Connect with us

National

പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് അക്രമികള്‍ തടയുന്നു; വെടിയേറ്റ 14കാരനെ ആശുപത്രിയിലെത്തിച്ചത് അഞ്ച് മണിക്കൂറിന് ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ സംഘര്‍ഷത്തിനിടെ ഗുരുതര പരുക്കേറ്റ പലരേയും ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും കാറുകളിലും. അക്രമികള്‍ ആംബുലന്‍സുകള്‍ തടയുന്നതാണ് പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നതിന് തടസമാകുന്നതെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റവരെ പോലും അതിവേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രാവിലെ 11 മണിയോടെ വെടിയേറ്റ 14 കാരനെ വൈകിട്ട് 4.45ഓടെയാണ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് കുട്ടിയെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായ സ്ഥലത്തുവച്ച് വലതുകൈക്ക് പരിക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഖുറേജി ഖാസ് പ്രദേശത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൈഫ് (32)നെ വാനില്‍ കയറ്റിയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ റിക്ഷാ ഡ്രൈവറായ കൈഫ് വാഹനം നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. മുപ്പതോളം പേര്‍ കൈഫിനുനേരെ കല്ലെറിഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആസൂത്രിതമായ അക്രമമാണ്് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലും മൗജ്പൂരിലും ഉണ്ടായത്.പലയിടത്തും കല്ലേറുണ്ടാവുകയും വീടുകളും കടകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തു.