Connect with us

Gulf

നിയമവിരുദ്ധമായി നോട്ടീസ് വിതരണവും പോസ്റ്റര്‍ ഒട്ടിക്കലും; പിടിയിലാകുന്നവരെ നാടുകടത്തും

Published

|

Last Updated

ഷാര്‍ജ | നിയമവിരുദ്ധമായി നോട്ടീസ് വിതരണം ചെയ്യുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്യുന്നവരെ നാടുകടത്തുമെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി മുന്നറിയിപ്പു നല്‍കി. ഇത് സംബന്ധിച്ച് മുമ്പും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘകര്‍ക്ക് 4,000 ദിര്‍ഹം പിഴ ചുമത്തും. അല്‍ റഹ്മാനിയ പ്രദേശത്തെ താമസക്കാരില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. അനധികൃത പരസ്യദാതാക്കളെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ഷാര്‍ജ നഗരസഭയുമായി സഹകരിച്ചാണ് പരിശോധന.

നിയമലംഘനം കണ്ടെത്താന്‍ ആദ്യം പോലീസ് പട്രോളിംഗ് നടത്തും. പരസ്യക്കാരുടെ ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യും. വാതിലുകള്‍ക്കു മുന്നില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. 901 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇത്തരം നിയമലംഘകരെ നാടുകടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പലരും ഇതിനകം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്.

മതിലുകളിലും കെട്ടിടങ്ങളിലും അനധികൃതമായി പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും പരസ്യം ചെയ്യുന്നതും തടയാന്‍ ഷാര്‍ജ നഗരസഭ നഗരത്തിലുടനീളം 50 ഇന്‍സ്പെക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്. അനധികൃത പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും മറ്റ് പരസ്യങ്ങളും നീക്കംചെയ്തു. ഇന്‍സ്പെക്ടര്‍മാര്‍ ഇതിനകം 46 വ്യക്തികള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. പോസ്റ്ററുകളും ബില്ലുകളും ഒട്ടിച്ച ചില സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി. റോള, അല്‍ നഹ്ദ, അല്‍ ഖാസിമിയ, അറൂബ വാണിജ്യ, പാര്‍പ്പിട മേഖലകളില്‍ നിരീക്ഷണം നടത്താന്‍ പോലീസ് നഗരം ചുറ്റി സഞ്ചരിക്കുന്ന ഇന്‍സ്പെക്ടര്‍മാരുടെ ടീമുകള്‍ രൂപവത്ക്കരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest