Articles
വംശഹത്യക്ക് ആര്‍ത്തിപൂണ്ട്

അലറുന്ന ആള്‍ക്കൂട്ട ഭ്രാന്തിന്റെയും ജീവനു വേണ്ടി യാചിക്കുന്ന പാവം മനുഷ്യരുടെയും ചിത്രം ഒരേ ഫ്രെയിമില്‍ ഇന്ത്യ കണ്ട ഒരു സന്ദര്‍ഭമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യാ കാലത്താണത്. അതേ രൂപ സാദൃശ്യമുള്ള ഒരു ചിത്രം ഇന്നലെയും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം പോക്കറ്റുകളില്‍ അഴിഞ്ഞാടിയ ഹിന്ദുത്വ ഭീകരര്‍ മുളവടിയും കമ്പിപ്പാരയും ദണ്ഡുകളുമുപയോഗിച്ച് വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച ഒരു പാവം മനുഷ്യനെ തല്ലിക്കൊല്ലുന്ന ചിത്രമായിരുന്നുവത്. ചോരയില്‍ കുളിച്ച് തല മണ്ണോടു ചേര്‍ത്ത് നോട്ടംകൊണ്ടുപോലും പ്രതിരോധം തീര്‍ക്കാത്ത ഒരു മനുഷ്യനെ ആള്‍ക്കൂട്ടം ആക്രോശങ്ങളുമായി നേരിടുന്നതായിരുന്നുവത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംഘ്പരിവാരം നടത്തിയ കലാപത്തിന്റെ തീവ്രത എത്രയായിരുന്നുവെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ഒറ്റ ചിത്രം.
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിക്കുന്നത് നമ്മുടെ മാധ്യമങ്ങള്‍ ലോകം മുഴുക്കെ ടെലികാസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അതേ സന്ദര്‍ഭത്തിലായിരുന്നു വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നേതാക്കളുടെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ അഴിഞ്ഞാടിയത്. ഒരു സുപ്രഭാതത്തില്‍ ഒരാള്‍ക്കൂട്ടം വന്ന് മുസ്‌ലിംകള്‍ക്കെതിരെ അക്രമം നടത്തിയതായിരുന്നില്ല ഡല്‍ഹിയില്‍ സംഭവിച്ചത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന ക്രൂര കൃത്യമാണ് മാധ്യമങ്ങളും സുരക്ഷാ സംവിധാനങ്ങളും ട്രംപിനു പിന്നാലെ പോയ ഒരു സന്ദര്‍ഭം നോക്കി അവതരിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് കലാപം അരങ്ങേറിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന ജാഫറാബാദ് ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലായിരുന്നു അക്രമം നടന്നത്.
വിവാദ ഹിന്ദുത്വ പ്രസ്താവനകളുടെ നായകനും ബി ജെ പി നേതാവുമായ കപില്‍ മിശ്രയുടെ അനുയായികളാണ് ഈ കലാപത്തിന് പിന്നിലെന്ന് ഡല്‍ഹിയില്‍ നിന്ന് വായു ശ്വസിക്കുന്ന ആര്‍ക്കുമറിയാം. ഒറ്റപ്പെട്ട ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല അക്രമം. കിലോമീറ്ററുകള്‍ നീളുന്ന വടക്കു കിഴക്കന്‍ ഡല്‍ഹി ആകെ ലക്ഷ്യംവെച്ചായിരുന്നു ഹിന്ദുത്വ ശക്തികള്‍ അക്രമം അഴിച്ചുവിട്ടത്. വീടുകള്‍, കെട്ടിടങ്ങള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം അഗ്‌നിക്കിരയാക്കി. വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. ഭജന്‍പുരയില്‍ ഒരു പെട്രോള്‍ പമ്പിനു നേരെ ബോംബെറിഞ്ഞു. റോഡിലൂടെയുള്ള കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ പൊട്ടിച്ച് കഷണങ്ങളാക്കി എറിയുന്നതും കാണാമായിരുന്നു. ജയ് ശ്രീറാം വിളികളോടെയാണ് അക്രമം അഴിച്ചുവിടുന്നത്. മാധ്യമ പ്രവര്‍ത്തകരെ പോലും പേരും മതവും ചോദിച്ചായിരുന്നു അക്രമികള്‍ കൈകാര്യം ചെയ്തത്. ചിലയിടങ്ങളില്‍ അടിവസ്ത്രമുരിഞ്ഞുപോലും പൗരത്വം പരിശോധിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഷോപ്പുകളുടെ പേരുകള്‍ നോക്കി കൊള്ളയടിക്കപ്പെട്ടു. ഒരേ തെരുവിലെ ഹിന്ദു പേരുകളുള്ള നിരവധി ഷോപ്പുകള്‍ കൃത്യമായി അടഞ്ഞു കിടന്നപ്പോള്‍ മുസ്‌ലിം പേരുള്ള ഷോപ്പുകള്‍ ഷട്ടറുകള്‍ പൊളിച്ച് കൊള്ളയടിക്കപ്പെട്ടു. മുസ്‌ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പോലീസും സംഘ്പരിവാറിനു കൂട്ടുണ്ടായിരുന്നു. അക്രമങ്ങള്‍ അഴിച്ചുവിടൂവെന്ന് പോലീസ് സംഘ് അനുയായികളോട് ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. സെക‌്ഷന്‍ 144 പ്രഖ്യാപിക്കുകയും അര്‍ധ സൈനിക വിഭാഗങ്ങളെ പ്രദേശത്ത് ഇറക്കുകയും ചെയ്തെങ്കിലും അര്‍ധ രാത്രിയിലും അക്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. അക്രമത്തില്‍ ഒരു പോലീസുകാരനടക്കം പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. പരുക്കേറ്റവരുടെ എണ്ണം എത്രയാണെന്നു തിട്ടപ്പെടുത്താന്‍ പോലുമാകുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അക്രമം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നതിനു തെളിവുകള്‍ ആവോളമുണ്ട്.
ബി ജെ പി നേതാവ് കപില്‍ മിശ്ര കഴിഞ്ഞ ഞായറാഴ്ച മൗജ്പൂരില്‍ സി എ എ അനുകൂലികള്‍ നടത്തുന്ന ഒരു റാലിയെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. ഈ നേതാവ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആസൂത്രണവും അക്രമവും നടന്നത്. ജാഫറാബാദില്‍ ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച സ്ത്രീകളുടെ സമരം ശക്തി പ്രാപിച്ചു വരുന്നുവെന്ന് കണ്ടതോടെയാണ് ആസൂത്രിത അക്രമത്തിലേക്ക് സംഘ്പരിവാര്‍ നീങ്ങിയത്. ജാഫറാബാദ് സമരക്കാരെ നീക്കം ചെയ്യാന്‍ കപില്‍ മിശ്ര ഡല്‍ഹി പോലീസിന് മൂന്ന് ദിവസം സമയം നല്‍കി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. പോലീസ് അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ പോലീസിന് തങ്ങളെ അനുസരിപ്പിക്കാന്‍ സാധ്യമല്ലെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. ട്രംപ് ഇവിടെയുള്ളതു കൊണ്ടാണ് തങ്ങള്‍ വെറുതെയിരിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ് മടങ്ങിപ്പോകും. പിന്നെ തങ്ങളെ തടയാനാകില്ലെന്നായിരുന്നു മിശ്രയുടെ മറുപടി. എന്നാല്‍ ജയ് ഭീമും ആസാദിയും വിളിക്കുന്ന ജാഫറാബാദിലെ പ്രതിഷേധക്കാര്‍, തങ്ങള്‍ അവകാശങ്ങള്‍ക്കു വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും സി എ എ പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ഇതേ സ്ഥലത്ത് സമരപരിപാടികളുമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണത്തോടെയുള്ള അക്രമം അരങ്ങേറിയത്. അക്രമം ഉണ്ടാകുമെന്നതിന് കൃത്യമായ സൂചനകള്‍ നല്‍കി കഴിഞ്ഞ ദിവസം ഹിന്ദു വീടുകള്‍ക്ക് മുന്നില്‍ കാവി കൊടികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിന്ദുത്വ ആള്‍ക്കൂട്ടം ഗല്ലികള്‍ കയറി നിരങ്ങുമ്പോള്‍ ഹിന്ദു വീടുകള്‍ ഏതൊക്കെയാണെന്നും മുസ്‌ലിം വീടുകള്‍ ഏതൊക്കെയാണെന്നും തിരിച്ചറിയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ ആസൂത്രണം. പ്രദേശത്ത് ലോഡ് കണക്കിന് കല്ലുകള്‍ ഇറക്കിയിരുന്നു. മുസ്‌ലിം പ്രക്ഷോഭകരെ പരുക്കേല്‍പ്പിക്കാനാണിതെന്ന് ഒരു സംഘം പരസ്യമായി പറയുകയും ചെയ്തിരുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ ബി ജെ പിക്ക് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിദ്വേഷ പ്രസംഗം നടത്തുന്നവരെ പുറത്താക്കണമെന്നും ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരി ഒരു ദേശീയ ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ഇതെന്ന് ഓര്‍ക്കേണ്ടതുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയായോ എന്ന ചോദ്യത്തിന് തനിക്ക് അതില്‍ യാതൊരു സംശയവുമില്ലെന്നായിരുന്നു തിവാരി പ്രതികരിച്ചത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, പ്രകാശ് ജാവദേക്കര്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ വിവാദ വിദ്വേഷ പ്രസ്താവനകളാണ് തോല്‍വിയിലേക്ക് എത്തിച്ചതിനു