Connect with us

National

ഷഹീന്‍ബാഗിലെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട്  മധ്യസ്ഥ ചർച്ചക്ക് സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സമരനേതാക്കളുമായി ചര്‍ച്ച നടത്താൻ മുതിർന്ന രണ്ട് അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരെ കോടതി ചുമതലപ്പെടുത്തി. ഇവർക്കൊപ്പം മുൻ ചീഫ് വിവരാവകാശ കമ്മീഷണറായിരുന്ന വജാഹത്ത് ഹബീബുള്ളയും ചർച്ചയിൽ പങ്കെടുക്കും.

സമരക്കാരെ കാണുകയും, അവരുടെ സമരവേദി മറ്റൊരിടത്തേക്ക് മാറ്റാനാകുമോ എന്നുമാണ് ചർച്ച ചെയ്യുക. ഷൽഹീൻബാഗ് സമരം റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതാണെന്നും നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങളുണ്ടായിരുന്നു. സമരം ചെയ്യാനുള്ള മൗലികാവകാശം എല്ലാവർക്കുമുണ്ടെന്നും റോഡ് ഗതാഗതം തടസ്സപ്പെടുത്താതെ സമരം തുടരാനുള്ള എന്തെങ്കിലും വഴി സ്വീകരിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.  സമരക്കാർക്ക് തന്നെ മറ്റൊരു വേദി സ്വീകരിക്കാമെന്നും, അത് എവിടെ വേണമെന്നത് അവർക്ക് തീരുമാനിക്കാമെന്നുമാണ് ഡൽഹി പോലീസ് അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചത്.

അതേസമയം, ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിൽ പ്രതിഷേധം തുടരാൻ തയ്യാറാണെന്നും ഞങ്ങൾക്ക് അൽപം സമയം തന്നാൽ സ്വയം മാറാൻ തയ്യാറാണെന്നും  സമരക്കാരുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഫെബ്രുവരി 24-ന് വീണ്ടും വാദം കേള്‍ക്കും.

പൗരത്വനിയമഭേദഗതിക്ക് എതിരെ രണ്ടു മാസത്തോളമായി ദക്ഷിണ ഡൽഹിയിലെ ഷഹീൻ ബാഗിൽ നൂറ് കണക്കിന് അമ്മമാരടക്കം കൊടുംതണുപ്പിലും സമരം നടത്തി വരികയാണ്.