Connect with us

National

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം; ടി വി റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി  | പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതേഷേധിക്കുന്നവര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. മതവും പേരുകളും ചോദിച്ചാണ് അക്രമം.അതേ സമയം സംഘര്‍ഷത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ കെ 24X7റിപ്പോര്‍ട്ടര്‍ക്കാണ് നെഞ്ചില്‍ വെടിയേറ്റത്. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമാറാമാനും നേരെ ആക്രമണമുണ്ടായി.

ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടയുന്നുണ്ട്.  ചിലരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. അരവിന്ദ് ഗുണശേഖര്‍ എന്ന എന്‍ഡിടിവി റിപ്പോര്‍ട്ടറെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അരവിന്ദിന്റെ മുഖത്താണ് പ്രഹരമേറ്റത്. അരവിന്ദിനെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ട സഹപ്രവര്‍ത്തകന്‍ സൗരഭ് ശുക്ലയും അക്രമത്തിനിരയായി.

എന്‍ഡിടിവിയിലെ വനിതാ മാധ്യമപ്രവര്‍ത്തക മരിയം അലവിയും അക്രമത്തിനിരയായിട്ടുണ്ട്. ശ്രീനിവാസന്‍ ജെയിന്‍ എന്ന സഹപ്രവര്‍ത്തകനൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മരിയം.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. പലയിടത്തും ഡല്‍ഹി പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതായി ആരോപണമുണ്ട്.മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ പത്ത് പേരാണ് മരിച്ചത്. 160 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Latest