Connect with us

National

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വീണ്ടും അധികാരമേല്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വീണ്ടും അധികാരമേല്‍ക്കും. രാവിലെ പത്ത് മണിക്ക് രാം ലീല മൈതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇതോടൊപ്പമുണ്ടാകും. ഇതിനായി രാംലീലാ മൈതാനിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി ഡല്‍ഹി പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയെയും കെജ്‌രിവാള്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മോദി പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്നുള്ള എം.പിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കുമാണ് ചടങ്ങിലേക്ക് ക്ഷണം. എന്നാല്‍ ഇവരില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ വ്യക്തമല്ല.

അതിനിടെ, സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അപേക്ഷിച്ച് ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കത്തയച്ചു. പൊതുവിദ്യാഭ്യാസ രംഗത്തിന് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ കാലത്തും ആം ആദ്മി പറഞ്ഞിരുന്നത്. അതേസമയം, സ്‌കൂള്‍ അധ്യാപകരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്താന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തയിട്ടുണ്ട്.

നിലവിലെ ഏഴ് മന്ത്രിമാരും പുതിയ സര്‍ക്കാറിലും തുടരുമെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായി തുടരും. രാജേന്ദ്രപാല്‍ ഗൗതം, കൈലാഷ് ഗെഹ്്ലോട്ട്, ഇംറാന്‍ ഹുസൈന്‍, സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായ് എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. പുതിയ എം.എല്‍.എമാരില്‍ രാഘവ് ചദ്ദ, അതിഷി മര്‍ലേന എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. രാഘവ് ചദ്ദക്ക് ധനകാര്യവും അതിഷിക്ക് വിദ്യാഭ്യാസവും നല്‍കിയേക്കും.

ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അമാനത്തുല്ല ഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് രാംലീലാ മൈതാനത്ത് ചടങ് സംഘടിപ്പിക്കുന്നത്.