Connect with us

Gulf

രിസാല സ്റ്റഡി സര്‍ക്കിള്‍ : കലാലയം കഥ, കവിത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published

|

Last Updated

ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പതിനൊന്നാമത് സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സഊദിയിലെ പ്രവാസി എഴുത്തുകാര്‍ക്കായി പ്രഖ്യാപിച്ച കലാലയം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കഥാ പുരസ്‌കാരത്തിന് റിയാദിലെ നജീം കൊച്ചുകലുങ്കിന്റെ “ഒറ്റക്കൊരു ആത്മാവും” കവിതാ പുരസ്‌കാരത്തിന് ദമാമിലെ സോഫിയ ഷാജഹാന്റെ “ചില വിവര്‍ത്തനങ്ങളു”മാണ് അര്‍ഹത നേടിയത്.

പ്രവാസികളിലെ സര്‍ഗാത്മകത വീണ്ടെടുത്ത് പുതിയ കാലത്തെ സര്‍വാധിപത്യത്തിനെതിരെ രചനാത്മകമായി നിലകൊള്ളാനുള്ള ശേഷിയൊരുക്കുകയാണ് ഈ അംഗീകാരത്തിലൂടെ “കലാലയം” ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പുരസ്‌കാരത്തിന് ലഭിച്ച സൃഷ്ടികളെല്ലാം കാലത്തിന്റെ ചിന്താസ്പന്ദനങ്ങളില്‍ ജീവിക്കുന്നവയായി അനുഭവപ്പെട്ടെന്ന് ജൂറി അംഗങ്ങളായ പി കെ ഗോപി, ടി ഡി രാമകൃഷ്ണന്‍, എ പി മുസ്തഫ മുക്കൂട് എന്നിവര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യുകയും പ്രകൃതിയെയും മനുഷ്യ സത്തയെയും ഉപാസിക്കുകയും ചെയ്യുന്ന രചനകള്‍, സൗന്ദര്യത്തെ വാക്കിന്റെ ചൈതന്യമാക്കി അവതരിപ്പിച്ചിരിക്കുകയാണെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു.

പുരസ്‌കാര ജേതാക്കളായ സോഫിയ ഷാജഹാന്‍ ദമാം ദാറിസ്സിഹ മെഡിക്കല്‍ സെന്ററില്‍ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. നജീം കൊച്ചുകലുങ്ക് ഗള്‍ഫ് മാധ്യമം സഊദി ബ്യൂറോ ചീഫാണ്. നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം തുടങ്ങി അഞ്ച് പുസ്തകങ്ങള്‍ സോഫിയയുടെതായുണ്ട്. 1996 മുതല്‍ പത്ര പ്രവര്‍ത്തന രംഗത്ത് സജീവമായ നജീം പ്രവാസ അനുഭവങ്ങളില്‍ നിന്നെഴുതിയ പുസ്തകമാണ് “കനല്‍ മനുഷ്യര്‍”. ഇരുവരും ആനുകാലികങ്ങളില്‍ എഴുതുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ദമാം അല്‍ ഖോബാറില്‍ നടന്ന സഊദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവില്‍ 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ കലീം അഹ്മദ് സമ്മാനിച്ചു. പരിപാടിയില്‍ ഡോ. അബ്ദുല്‍സലാം കണിയന്‍, കെ പി മമ്മു മാസ്റ്റര്‍, മാലിക് മഖ്ബൂല്‍, സാജിദ് ആറാട്ടുപുഴ, ജാബിറലി പത്തനാപുരം, സിറാജ് വേങ്ങര, നൗഫല്‍ ചിറയില്‍, ഷഫീഖ് ജൗഹരി, കബീര്‍ ചേളാരി, മുജീബ് തുവ്വക്കാട് പങ്കെടുത്തു.

---- facebook comment plugin here -----

Latest