Connect with us

Malappuram

ജനാധിപത്യത്തിന് വെടിയേല്‍ക്കുമ്പോള്‍ കവചമൊരുക്കേണ്ടത് നീതിപീഠം: എം ജി എസ് നാരായണന്‍

Published

|

Last Updated

തേഞ്ഞിപ്പലം | പൗരത്വ പ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കാന്‍ അക്രമവുമായി രംഗത്തിറങ്ങിയവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിച്ചതെന്ന് പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പരിസരത്ത് ആരംഭിച്ച ആസാദി ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരിയില്‍ ഇത്ര വലിയ ആക്രമണങ്ങള്‍ നടന്നിട്ടും ഭരണകൂടമോ, പോലീസോ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് മാത്രമല്ല അക്രമകാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു എന്നത് ഭരണകൂടത്തോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുണ്ട്. ഇവിടെ ജുഡീഷ്യറിയുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. നീതിയെക്കുറിച്ചും ഉത്തരവാദിത്തത്തെകുറിച്ചും ഓര്‍മിപ്പിക്കുന്ന ജസ്റ്റിസുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ആശങ്കയോടെ മാത്രമാണ് കാണാന്‍ കഴിയുന്നത്.

ജനാധിപത്യത്തെ സംരക്ഷിക്കാനൊരുങ്ങുമ്പോള്‍ ഭരണവര്‍ഗം നീതിപീഠത്തെ ഭീഷണിയുടെ നിഴലില്‍ നിര്‍ത്തുന്നതിനെതിരെ നീതിപുലര്‍ന്നു കാണാൻ ആഗ്രഹിക്കുന്നവരെല്ലാം ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി ബുഖാരി കാശ്മീര്‍ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ഡോ. പി ശിവദാസന്‍, കവി വിമിഷ് മണിയൂര്‍, സി പി എസ് ഡബ്ല്യൂ സംസ്ഥാന പ്രസിഡന്റ് അശ്കര്‍ അലി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി വി പി എം മുഹമ്മദ് ബഷീര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ഉബൈദുള്ള സഖാഫി, സെക്രട്ടറി നിയാസ് കോഴിക്കോട് സംസാരിച്ചു. പുളിക്കല്‍, കോഴിക്കോട് ഡിവിഷനുകളുടെ വിവിധ സമരാവിഷ്‌കാരങ്ങളും നടന്നു.

ആസാദി കാമ്പസില്‍ ഇന്ന് (ഞായർ)

ആസാദി ക്യാമ്പസില്‍ ഇന്നത്തെ ജനാധിപത്യ പാഠശാല പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ബുഖാരി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി.കെ അബ്ദുല്‍ അസീസ്, പ്രവാസി രിസാല എഡിറ്റര്‍ ടി.എ അലി അക്ബര്‍, എസ്.വൈ.എസ് സംസ്ഥാന സമിതി അംഗം എന്‍.വി അബ്ദു റസാഖ് സഖാഫി അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കും. വിവിധ സമരാവിഷ്‌കാരങ്ങളും അരങ്ങേറും.