Connect with us

Kerala

കര്‍ത്തവ്യ ബോധത്തിന്റെ മാതൃക തീര്‍ത്ത അവര്‍ യാത്രയായി; ഗിരീഷും ബൈജുവും ഇനി മരിക്കാത്ത ഓര്‍മ

Published

|

Last Updated

കൊച്ചി | തമിഴ്നാട് തിരുപ്പൂരിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ ടി ഡി ഗിരീഷും കണ്ടക്ടര്‍ ബൈജുവും മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ചവര്‍. എറണാകുളം-ബെംഗളൂരു റൂട്ടിലെ കെ എസ് ആര്‍ ടി സി സ്ഥിരയാത്രക്കാര്‍ക്ക് സുപരിചിതരാണ് ഇരുവരും. 2018 ല്‍ എറണാകുളം-ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ബസിലെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സുരക്ഷിതരായി ബന്ധുക്കളെ ഏല്‍പ്പിച്ചവരാണ് ഗിരീഷും ബൈജുവും. കാണിച്ച കര്‍ത്തവ്യ ബോധത്തിന് അന്നത്തെ കെ എസ് ആര്‍ ടി സി സി എം ഡി. ടോമിന്‍ തച്ചങ്കരിയില്‍ നിന്ന് ഇരുവര്‍ക്കും അഭിനന്ദന കത്ത് ലഭിച്ചിരുന്നു.

അപ്‌സമാരം ബാധിച്ച യാത്രക്കാരിയുമായി ഓടിയ ബസ് അവരെ ഹൊസൂരിനടുത്തുള്ള ജനനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ മുന്‍കൂറായി നല്‍കേണ്ടിയിരുന്ന പണം മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങി ഗിരീഷും ബൈജുവും കെട്ടിവച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ബന്ധുക്കളെത്തും വരെ ബൈജു യുവതിക്ക് കൂട്ടുനിന്നു. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബെംഗളൂരുവിലേക്കും പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് ബന്ധുക്കള്‍ ആശുപത്രിയിലെത്തി ഡിസ്ചാര്‍ജ് വാങ്ങി യുവതിയെ കൊണ്ടുപോയത്.

സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. തുടര്‍ന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരി ഇവര്‍ക്ക് അഭിനന്ദനക്കത്ത് അയക്കുകയായിരുന്നു. പ്രളയം മഹാദുരിതങ്ങള്‍ വിതച്ച സമയത്ത് ബെഗംളുരിവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കുന്നതിലും മികച്ച ഇടപെടലുകളാണ് ഗിരീഷും ബൈജുവും നടത്തിയത്.

 

Latest