Connect with us

International

ചൈനയില്‍ കൊറോണ മരണം 1770; 70548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ബീജിംഗ് |  കൊറോണ വൈറസ് (കോവിഡ് 19) മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 1770 ആയി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും ദിവസം കഴിയുന്തോറും സ്ഥിതി കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 2048 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗം ബാധിച്ചവര്‍ 70548 ആയി.

അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനക്ക് സഹായം നല്‍കുക എന്ന ലക്ഷ്യവുമായി ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ ചൈനയിലെത്തി. ഡബ്ല്യു എച്ച് ഒയുടെ 12 അംഗ സംഘമാണ് ചൈനയിലെ വിദഗ്ദര്‍ക്കൊപ്പം ബീജിംഗ്, ഗുവാംഗ്്‌ദോംഗ്, സി ചുവാന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നത്.

രോഗ ബാധിത പ്രദേശങ്ങളിലേക്ക് 30000 പേരുടെ സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. 11000 തീവ്രപരിചരണ വിദഗ്ധരെ രോഗികളില്‍ ബഹുഭൂരിപക്ഷവുമുള്ള വുഹാന്‍ നഗരത്തിലേക്ക് അയച്ചിരുന്നു. രാജ്യമാകെ കോവിഡ് 19ന് എതിരായ പോരാട്ടത്തിലായതിനാല്‍ അടുത്തമാസം നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം മാറ്റിവച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ(എന്‍പിസി) സമ്മേളനവും മാറ്റിവെക്കും.

 

 

Latest