Connect with us

Gulf

ഗതാഗത നിയമ ലംഘനം: പിഴയിളവ് ഈ വര്‍ഷം മുഴുവന്‍

Published

|

Last Updated

ദുബൈ | ഗതാഗത നിയമ ലംഘനത്തിന്റെ പേരിലുള്ള പിഴയില്‍ ഇളവ് വരുത്തുന്ന നടപടി ഈ വര്‍ഷം മുഴുവന്‍ നീട്ടുമെന്ന് ദുബൈ പോലീസ്. വാഹനമോടിക്കുന്നവര്‍ക്ക് 100 ശതമാനം വരെ കിഴിവ് ലഭിക്കുന്ന പിഴയിളവ് സംരംഭം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഫെബ്രുവരി ആറിന് അവസാനിച്ചെങ്കിലും അനൗദ്യോഗികമായി തുടര്‍ന്നിരുന്നു. ഈ സംരംഭത്തിന്റെ രണ്ടാം പതിപ്പാണ് തിങ്കളാഴ്ച ആരംഭിച്ചത്.

മൂന്ന് മാസം നിയമ ലംഘനങ്ങള്‍ നടത്താതെ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ പിഴയില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ആറു മാസം ലംഘനങ്ങളൊന്നും നടത്താത്തവര്‍ക്കു 50 ശതമാനവും ഒമ്പത് മാസത്തിന് 75 ശതമാനവും 12 മാസത്തേക്ക് 100 ശതമാനവും കിഴിവ് ലഭിക്കും. ആദ്യ സംരംഭം സംബന്ധിച്ച് പഠനം നടത്തിയെന്നും ഫലപ്രദമായി എന്ന് കണ്ടെത്തിയെന്നും 2020 ല്‍ ഇത് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചുവെന്നും ദുബൈ പോലീസിന്റെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു.

557,430 പേര്‍ക്ക് പ്രയോജനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങള്‍ കുറഞ്ഞു. വാഹനമോടിച്ചവര്‍ ആകെ 546,970,930 ദിര്‍ഹം ലാഭിച്ചു. ശരാശരി ഒരു മോട്ടോര്‍ ഡ്രൈവര്‍ 981.24 ദിര്‍ഹം ലാഭിച്ചു. ഇക്കാലയളവില്‍ ട്രാഫിക് മരണങ്ങള്‍ 16 ശതമാനം കുറഞ്ഞു. വലിയ പരുക്കുകള്‍ 38 ശതമാനം കുറഞ്ഞു. ഗുണഭോക്താക്കളില്‍ 114,769 പുരുഷന്മാരും 444,661 സ്ത്രീകളുമാണ്.

1.5 ലക്ഷം ദിര്‍ഹം പിഴ ലാഭിച്ചു
ദുബൈ ദുബൈ പോലീസ് ട്രാഫിക് പിഴയിളവ് സംരംഭത്തില്‍ ഇമറാത്തി വനിത അമീറാ ഇസ്മായില്‍ ലാഭിച്ചത് 150,000 ദിര്‍ഹം. ഇവര്‍ക്ക് ഇത്രമാത്രം പിഴ ഉണ്ടായിരുന്നു. പിഴ എഴുതിത്തള്ളിയതായി അറിഞ്ഞ ഇവര്‍ അത്ഭുതപ്പെട്ടു. അമീറ ഇസ്മായിലിനു രണ്ട് കാറുകള്‍ക്ക് പിഴ അടയ്ക്കാനുണ്ടായിരുന്നു. പിഴയുടെ ഭാരം കാരണം രണ്ട് വര്‍ഷത്തിലേറെയായി അവര്‍ക്ക് രണ്ട് വാഹനങ്ങളുടെയും ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞില്ല. വാഹനമോടിക്കുന്നവര്‍ക്ക് 100 ശതമാനം വരെ പിഴ ഇളവ് അനുവദിക്കുന്ന പദ്ധതി പലര്‍ക്കും അനുഗ്രഹമായെന്നു പോലീസ് ചൂണ്ടിക്കാട്ടി.

നൂറ് ശ്തമാനം പിഴയിളവില്‍ നേട്ടം കൊയ്ത രാജ്യക്കാര്‍-
ജോര്‍ദാന്‍: 176,987
ഫിലിപ്പീന്‍സ്: 164,976
ഇന്ത്യ: 128,553
ഇറാന്‍: 11,800
ലബനാന്‍: 11,086
പാകിസ്ഥാന്‍: 92,974
യു എ ഇ: 88,146
ഈജിപ്ത്: 35,406
സിറിയ: 22,148
യുകെ: 9,990
ബംഗ്ലാദേശ്: 7,559
ഫലസ്തീന്‍: 5,158.