Connect with us

Articles

ഇന്ത്യയെന്ന ആശയത്തിന് വേണ്ടി

Published

|

Last Updated

ഭരണഘടനയെ പോലും വെല്ലുവിളിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ഗൂഢ നീക്കത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് ഇപ്പോഴും കേന്ദ്ര ഭരണകൂടത്തിന്റെ നിലപാട്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്നലെയും ആവര്‍ത്തിച്ച് പ്രസ്താവിച്ചത്, പൗരത്വ ഭേദഗതി നിയമത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ്. എത്ര എതിര്‍പ്പുകളുണ്ടായാലും സി എ എയില്‍ നിന്ന് പിന്നോട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം ഇന്ത്യയെന്ന മഹാ ആശയത്തോടുള്ള വെല്ലുവിളിയാണ്.
വ്യത്യസ്ത ഭാഷകളും വര്‍ണങ്ങളും മത വിശ്വാസങ്ങളും വര്‍ഗങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന് ഒരു പൂങ്കാവനത്തിലെ പലതരത്തിലുള്ള പൂക്കളെ പോലെ ഒത്തൊരുമയോടെ കഴിയുന്നവരാണ് ഇന്ത്യക്കാര്‍. ബഹുസ്വരതയെന്ന വികാരമാണ് ഇന്ത്യന്‍ ജനതയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് തന്നെ. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് തിരിച്ചറിഞ്ഞ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കള്‍ ഈ തത്വത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാല്‍ സമകാലീന ഇന്ത്യ വന്‍ വെല്ലുവിളികളാണ് നേരിടുന്നത്. ഭരണ രംഗത്തുള്ളവര്‍ തന്നെ രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് ഭരണകൂടം നടന്നടുക്കുന്നത്. പക്ഷേ, ഇന്ത്യയെന്ന വികാരം നെഞ്ചേറ്റിയവര്‍ ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ തെരുവുകളില്‍ പ്രക്ഷോഭം ശക്തമാക്കിയതോടെ ഭിന്നിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ ഭയപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തോക്കിന് മുമ്പില്‍ പോലും സമര വീര്യം കെടാതെ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ മത, രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ഇന്ത്യയെന്ന മഹാ ആശയത്തിന് അന്ത്യമുണ്ടാകില്ലെന്ന പ്രത്യാശ നല്‍കുന്നു.

മുസ്ലിംകളെ വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെങ്കിലും എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളും ഈ നിയമത്തിനെതിരെ രംഗത്തു വന്നതോടെ ഇന്ത്യയുടെ ഐക്യവും ഒത്തൊരുമയും വീണ്ടും ലോക ജനത കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികളുള്‍പ്പെടെ ഈ നിയമത്തിനെതിരെ പ്രക്ഷോഭ പാതയിലാണ്. എന്നാല്‍ ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന് പോലും വകവെക്കാതെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ബി ജെ പി സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ട ജാമിഅ മില്ലിയ്യയിലെ ലൈബ്രറിയില്‍ കയറി പോലീസ് കാട്ടിക്കൂട്ടിയ അക്രമമുറകള്‍ എന്തായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അതിന്റെ ദൃശ്യങ്ങള്‍ കണ്ട ആര്‍ക്കും ബോധ്യപ്പെടും. ബി ജെ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മാത്രം പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനിടെ എട്ട് വയസ്സുകാരനുള്‍പ്പെടെ 18 പേരാണ് മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടും പല സംസ്ഥാനങ്ങളിലും ഇന്ത്യയെന്ന ആശയം നിലനിര്‍ത്തുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ വെടിവെച്ച് കൊന്ന് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ തുടക്കം മുതലുള്ള ശ്രമങ്ങള്‍. എന്നാല്‍ ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്ത പൂര്‍വീകരുടെ പിന്‍ഗാമികളായ ഇന്ത്യക്കാര്‍ സംഘ്പരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെ തെരുവുകളില്‍ അടരാടുകയാണ്. ജാമിഅ മില്ലിയ്യയിലും അലീഗഢിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ലോക മാധ്യമങ്ങളുള്‍പ്പെടെ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

പൗരത്വം ഔദാര്യമല്ലെന്നും അവകാശമാണെന്നും പ്രഖ്യാപിച്ച് രാജ്യത്ത് നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പ്രതിഷേധങ്ങളുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കിടാന്‍ കേന്ദ്രം നീക്കം നടത്തുന്നു. പ്രതിഷേധങ്ങള്‍ ശക്തമായാല്‍ ഇന്റര്‍നെറ്റ് വിഛേദിച്ച് വാര്‍ത്താ വിതരണം തടസ്സപ്പെടുത്തുന്നു. സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇങ്ങനെ തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് ഇതേക്കുറിച്ച് പല രാഷ്ട്രീയ നിരീക്ഷകരും പ്രതികരിച്ചത്. ജനകീയ പ്രക്ഷോഭത്തെ രാജ്യ വിരുദ്ധ കലാപമാക്കി ചിത്രീകരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എങ്ങനെ ചിത്രീകരിച്ചാലും മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും ഇന്ത്യന്‍ ജനത തയ്യാറല്ലെന്ന് തന്നെയാണ് മാസങ്ങളായി ഉയരുന്ന പ്രതിഷേധാഗ്നി തെളിയിക്കുന്നത്.

