Connect with us

Kerala

ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാന്‍ നീക്കം; അഴിമതിക്ക് അരങ്ങൊരുങ്ങുന്നു: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാന്‍ ആഭ്യന്തരവകുപ്പ് നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ റോഡുകളില്‍ നടക്കുന്ന ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിക്കാനും അതില്‍ ജനങ്ങളില്‍ നിന്ന് പിഴയീടാക്കാനും ഒരു സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്ന വിചിത്ര പദ്ധതി സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തയ്യാറാകുന്നതായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 180 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയിലാണ് അഴിമതിക്ക് അരങ്ങൊരുങ്ങന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഈ നടപടി കാരണം ഒരു സ്വകാര്യ കമ്പനിക്ക് വന്‍ തോതില്‍ ലാഭമുണ്ടാകാന്‍ പോകുകയാണ്.പദ്ധതിയനുസരിച്ച് സംസ്ഥാനത്തൊട്ടാകെ സ്വകാര്യ കമ്പനി 350 സ്പീഡ് ലിമിറ്റ് വയലേഷന്‍ ക്യാമറകളും, 30 റെഡ് ലൈറ്റ് വയലേഷന്‍ ക്യാമറകളും, 100 ഹെല്‍മെറ്റ് ആബ്‌സന്‍സ് ഡിറ്റെക്ഷന്‍ ക്യാമറകളും സ്ഥാപിക്കും. ഇവര്‍ തന്നെ ട്രാഫിക് കുറ്റങ്ങള്‍ കണ്ട് പിടിച്ച് പോലീസിനെ ഏല്‍പ്പിക്കും ,പൊലീസ് പിഴ ചുമത്തുന്നതാണ് പദ്ധതി.

ചുമത്തുന്ന പിഴ തുകയുടെ 90 ശതമാനവും മെയിന്റന്‍സ് ചാര്‍ജ്ജായും, സര്‍വ്വീസ് ചാര്‍ജ്ജായും സ്വകാര്യ കമ്പനിക്ക് നല്‍കും 10 ശതമാനം മാത്രമാണ് സര്‍ക്കാരിന് ലഭിക്കുക. ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത് കാരണം തല്‍ക്കാലം ഇതില്‍ ഒപ്പ് വയ്ക്കാതെ മാറ്റി വച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ടു.

കെല്‍ട്രോണ്‍ വഴി മീഡിയട്രോണിക്‌സ് എന്ന സ്വകാര്യ കമ്പനിക്ക് പദ്ധതി നല്‍കാനാണ് നീക്കമെന്ന് ചെന്നിത്തല പറയുന്നു. സിഡ്‌കോ കിട്ടുന്ന തുകയുടെ 40 ശതമാനം സര്‍ക്കാരിന് നല്‍കാമെന്ന് വ്യവസ്ഥ വച്ചിട്ടും മീഡിയട്രോണിക്‌സിനായി ഈ നിര്‍ദ്ദേശം തള്ളി കെല്‍ട്രോണിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മീഡിയട്രോണിക്‌സിന് പിന്നില്‍ ഗാലക്‌സോണ്‍ എന്ന വിവാദ കമ്പനി തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു