Connect with us

Kozhikode

കാലാവസ്ഥാ വ്യതിയാനം: പുഴകളിൽ ജെല്ലി മത്സ്യങ്ങൾ കൂട്ടത്തോടെ എത്തുന്നു

Published

|

Last Updated

കോഴിക്കോട് | ജെല്ലി മത്സ്യങ്ങൾ കൂട്ടത്തോടെ പുഴയിലെത്തുന്നത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി. സാധാരണ പുഴയിലെ വെള്ളം കുറയുമ്പോഴാണ് ജെല്ലി ഫിഷുകൾ കൂട്ടത്തോടെ പുഴയിൽ എത്തുക. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവയെ കൂടതലായും പുഴകളിൽ കണ്ടു വരുന്നത്. എന്നാൽ ഇത്തവണ ജനുവരി മുതൽ തന്നെ ജല്ലി മത്സ്യങ്ങൾ പുഴകളിൽ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്താലാണോ ഇങ്ങനെ വ്യാപകമായി ജെല്ലി മത്സ്യങ്ങൾ പുഴയിലെത്തിയതെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കേരളത്തിൽ കടലിനോട് ചേർന്ന് വരുന്ന ഒട്ടുമിക്ക പുഴകളിലും ജല്ലി മത്സ്യങ്ങൾ വ്യാപകമായി കണ്ട് വരുന്നുണ്ട്. തണ്ടാടി, വീശിവല, കുറ്റിവലകൾ ഉപയോഗിച്ച് മീൻപിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ജെല്ലി മത്സ്യങ്ങൾ കൂട്ടത്തോടെ വലയിൽ കുടുങ്ങിയാൽ ഇതിന്റെ ഭാരം കാരണം വലകൾക്ക് നാശം സംഭവിക്കും. ഇവ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ചെറുമീനുകൾക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ജെല്ലി മത്സ്യങ്ങളെ കാണാൻ കൗതുകമാണെങ്കിലും ഇവ മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന അവസ്ഥയാണുള്ളത്. ഇവയുടെ ശരീരത്തിൽ തൊട്ടാൽ ചൊറിച്ചിലും നീറ്റലും തടിപ്പും ഉണ്ടാകും. അത് കൊണ്ട് തന്നെ വലയിലാകുന്ന ജല്ലിമത്സ്യങ്ങളെ എടുത്ത് കളയാൻ ബുദ്ധിമുട്ടാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നത്. എന്നാൽ കടലിൽ ചൂട് വർധിച്ചതിനാലാണ് ഇപ്പോൾ ഇവ പുഴകളിലേക്ക് എത്തി തുടങ്ങിയിരിക്കുന്നത്. ചെറു മത്സ്യങ്ങളെ തിന്നുന്നതിനാൽ പുഴകളിലെ മത്സ്യസമ്പത്തിനും ഇവ ഭീഷണിയായി മാറിതുടങ്ങിയിട്ടുണ്ട്. കടലിൽ മത്തിയുടെയും ട്യൂണ മത്സ്യങ്ങളുടേയും ലഭ്യത കുറഞ്ഞു വരുന്നതിനും ഒരു പരിധി വരെ ജെല്ലിമത്സ്യങ്ങൾ കാരണമാകുന്നുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. ആഞ്ഞിപോത്ത്, കടൽച്ചൊറി തുടങ്ങിയ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇരുന്നൂറോളം ഇനത്തിൽപെട്ട ജെല്ലി മത്സ്യങ്ങളുണ്ട്. ബാത്തി കോറസ്, കോസ്‌റ്റോറിക്കൽ ജെല്ലി, ഫ്ലവർഹാറ്റ് ജെല്ലി, മൂൺ ജെല്ലി മത്സ്യം, കാനോൾ ബാൾ ജെല്ലി, ബ്ലൂജെല്ലി ഫിഷ്, അറ്റോള വിവിലേയി എന്നിവയാണ് ഇവയിൽ പ്രധാനികൾ. ബോക്‌സ് ജെല്ലിമത്സ്യമാണ് ഏറ്റവും അപകടകാരി. സൂക്ഷ്മമായ അളവിൽ ഇതിന്റെ വിഷം ഏറ്റാൽ തന്നെ ഹൃദയം നിലച്ച് മനുഷ്യർ മരണപ്പെടും. പുഴകളിലും കടലുകളിലും ജെല്ലി മത്സ്യങ്ങൾ പെരുകുന്നത് ഭീഷണിയാണ്. കടലാമയുടെ ഇഷ്ടഭക്ഷണമാണ് ജെല്ലി മത്സ്യം. കടലാമയുടെ വംശനാശമാണ് ഇത് പെരുകാനിടയായതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട്

Latest