നിയമ നിര്‍മാണം പാര്‍ലിമെന്റിനെ മറികടന്നുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. യാതൊരുവിധ ചര്‍ച്ച കൂടാതെയും പാര്‍ലിമെന്റിന്റെ ബന്ധപ്പെട്ട കമ്മിറ്റികളുടെ പരിശോധനക്ക് വിടാതെയും രാജ്യത്തെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളില്‍ നിയമം നിര്‍മിക്കുന്നത് മോദി ഭരണത്തില്‍ നാം കണ്ടതാണ്. ഇതോടെ ഭരണഘടനാ സ്ഥാപനങ്ങള്‍ പലതും നോക്കുകുത്തിയായി. ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന് വിശേഷിപ്പിക്കുന്ന രാജ്യത്തെ കോടതികള്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളും സംഘടനകളും സമര്‍പ്പിച്ച അറുപതോളം ഹരജികള്‍ ഡിസംബര്‍ 18ന് പരമോന്നത നീതിപീഠമായ സുപ്രീം കോടതി പരിഗണനക്കെടുത്തപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയാതെ ഒന്നും പറയാനോ തീരുമാനമെടുക്കാനോ ആകില്ലെന്നും വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നോട്ടീസയക്കാമെന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ഇതിന്റെ തെളിവാണ്. ഭേദഗതിക്ക് സ്റ്റേ വേണമെന്ന ആവശ്യവും കോടതി നിരസിച്ചു. പൗരത്വ നിയമത്തിനെതിരെ രാജ്യം പ്രതിഷേധച്ചൂടില്‍ ആളിക്കത്തുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ ഇത്തരത്തിലുള്ളൊരു വിധിയുണ്ടായതെന്നതും ശ്രദ്ധേയമാണ്.

ജനുവരി 22ന് ഹരജികള്‍ വീണ്ടും പരിഗണിച്ചപ്പോഴും രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെയും ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാതെയും ഈ കരി നിയമം സ്റ്റേ പോലും ചെയ്യാതെ ഭരണകൂടത്തിന് വിശദീകരണം നല്‍കാന്‍ വീണ്ടും നാലാഴ്ച സമയം കൊടുത്തതിലും അത്ഭുതപ്പെടാനില്ല. ജാമിഅ മില്ലിയ്യയിലും അലീഗഢ് യൂനിവേഴ്സിറ്റിയിലും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിനെ കുറിച്ചും ക്യാമ്പസുകളില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങളെ കുറിച്ചും കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹരജികളിലും സുപ്രീം കോടതി ഇടപെടാതെ ഹരജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതും നാം കണ്ടു. ഗൗരവകരമായ വിഷയങ്ങളില്‍ അതീവ ജാഗ്രതയോടെ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യാറുള്ള ജുഡീഷ്യറി തന്നെ ജനവികാരം പോലും മാനിക്കാതെ ഭരണകൂടത്തിന് വേണ്ടി ഉത്തരവിറക്കി സര്‍ക്കാറുകളെ സഹായിക്കുന്ന അവസ്ഥാവിശേഷത്തിലേക്ക് എത്തിയിരിക്കുകയാണോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് സര്‍ക്കാറുകള്‍ വ്യതിചലിക്കുമ്പോള്‍ മുമ്പൊക്കെ കോടതികള്‍ താക്കീത് നല്‍കാറുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതില്ല. ഇതോടെ ജനങ്ങള്‍ക്ക് നീതിന്യായ കോടതികളിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി കൂടെക്കൂട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന കാഴ്ചയാണ് സമീപകാല ഇന്ത്യയില്‍ കണ്ടുവരുന്നത്. ഗവര്‍ണര്‍, രാഷ്ട്രപതി തുടങ്ങിയ ഉന്നത പദവികള്‍ ഭരണകൂടം നല്‍കണമെങ്കില്‍ അതിനുള്ള കുറഞ്ഞ യോഗ്യത എന്തായിരിക്കുമെന്നത് അടുത്തിടെ ഉണ്ടായ കോടതി വിധികള്‍ വ്യക്തമാക്കുന്നുണ്ട്. അധികാരക്കൊതി മൂത്ത് രാഷ്ട്രീയക്കാരുടെ കെണിവലയില്‍ നീതിപീഠ മനസുകള്‍ വഴുതി വീണാല്‍ പൊലിഞ്ഞുപോകുന്നത് ഇന്ത്യയെന്ന ആശയമാണ്. ഭരണകൂടത്തിന് മേലുള്ള എല്ലാ ഭരണഘടനാ നിയന്ത്രണങ്ങളും വളരെ വേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന. വിരമിച്ച ഒരു ജഡ്ജിക്കും ഒരു രാഷ്ട്രീയ നിയമനവും ലഭിക്കാത്ത വിധത്തില്‍ നിയമ നിര്‍മാണം അനിവാര്യമായിരിക്കുന്നു.

അതോടൊപ്പം തെരുവുകള്‍ ഇനിയും സമരഭൂമിയാകണം. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകര്‍ക്കുന്ന സി എ എ പോലുള്ള നിയമങ്ങളില്‍ ഉറച്ചുനില്‍ക്കാനാണ് കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനമെങ്കില്‍ സമരങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ ജനാധിപത്യ വിശ്വാസികളും തീരുമാനിക്കണം. ഇന്ത്യക്കാരനെന്ന വികാരമുള്ളവരെല്ലാം ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങേണ്ട സമയമാണിത്.

പി പി ജാഫര്‍ അബ്ദുര്‍റഹീം

---- facebook comment plugin here -----

Latest