Connect with us

Kerala

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തു; ഉടന്‍ അറസ്റ്റിന് സാധ്യതയില്ല

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരം പൂജപ്പൂര വിജിലന്‍സ് ഓഫീസില്‍ ഡി വൈ എസ് പി. ശ്യം കുമാര്‍, എസ് പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞിനോടു ചോദിച്ചു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു.

മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലന്‍സ് തയാറാക്കിയത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ ഡി എസ് പ്രോജക്ട്‌സ് ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്ത രേഖകള്‍ ഏജിക്ക് കൈമാറാനാണ് വിജിലന്‍സ് തീരുമാനം. വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിര്‍മാണക്കരാര്‍ കിട്ടിയ കമ്പനിയായ ആര്‍ ഡി എസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍ നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.

വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കിറ്റ്‌കോ മുന്‍ എം ഡി സുമിത് ഗോയല്‍,നിര്‍മാണ കമ്പനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഗവര്‍ണറില്‍ അന്വേഷണാനുമതി കിട്ടിയതോടെ നിയമസഭാ സമ്മേളനം കഴിഞ്ഞു ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസയച്ച് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കൊച്ചിയില്‍ വച്ച് ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത ആര്‍ ഡി എസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ വ്യക്തമായ രേഖകള്‍ വിജിലന്‍സിന് ലഭിച്ചത്. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകി വീണ്ടും ചോദ്യം ചെയ്യലിലേക്കെത്തിയത്.

Latest