Connect with us

Kerala

മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം. ഇന്ന് നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളിക്കു പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. വി ഡി സതീശനാണ് വിമര്‍ശനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കെ സുധാകരന്‍, കെ മുരളീധരന്‍, പി സി ചാക്കോ, വി എം സുധീരന്‍ തുടങ്ങിയ നേതാക്കളും നേതൃത്വത്തിനെതിരേ വാളോങ്ങി.

നേതാക്കള്‍ തമ്മില്‍ ഫോണില്‍ പോലും യാതൊരു ആശയ വിനിമയവും നടത്താറില്ലെന്ന് സതീശന്‍ യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ക്കിടയില്‍ ഐക്യമില്ലെന്നും പാര്‍ട്ടിയെ തുലയ്ക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ പി സി സി അധ്യക്ഷന്‍ താനുമായി ഒരു കാര്യവും കൂടിയാലോചിക്കാറില്ലെന്നായിരുന്നു പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റും എം പിയുമായ കെ സുധാകരന്റെആക്ഷേപം. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ഒന്നര വര്‍ഷം പിന്നിട്ടിട്ടും തനിക്ക് ഇന്നുവരെ കെ പി സി സി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്‍ തന്നെയും വന്ന് കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളിയും മൂന്ന് തവണ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ലെന്ന് സുധാകരനും പറഞ്ഞതോടെ വാദപ്രതിവാദങ്ങള്‍ക്ക് കടുപ്പമേറി.

ലീഡര്‍ കെ കരുണാകരന്‍ പോലും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്നും അധികാരമില്ലാതിരുന്നപ്പോഴുള്ള കരുണാകരന്റെ അവസ്ഥ എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും വി എം സുധീരന്‍ പറഞ്ഞു.