Connect with us

Editorial

എല്ലാവര്‍ക്കും മിശ്രമാരാകാന്‍ പറ്റില്ലല്ലോ

Published

|

Last Updated

ഹിന്ദുത്വര്‍ പ്രതികളായ മക്കാ മസ്ജിദ് സ്‌ഫോടനക്കേസിന്റെയും പെഹ്‌ലുഖാന്‍ വധക്കേസിന്റെയും മറ്റും ഗതി തന്നെയായിരിക്കും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ ഹിന്ദുത്വര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസിനും വരാനിരിക്കുന്നതെന്നു ഉറപ്പിക്കാവുന്നതാണ്. ഇതിന്റെ ആദ്യ ചൂണ്ടുപലകയാണ് ഭീകരവാഴ്ചാ കേസില്‍ പോലീസിനെയും സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവം. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ഫെബ്രുവരി 12ന് നടത്തിയ ശിപാര്‍ശയില്‍ കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി പൊടുന്നനെ ഉത്തരവിടുകയായിരുന്നു.

ധൃതിപിടിച്ചുള്ള ഈയൊരു ഉത്തരവിലേക്ക് നിയമ മന്ത്രാലയത്തെ കൊണ്ടെത്തിച്ചതിന്റെ പ്രേരകമെന്തെന്നറിയണമെങ്കില്‍ ഡല്‍ഹിയിലെ ഹിന്ദുത്വ ഭീകരാക്രമണ കേസില്‍ ജസ്റ്റിസ് മുരളീധർ നടത്തിയ ഇടപെടലുകളെക്കുറിച്ചു മനസ്സിലാക്കേണ്ടതാവശ്യമാണ്. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം ഹിന്ദുത്വ ഭീകരരുടെ താണ്ഡവമായിരുന്നു വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍. മുപ്പതിലേറെ പേര്‍ വധിക്കപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത താണ്ഡവത്തില്‍ പരുക്കേറ്റവരുമായി ആംബുലന്‍സുകള്‍ക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അവിടം. ആംബുലന്‍സുകള്‍ വഴിയില്‍ തടയപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ഹര്‍ഷ് മന്ദര്‍ എന്ന അഭിഭാഷകൻ റിട്ട് ഹരജിയുമായി ചൊവ്വാഴ്ച രാത്രി ഡല്‍ഹി ഹൈക്കോടതിയിലെത്തി.

ദില്‍ഷാദ് ഗാര്‍ഡനിലെ ജി ടി പി ആശുപത്രിയിലേക്കുള്ള വഴിയിലെ തടസ്സങ്ങള്‍ നീക്കണമെന്നും ഇല്ലെങ്കില്‍ നിരവധി ജീവന്‍ അപകടത്തിലാകുമെന്നും കാണിച്ചാണ് ഹര്‍ഷ് മന്ദര്‍ കോടതിയെ സമീപിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ജസ്റ്റിസ് മുരളീധർ അന്നു അര്‍ധ രാത്രി തന്നെ തന്റെ വസതിയില്‍ കോടതി സിറ്റിംഗ് നടത്തി ആംബുലന്‍സുകള്‍ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ഡല്‍ഹി പോലീസിന് ഉത്തരവ് നല്‍കി. ഈ സമയോചിത ഇടപെടല്‍ മൂലം 22 പേരെയെങ്കിലും രക്ഷിക്കാനായെന്നാണ് ആശുപത്രി വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.
അടുത്ത ദിവസം ചീഫ് ജസ്റ്റിസിന്റെ അഭാവത്തില്‍ ഹരജി വന്നത് ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് തല്‍വന്ദ് സിംഗും അടങ്ങുന്ന ബഞ്ച് മുമ്പാകെയാണ്. ഡല്‍ഹി സംഭവങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹരജിയുടെ പരിഗണനാ വേളയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെയും ഡെപ്യൂട്ടി കമ്മീഷണറെയും വിളിച്ചു വരുത്തുകയും വിദ്വേഷ പ്രസംഗം നടത്തിയ കപില്‍മിശ്ര, അനുരാഗ് ഠാക്കുര്‍, പര്‍വേശ് വര്‍മ എന്നീ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിലെ കാലതാമസത്തിന് പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ സാഹചര്യം ഇപ്പോള്‍ ഏറെ കലുഷിതമായതിനാല്‍ പോലീസിനു ഇപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അനുയോജ്യമായ ഘട്ടത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നുമായിരുന്നു തുഷാര്‍മേത്തയുടെ പ്രതികരണം. “ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ആ അനുയോജ്യമായ ഘട്ടമെന്നും നഗരം മുഴുവന്‍ എരിഞ്ഞു തീരാനാണോ നിങ്ങള്‍ കാത്തിരിക്കുന്നതെ”ന്നുമായിരുന്നു ജസ്റ്റിസ് മുരളീധറിന്റെ മറുചോദ്യം. “നിങ്ങള്‍ എത്ര കാലമാണ് ഇങ്ങനെ കണ്ണടച്ചു ഇരുട്ടാക്കുക? എത്ര പേരുടെ ജീവന്‍ നഷ്ടമായാലാണ്, വസ്തുവകകള്‍ക്ക് എത്രമാത്രം നഷ്ടമുണ്ടായാലാണ് നിങ്ങള്‍ക്ക് അനുയോജ്യമായ സമയമായി എന്നു തോന്നിത്തുടങ്ങുക”യെന്നും ജസ്റ്റിസ് മുരളീധർ മനോവേദനയോടെ ചോദിച്ചു. 1984ലെ സിഖ്‌ വിരുദ്ധ കലാപം ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ, അതിനാല്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എത്രയും വേഗം കുറ്റപത്രം നല്‍കാനും 24 മണിക്കൂറിനകം ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളുടെ വീഡിയോ ക്ലിപ്പ് ജസ്റ്റിസ് മുരളീധർ കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

