Connect with us

Articles

‘നിങ്ങള്‍ ഹിന്ദുവാണോ അതോ മുസ്‌ലിമോ?'

Published

|

Last Updated

ഉച്ചക്ക് 12.15ന് ഡല്‍ഹിയിലെ മൗജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയതു മുതല്‍ ഏറെ ഭയപ്പെടുത്തുന്ന അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഒരു ഹിന്ദു സേനാംഗം എന്റടുത്തേക്ക് ഓടിവന്നു. എന്നിട്ട് എന്റെ നെറ്റിയില്‍ അയാള്‍ ഒരു കുറി വരച്ചു. ഈ കുറി എന്റെ ദൗത്യം എളുപ്പമുള്ളതാക്കും എന്ന് പറഞ്ഞാണ് അയാള്‍ സ്ഥലം വിട്ടത്.

കൈയില്‍ ക്യാമറ തൂക്കിയിരിക്കുന്നതിനാല്‍ ഞാനൊരു ഫോട്ടോ ജേണലിസ്റ്റാണെന്ന് അയാള്‍ക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. നിങ്ങള്‍ ഹിന്ദുവാണല്ലോ സഹോദരാ, അതുകൊണ്ട് എന്താണ് ദോഷം എന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ഏകദേശം കാല്‍മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴേക്കും അവിടെയുള്ളവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കല്ലേറ് തുടങ്ങി. മോദി മോദി എന്ന ആര്‍പ്പുവിളികള്‍ക്കിടെ കറുത്ത പുക അന്തരീക്ഷത്തില്‍ നിറയുന്നത് ഞാന്‍ കണ്ടു. തീ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് ഞാന്‍ ഓടിപ്പോകുന്നതിനിടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ നിന്ന് കുറച്ചു പേര്‍ എന്നെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ഫോട്ടോ എടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ട് പോകരുതെന്ന് അവര്‍ എന്നെ വിലക്കി.
“സഹോദരാ നിങ്ങളും ഒരു ഹിന്ദുവാണ്. നിങ്ങളെന്തിനാ അങ്ങോട്ടുപോകുന്നത്. ഹിന്ദുക്കള്‍ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്…..” അവരിലൊരാള്‍ ഉറക്കെ എന്നോട് വിളിച്ചുപറഞ്ഞു.

ഞാന്‍ ആ സമയത്ത് അവിടെ നിന്ന് പിന്‍മാറി. പക്ഷേ, കുറച്ചു സമയത്തിന് ശേഷം ഞാന്‍ ബാരിക്കേഡുകള്‍ക്കരികെയെത്തി. ഞാന്‍ അവിടെ നിലയുറപ്പിച്ച് ഫോട്ടോ എടുക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും കുറച്ചാളുകള്‍ മുളവടികളും ഇരുമ്പുദണ്ഡുകളുമായി എന്റെ ചുറ്റും വളഞ്ഞു. അവര്‍ എന്റെ ക്യാമറ തട്ടിപ്പറിച്ചെടുക്കാന്‍ നോക്കി. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകനായ സാക്ഷി ചന്ദ് അത് തടഞ്ഞു. അങ്ങനെയാണ് അവർ പിന്‍മാറിയത്.
അവരെന്നെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ടെന്ന് അല്‍പ്പ സമയം കഴിഞ്ഞ് ഞാന്‍ മനസ്സിലാക്കി. ഒരു യുവാവ് എന്റെ അടുത്തെത്തി ചോദിച്ചു. “നിങ്ങള്‍ നന്നായി അഭിനയിക്കുന്നുണ്ടല്ലോ. യഥാര്‍ഥത്തില്‍ നിങ്ങള്‍ ഹിന്ദുവാണോ അതോ മുസ്‌ലിമോ?”
എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്സ് ഊരിക്കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി. ഞാനൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് അവരോട് കൈകൂപ്പി പറഞ്ഞു. വീണ്ടും പലതരത്തിലുള്ള ഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ശേഷമാണ് അവരെന്നെ വിട്ടയച്ചത്.

തിരിച്ചുപോകാന്‍ എന്റെ വാഹനം തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല. ജാഫറാബാദിലേക്ക് 100 മീറ്റര്‍ നടന്നു. അതിന് ശേഷമാണ് എനിക്ക് ഒരു ഓട്ടോ കിട്ടിയത്. ഓട്ടോയില്‍ എഴുതിയ പേര് ഞങ്ങളെ വീണ്ടും അപകടത്തിലാക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. അധികം വൈകാതെ തന്നെ നാല് പേര്‍ ഞങ്ങളുടെ ഓട്ടോ തടഞ്ഞു. കോളറിന് കുത്തിപ്പിടിച്ച് ഞങ്ങളെ രണ്ട് പേരെയും അവര്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്കിറക്കി. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ഓട്ടോക്കാരന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവരോട് കരഞ്ഞു പറഞ്ഞു.

അവസാനം എങ്ങനെയൊക്കെയോ ആ ഓട്ടോക്കാരന്‍ എന്നെ ഓഫീസിലെത്തിച്ചു. ഓട്ടോക്കാരന്‍ വണ്ടിയെടുത്ത് പോകുന്നതിന് മുമ്പായി എന്നോട് വിറയലോടെ പറഞ്ഞു, ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ വിചിത്രമായി എന്റെ മതം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല..!

(ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫറാണ് ലേഖകന്‍. ഡല്‍ഹിയിലെ സംഘ്പരിവാര്‍ അക്രമങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ പോയപ്പോള്‍ നേരിട്ട കയ്‌പേറിയ അനുഭവം പങ്കുവെച്ചത്)

ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫറാണ് ലേഖകന്‍

---- facebook comment plugin here -----

Latest