Connect with us

National

ഡല്‍ഹി കലാപം; ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ സുപ്രീം കോടതിയില്‍ ആസാദിന്റെ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കി. ബി ജെ പി നേതാവ് കപില്‍ മിശ്രയാണ് അക്രമത്തിന് പ്രേരണ നല്‍കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. സി എ എ വിരുദ്ധരും അനുകൂലികളും തമ്മില്‍ ഡല്‍ഹിയിലെ ജാഫറാബാദിലും മോജ്പൂരിലുമായി തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ദക്ഷിണ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ 80 ദിവസമായി സമരം നടത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി ലെഫ്റ്റന്‍ന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് ആസാദ് കത്തെഴുതിയിട്ടുമുണ്ട്. “വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലുള്ള ദളിത് സമൂഹത്തിന്റെയും മുസ്‌ലിങ്ങളുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ട്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണം”- കത്തില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി മുതല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെങ്കിലും, മൂന്നു ദിവസത്തിനകം സമരക്കാരെ നീക്കണമെന്ന് കപില്‍ മിശ്ര ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവിടെയുള്ള സമയം വരെ കാത്തിരിക്കുമെന്നും അതിനു ശേഷവും റോഡില്‍ നിന്ന് സമരക്കാരെ നീക്കം ചെയ്യാന്‍ പോലീസ് തയാറായില്ലെങ്കില്‍ ഞങ്ങള്‍ തെരുവിലിറങ്ങുമെന്നും മിശ്ര വ്യക്തമാക്കിയിരുന്നു.