പ്രധാന കാരണമായി മനോജ് തിവാരി ചടങ്ങില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയുമായി താരതമ്യപ്പെടുത്തിയ പര്‍വേഷ് വര്‍മയെ കുറിച്ചും ഇതിനെ പിന്തുണച്ച പ്രകാശ് ജാവദേക്കറുടെ അഭിപ്രായ പ്രകടനത്തെ കുറിച്ചും ചോദിച്ചപ്പോഴും ഇതേ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഏത് സാഹചര്യത്തിലായിരുന്നെങ്കിലും അത് വിദ്വേഷ പ്രസംഗമായിരുന്നു. അതുകൊണ്ട് പാര്‍ട്ടിക്ക് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. ഇത്തരം പ്രസംഗങ്ങളെ അന്നും ഇന്നും അപലപിക്കുന്നു. ഏത് നേതാവായാലും വിദ്വേഷ പ്രസംഗം നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മനോജ് തിവാരി പറഞ്ഞു. സി എ എ അനുകൂല റാലിയില്‍ രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത സഹപ്രവര്‍ത്തകന്‍ കപില്‍ മിശ്രയെ പോലുള്ളവരാണെങ്കില്‍ പോലും കടുത്ത നടപടിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നിട്ടും കപില്‍ മിശ്രക്കും അനുയായികള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ തെരുവില്‍ അഴിഞ്ഞാടാനാകുന്നുണ്ടെങ്കില്‍ മുസ്‌ലിം ഉന്‍മൂലനത്തിന് സംഘ്പരിവാരം തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടത്. ചിന്തിക്കുന്ന വല്ല ബി ജെ പി നേതാക്കളുമുണ്ടെങ്കില്‍ അവര്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നു തെളിയിക്കുന്നതു കൂടിയാണ് ഡല്‍ഹിയിലെ സംഭവം.
ഹിംസാത്മകതയോടു സത്യഗ്രഹം പ്രഖ്യാപിച്ച മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയ ട്രംപിനെയും കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെയാണ് തന്റെ ഭരണ സിരാ കേന്ദ്രത്തിനു വിളിപ്പാടകലെ, തന്റെ അനുയായി വൃന്ദം ഈ കലാപം നടത്തിയതെന്നത് വിരോധാഭാസമായിരുന്നു. മറ്റൊന്നു കൂടിയുണ്ട്, ഹൃദയവും ശരീരവും ഒരു പോലെ മുറിഞ്ഞ് എരിഞ്ഞു പൊള്ളി നില്‍ക്കുന്ന ഒരു ജനതക്കു ആത്മവിശ്വാസം നല്‍കാന്‍, എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് ജീവിതം ബാക്കിയുണ്ടെന്നോര്‍മപ്പെടുത്താന്‍ ആ രാത്രിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗല്ലികളിലൂടെ നടക്കാന്‍ ഒരു ഗാന്ധിയില്ലാതെ പോയി എന്നതാണത്. ഗാന്ധിയന്‍ ആശയങ്ങള്‍ നെഞ്ചിലുണ്ടെന്നു പറയുന്ന നമ്മുടെ നേതാക്കള്‍ സോഷ്യല്‍ മീഡിയയിലിരുന്ന് സമാധാനം പാലിക്കൂവെന്ന് ഓരിയിടുക മാത്രമായിരുന്നു ചെയ്തിരുന്നത്. സ്വാതന്ത്ര്യ ലബ്ധിയോടെ ഉടലെടുത്ത വിഭജന രാത്രിയില്‍ ബംഗാളിലെ നവഗല്ലിയില്‍ ഹിന്ദു മുസ്‌ലിം വീടുകളില്‍ മാറി മാറി കയറിയ ഒരു ഗാന്ധി ഇവിടെയുമുണ്ടായിരുന്നുവെങ്കില്‍ എന്ന് വെറുതെ മോഹിച്ചുപോകുന്നു. അങ്ങനെയൊരു പ്രതിപക്ഷ നേതാവെങ്കിലുമുണ്ടാകുമെന്ന് വെറുതെ പ്രതീക്ഷിക്കുന്നു. അതുവരെ ഇന്ത്യയുടെ ഹൃദയങ്ങളില്‍ നിന്ന് സബര്‍മതി ഒരുപാടു ദൂരെയായിരിക്കും. സബര്‍മതി ഈസ് ഫാര്‍ ഓഫ്.
–
ശാഫി കരുമ്പില്‍
mskvalakkulam@gmail.com