Thrissur
ഫാസിസത്തിന്റെ കൂട്ടാളികൾ അധികാരം വിട്ടൊഴിയണം: ടി എൻ പ്രതാപൻ എം പി
കൊടുങ്ങല്ലൂർ | ഡൽഹിയും രാജ്യവും കലാപ കലുഷിതമാകുമ്പോൾ വീണ വായിച്ചിരുന്ന നീറോ ചക്രവർത്തിയുടെ സമീപനമാണ് നരേന്ദ്ര മോദിയും അമിത്ഷായും സ്വീകരിച്ചിട്ടുള്ളതെന്ന് ടി എൻ പ്രതാപൻ എം പി. ഈ മാസം 29ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംബന്ധിക്കുന്ന ദേശരക്ഷാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്സയ്യിദ് ഫസൽ വാടാനപ്പള്ളി നയിക്കുന്ന ദേശരക്ഷാ റോഡ് മാർച്ചിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ നീതിയും സമാധാനവും സൃഷ്ടിക്കേണ്ട അധികാരി വർഗം അരക്ഷിതാവസ്ഥകൾക്ക് ശക്തിപകരുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഡൽഹി കലാപങ്ങൾ നടന്നതിൽ കപിൽ മിശ്രയുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും എം പി ആവശ്യപ്പെട്ടു. ദേശരക്ഷാ റോഡ് മാർച്ചിന് മുന്നോടിയായി നടന്ന ചേരമാൻ മഖാമിലെ പ്രാർഥന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജന. സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന നിർവഹിച്ചു. കൊടുങ്ങല്ലൂർ ചന്തപുരയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ എം കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി കെ ബാവ ദാരിമി പ്രമേയ പ്രഭാഷണം നടത്തി.
അഡ്വ പി യു അലി, സി വി മുസ്തഫ സഖാഫി, പി യു ശമീർ, പി കെ സത്താർ, എം കെ അബ്ദുൽ ഗഫൂർ, പി കെ യൂസുഫ് പ്രസംഗിച്ചു. പി എച്ച് സുലൈമാൻ ഹാജി, പി ബി അബ്ദുള്ളക്കുട്ടി ഹാജി, പി എം എസ് തങ്ങൾ സംബന്ധിച്ചു.