നീതിമാനായ ജഡ്ജി സര്‍ക്കാറിന് അസ്വീകാര്യനായതിന്റെ കാരണം ഇതൊക്കെയാണ്. സാധാരണയില്‍ ജഡ്ജിമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവില്‍, ഏതു തീയതിക്കകമാണ് പുതിയ കോടതിയില്‍ ചുമതലയേല്‍ക്കേണ്ടതെന്നു വ്യക്തമാക്കാറുണ്ട്. ജസ്റ്റിസ് മുരളീധറിന്റെ ഉത്തരവില്‍ അങ്ങനെ ജോയിന്റ് ടൈം നല്‍കുന്നില്ല. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള കോളീജിയത്തിന്റെ ശിപാര്‍ശയില്‍, പകരം മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിനെ ഡല്‍ഹിയില്‍ നിയമിക്കാനുള്ള ശിപാര്‍ശയുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ അഭിപ്രായപ്പെട്ടതു പോലെ, ഡല്‍ഹി സംഭവത്തില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ ഉത്തരവോ എഫ് ഐ ആറോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ഈ കേസില്‍ ഹിന്ദുത്വരായ പ്രതികളെല്ലാം രക്ഷപ്പെടുകയും ജീവരക്ഷാര്‍ഥം പ്രതിരോധിച്ച മുസ്‌ലിംകളെ പ്രതിപ്പട്ടികയില്‍ പെടുത്തുകയുമായിരിക്കും വരും നാളുകളില്‍ കാണാനിരിക്കുന്നത്. ഇത് സാധ്യമാകണമെങ്കില്‍ ജസ്റ്റിസ് മുരളീധറിനെ പോലെ നീതിബോധമുള്ള ജഡ്ജിമാര്‍ ഉണ്ടാകാന്‍ പാടില്ലല്ലോ. “ജഡ്ജിമാര്‍ തങ്ങളുടെ താത്പര്യമനുസരിച്ച് നീങ്ങണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍, എല്ലാവര്‍ക്കും ജസ്റ്റിസ് അരുണ്‍ മിശ്രയാകാന്‍ പറ്റില്ല”ല്ലോയെന്ന് മോദിയെ വാനോളം പുകഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം മിശ്ര നടത്തിയ പ്രസംഗത്തെ കോറി ജസ്റ്റിസ് ഗംഭീര്‍ പറഞ്ഞത് എത്ര പ്രസക്തമാണ്.

Latest