്‍ ദേശീയ പൗരത്വ നിയമത്തിനെതിരെ അലയടിച്ചു കൊണ്ടിരിക്കുന്നു. കെട്ടടങ്ങാത്ത പ്രതിഷേധങ്ങളും അന്താരാഷ്ട്ര രംഗത്തു നിന്നടക്കം എതിര്‍പ്പുകളും ഉയരുമ്പോള്‍ അതൊന്നും തങ്ങള്‍ വകവെക്കാന്‍ പോകുന്നില്ലെന്ന് ലോകത്തെക്കൂടി അറിയിക്കുക എന്ന അങ്ങേയറ്റത്തെ കുടില തന്ത്രങ്ങളുടെ പ്രതിഫലനം തന്നെയാണ് ഡല്‍ഹിയില്‍ നടന്ന പൈശാചികവേട്ട.
സുപ്രീം കോടതിയില്‍ നിന്ന് ഒരു വിധി കഴിഞ്ഞ ജനുവരി 22ന് പുറത്തു വന്നതിനു ശേഷമാണ് ഇതെല്ലാം അരങ്ങേറിയതെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. കോടതി അന്ന് നീട്ടിക്കൊടുത്ത നാലാഴ്ചത്തെ സമയം ഫാസിസ്റ്റ് കടന്നാക്രമണത്തിന് സഹായകരമായി എന്നേ കരുതേണ്ടതുള്ളൂ. ഒരു അന്തിമ വിധിക്ക് ഇനിയും സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇത് ഒരു അടഞ്ഞ അധ്യായമല്ല എന്നെങ്കിലും പറഞ്ഞു നില്‍ക്കാമെന്നുമാത്രം.

[irp]

പലരും കരുതിയത് ജനുവരി 22ഓടെ ദേശീയ പൗരത്വ നിയമ പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ഒരു തീര്‍പ്പുണ്ടാകുമെന്നാണ്. അതുണ്ടായില്ല എന്ന് മാത്രമല്ല ഇത് ഒരു ഭയത്തിന്റെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുകവഴി ഈ നിയമംമൂലം ഇരയാക്കപ്പെടുന്നവരെ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായിത്തന്നെ മാനസികമായി തളര്‍ത്തുക എന്ന കുടില തന്ത്രമുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ നീതിപീഠത്തിന്റെ ചില തീരുമാനങ്ങള്‍ അത്തരം തന്ത്രങ്ങള്‍ക്ക് കുട പിടിക്കുന്നതായിപ്പോയോ എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നു. അതായത് മനസ്സുകളെ ഇസ്‌ലാമെന്നും ഹൈന്ദവമെന്നും വിഭജിച്ച് നിറുത്തി പരസ്പരം സംശയാലുക്കളാക്കി മാറ്റുന്നതില്‍ ഫാസിസം വിജയിക്കുന്നു. ഈ പ്രശ്‌നം ലൈവായി നിലനിര്‍ത്തുമ്പോള്‍ സംഭവിക്കുന്ന വലിയൊരു അപകടകരമായ അവസ്ഥയാണത്.
ബാബരി മസ്ജിദ് പ്രശ്‌നം ഏതാണ്ട് അവസാനിച്ച സാഹചര്യത്തില്‍ മതാന്ധതയുടെ പേരില്‍ ഒരു വിഭാഗത്തെ വെറുപ്പിന്റെ ആയുധമണിയിച്ച് നിര്‍ത്താന്‍ ഈ നിയമം മൂലം സാധിക്കും എന്നാണ് ബി ജെ പിയും ആര്‍ എസ് എസും എല്ലാം കരുതുന്നത്. രാജ്യത്ത് അലയടിക്കുന്ന അതിശക്തമായ പ്രക്ഷോഭം കാരണവും മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് നേരെ ഉയരുന്ന എതിര്‍പ്പുമൂലവുമെല്ലാം ഉദ്ദേശിച്ചത്ര വേഗത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് വന്നേക്കാം. എന്നാല്‍ പോലും ഇന്ത്യയിലെ സവര്‍ണ ഹൈന്ദവ ഫാസിസം വിജയത്തിന്റെ ഒരു ചവിട്ടുപടി കടന്നു എന്നുവേണം കരുതാന്‍.
അടുത്ത തിരഞ്ഞെടുപ്പു വരെ ഈ പരസ്പര വെറുപ്പും ശത്രുതയും നിലനിര്‍ത്താനായാല്‍ ഭൂരിപക്ഷം വരുന്ന നിരക്ഷരരെയും അന്ധമായ അപരമത വിദ്വേഷത്താല്‍ പ്രചോദിതരായ വോട്ടര്‍മാരെയും എളുപ്പത്തില്‍ ഫാസിസ്റ്റ് പക്ഷത്തേക്ക് ആകര്‍ഷിപ്പിക്കാം എന്ന് അവര്‍ കണക്ക് കൂട്ടുന്നു. അതോടെ ഇന്ത്യയെ ഒരു സമ്പൂര്‍ണ ഹൈന്ദവ മതരാഷ്ട്രമാക്കി ആര്‍ എസ് എസിന്റെ ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള വലിയ ചുവട് വെക്കാനാകും എന്നു തന്നെയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്.

