Connect with us

Gulf

ബഹ്‌റൈനിലും കുവൈത്തിലും ഇറാഖിലും ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ/കുവൈത്ത് സിറ്റി/ബാഗ്ദാദ് | ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വടക്കുകിഴക്കന്‍ ഇറാനിയന്‍ നഗരമായ മഷാദില്‍ നിന്ന് ശനിയാഴ്ച കുവൈത്തിയ 700 പേരില്‍ മൂന്ന് പേര്‍ക്കാണ് കുവൈത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 53 കാരനായ കുവൈറ്റ് പൗരനും 61 കാരനായ സഊദി പൗരനും 21 വയസുകാരനുമാണ് രോഗം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രീയവും നിലവാരമുള്ളതുമായ ശുപാര്‍ശകള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ആരോഗ്യ മന്ത്രാലയം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും രോഗം കണ്ടെത്തിയ സഊദി പൗരനെ സംബന്ധിച്ച് കുവൈറ്റ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനില്‍ ഇറാനില്‍ നിന്നെത്തിയ ബഹ്‌റൈന്‍ പൗരനാണ് രോഗം കണ്ടെത്തിയതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌പെഷ്യല്‍ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അടിയന്തര ചികിത്സകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലീല്‍ കാനൂ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി (ബിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ നിരീക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യമായ മെഡിക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇറാഖിലെ നജാഫ് നഗരത്തിലാണ് രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് കേസ് കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇറാന്‍ അതിര്‍ത്തിയിലെ പരിശോധനക്ക് മുമ്പ് ഇറാഖിലേക്ക് പ്രവേശിച്ചതായും ഇറാനില്‍ നിന്ന് വരുന്ന ഇറാഖികളല്ലാത്തവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി അവസാനവാരത്തില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് 77,000 ത്തോളം പേര്‍ക്ക് ബാധിക്കുകയും 2500 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറാനില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറാനിലേക്കുള്ള വിമാന, റോഡ്, ജല ഗതാഗത സര്‍വ്വീസുകള്‍ താല്കാലികളുമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Latest