[irp]

ഇത് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്ന 1947നും മുമ്പേയുള്ള ഒരു ഹൈന്ദവ വര്‍ഗീയ സ്വപ്‌നമാണ്. അതിന് ഏറ്റവും വലിയ വിലങ്ങു തടിയായി നിലകൊണ്ടിരുന്ന മഹാത്മാഗാന്ധി എന്ന സാത്വിക പ്രതിഭാസത്തെ നിഷ്‌കരുണം വധിച്ചു കൊണ്ടാണ് അവര്‍ തുടക്കം കുറിച്ചത്. മോദിയുടെയും ഷായുടെയും രംഗപ്രവേശനമാണ് ഏറ്റവും വലിയ കരുത്തായി അവര്‍ക്ക് ലഭിച്ചത്. അടല്‍ ബിഹാരി വാജ്‌പയിയോ എല്‍ കെ അഡ്വാനിയോ മറ്റു ബി ജെ പി നേതാക്കളില്‍ ആരെങ്കിലുമോ അതിന് പാകപ്പെട്ടവരായിരുന്നില്ലെന്നു വേണം കരുതാന്‍. കാരണം മനുഷ്യത്വം, സഹാനുഭൂതി എന്നിവയുടെ ചെറിയ കണികയെങ്കിലും അവരില്‍ ബാക്കി നില്‍ക്കുന്നോ എന്ന ശങ്ക ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് ഉണ്ടായതിനാലാകാം പത്തരമാറ്റ് വര്‍ഗീയതയുള്ള, മാനവികത തൊട്ടുതീണ്ടാത്ത രണ്ട് പേരെ വെച്ച് കൊണ്ടേ ഇതിന് ആക്കം കൂട്ടാനാകൂ എന്നവര്‍ക്ക് ബോധ്യം വരാനിടയായത്.
ആര്‍ എസ് എസിന്റെ ആ ബോധ്യത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണ് സാക്ഷാല്‍ നരേന്ദ്ര മോദിയും അമിത്ഷായും. അതുകൊണ്ടുതന്നെ നാഗ്പൂരില്‍ നിന്ന് ചലിപ്പിക്കുന്ന റിമോട്ട്കണ്‍ട്രോള്‍ പ്രകാരമേ ഇപ്പോഴത്തെ ഡല്‍ഹിക്ക് മുന്നോട്ടു പോകാനാവൂ. കടുത്ത പ്രതിഷേധങ്ങളെയൊന്നും തീരെ വകവെക്കാതെ പൗരത്വ നിയമത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലാ എന്ന് മോദിക്കും അമിത് ഷാക്കും ഇടക്കൊക്കെ പ്രസ്താവന ഇറക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.
ഭരണകൂടത്തിന്റെ ഏതാണ്ടെല്ലാ ഉപകരണങ്ങളും വന്‍കിട കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന ഭൂരിപക്ഷം വരുന്ന വലതുപക്ഷ മീഡിയകളും ഇപ്പോഴത്തെ ചുറ്റുപാടില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ സേവകരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈയൊരു പിന്‍ബലത്തിലാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നതു പോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും സവര്‍ണ ഫാസിസ്റ്റുകള്‍ തേരോട്ടം നടത്തുന്നത്.

[irp]

നല്ലൊരു ശതമാനം പേരെയും അപരമത വിരോധികളാക്കി മനസ്സുകളില്‍ വംശീയ വിദ്വേഷം പടര്‍ത്തുന്നതില്‍ ഇവര്‍ വിജയിക്കുന്നു. അപ്പോഴും അവരുടെ പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് വളര്‍ച്ച പ്രാപിക്കുകയാണ് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും. നിനച്ചിരിക്കാത്ത കോണുകളില്‍ നിന്ന് പോലും ഉയര്‍ന്നു വരുന്നുണ്ട് പ്രതിഷേധങ്ങള്‍. അതുകൊണ്ട് തന്നെ അന്തിമ വിജയം നേടാന്‍ അവര്‍ക്കാകില്ലെന്ന് മറ്റാരേക്കാളും അവര്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം കരുതാന്‍.

അവര്‍ പ്ലാന്‍ ചെയ്യുന്ന തരത്തില്‍ ഇന്ത്യയൊട്ടാകെ പൗരത്വ നിയമത്തിന്റെ പേരില്‍ കലാപം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അതിന്റെ കെടുതികള്‍ അവരുദ്ദേശിക്കും പോലെ ഫാസിസത്തിനനുകൂലമായി ഏകപക്ഷീയമായിരിക്കില്ലെന്ന് ഉറപ്പാണ്.
അതുകൊണ്ട് തന്നെ സംഘ്പരിവാര്‍ തുറന്നുവിട്ട ഈ വര്‍ഗീയ ഭൂതത്തെ അവര്‍ തന്നെ പിടിച്ചുകെട്ടേണ്ട നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. അതു തന്നെയാണ് രാജ്യത്തൊട്ടാകെ അലയടിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കാലിക പ്രസക്തി.

എന്തുവന്നാലും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് ചിലപ്പോള്‍ അമിത് ഷാ ഇനിയും പ്രസ്താവനയിറക്കും. ആരുടെയും പൗരത്വം എടുത്തുകളയാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്നും പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പീഡനമേറ്റ് കുടിയേറി എത്തിയവര്‍ക്ക് പൗരത്വം ഉറപ്പാക്കുക മാത്രമേ ഉള്ളൂവെന്ന് മോദി ആവര്‍ത്തിക്കും. ഇതും ഫാസിസത്തിന്റെ ഒരു ദ്വിമുഖ തന്ത്രം മാത്രമായി കരുതിയാല്‍ മതിയാകും. ആശയക്കുഴപ്പങ്ങളാല്‍ ഉഴുതുമറിച്ച ജനാധിപത്യ ഭൂമികയില്‍ ഫാസിസത്തിന്റെ വിഷവിത്തുകള്‍ പാകി വിദ്വേഷത്തിന്റെ വിളവെടുപ്പിന് തക്കം പാര്‍ത്തിരിക്കുന്ന കുറുക്കന്‍ ബുദ്ധികള്‍ മാത്രമാണ് അവരുടേത്. ജനാധിപത്യ, മതേതര വാദികള്‍ സമരങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും എപ്പോള്‍ പിറകോട്ടു പോകുന്നുവോ ആ സമയം ഫാസിസത്തിന്റെ വിളവെടുപ്പു കാലമാകും എന്നുറപ്പാണ്.
അതുകൊണ്ട് പ്രതിഷേധത്തെരുവുകള്‍ നിരന്തരമുണ്ടായിക്കൊണ്ടിരിക്കണം. ജനാധിപത്യ രീതികളില്‍ ഊന്നിനിന്നുകൊണ്ട് കൂടുതല്‍ സമരോത്സുകമാകുക മാത്രമാണ് ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രായോഗികമായ മാര്‍ഗം. അതു തന്നെയാണ് ദേശീയ പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കാതലായ സന്ദേശം.

ഫാസിസത്തിന്റെ ഇരകളോട് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാനും സഹായ സഹകരണങ്ങള്‍ ചെയ്യാനും തങ്ങളും കൂടെയുണ്ട് എന്ന ഐക്യ സന്ദേശം നല്‍കാനും ഫാസിസ്റ്റ് വിരുദ്ധരായ ഇന്ത്യയിലെ ഭൂരിപക്ഷ ജനതക്കും ഈ സന്ദര്‍ഭത്തില്‍ ബാധ്യതയുണ്ട്. ആ ബാധ്യത നിര്‍വഹിക്കേണ്ട സമയം ഇപ്പോഴാണ്. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും തിരിച്ചു കൊണ്ടുവരാന്‍ അവശേഷിക്കുന്ന ഏക മാര്‍ഗവും അതാണ്.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
anjachavidi@gmail.com

Latest