Connect with us

Kannur

ഗ്രാമീണ തപാൽ ജീവനക്കാർ 'ബിസിനസ് സമ്മർദത്തിൽ'

Published

|

Last Updated

കണ്ണൂർ | ബിസിനസ് വർധിപ്പിക്കാനുള്ള സമ്മർദത്തിലും ആശങ്കയിലുമാണ് ഗ്രാമീണ തപാൽ ജീവനക്കാർ. ബ്രാഞ്ച് പോസ്റ്റോഫീസുകളിലേക്ക് ബിസിനസ് കൂട്ടണമെന്ന മേലധികാരികളുടെ നിർദേശം എത്തിക്കഴിഞ്ഞു. മാത്രമല്ല ബിസിനസ് കുറഞ്ഞാൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിലും കുറവ് വരുമെന്ന മുന്നറിയിപ്പുമുണ്ട്.
ഇതുസബന്ധിച്ച് മേലുദ്യോഗസ്ഥർ തന്നെ ജീവനക്കാർക്ക് സൂചന നൽകിയിട്ടുണ്ട്. ബിസിനസ് കുറയുന്ന പക്ഷം അതിന്റെ പേരിൽ നിലവിൽ ലഭിക്കുന്ന വേതനം കുറയും. ഇതോടെ ഗ്രാമീണ തപാൽ ജീവനക്കാർ ആശങ്കയിലാണ്. ആർ ഡി നിക്ഷേപങ്ങൾ, സുകന്യ നിക്ഷേപ പദ്ധതി, സേവിംഗ് അക്കൗണ്ട്, ടി ഡി നിക്ഷേപം തുടങ്ങി വിവിധ തപാൽ നിക്ഷേപ പദ്ധതികൾക്കായി ആളുകളെ ചേർക്കുന്നതിനാണ് നിർദേശം. ഇതിനായി ഗ്രാമീണ തപാൽ ജീവനക്കാർ ഫീൽഡിലും പ്രവർത്തിക്കേണ്ടി വരും. ബിസിനസ് വർധിച്ചില്ലെങ്കിൽ ഇപ്പോൾ തന്നെ തുച്ഛമായ വരുമാനം ലഭിക്കുന്ന ഗ്രാമീണ തപാൽ ജീവനക്കാർ നിലവിലുള്ള ആനുകൂല്യത്തിലും കുറവ് വരുമോയെന്ന ആശങ്കയിലാണ്.

സംസ്ഥാനത്ത് പതിനയ്യായിരം ഗ്രാമീണ തപാൽ ജീവനക്കാരുണ്ട്. രാജ്യത്ത് രണ്ടര ലക്ഷമാണ് ഗ്രാമീണ തപാൽ ജീവനക്കാരുടെ എണ്ണം. തുച്ഛവേതനം മാത്രമുള്ള, പെൻഷനോ ഗ്രാറ്റുവിറ്റിയോ പ്രസവാവധിയോ ഒന്നുമില്ലാത്ത ജീവനക്കാരാണ് ജി ഡി എസ് വിഭാഗത്തിലുള്ളത്. 2018 സെപ്റ്റംബർ മാസം മുതൽ ബേങ്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച തരത്തിൽ എല്ലാ പോസ്റ്റോഫീസുകളിലും ബേങ്കിംഗ് സംവിധാനം ആരംഭിക്കുന്ന പ്രവർത്തനം മന്ദഗതിയിലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ തപാൽ ഓഫീസുകളിലും ബേങ്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഗ്രാമീണ തപാൽ മേഖലയിൽ ജീവനക്കാരുടെ നിയമനത്തിനും നടപടിയാരംഭിച്ചിട്ടുണ്ട്. കേരളത്തിൽ പുതുതായി രണ്ടായിരത്തോളം ജീവനക്കാരെയാണ് നിയമിക്കുന്നത്. നിയമനത്തിനായി എസ് എം എസ് അയക്കുന്ന പ്രാരംഭ പ്രവർത്തനത്തിലാണിപ്പോൾ. വർഷങ്ങളായി ഗ്രാമീണ തപാൽ ജീവനക്കാരൂടെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്.

ജീവനക്കാരുടെ മരണവും റിട്ടയർമെന്റും കാരണം വർഷങ്ങളായി ഗ്രാമീണ തപാൽ മേഖലയിൽ ജീവനക്കാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇനി തപാൽ ബേങ്കിംഗ് എല്ലാ പോസ്റ്റോഫീസുകളിലും ആരംഭിക്കുന്നതോടെ ഗ്രാമീണ തപാൽ ജീവനക്കാർ ബിസിനസ് വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. ഇത് ജോലി ഭാരം വർധിപ്പിക്കുകയും മാനസിക സമ്മർദമുണ്ടാക്കുകയും ചെയ്യുമെന്ന് ജീവനക്കാർ പറയുന്നു. തപാൽ മേഖലയോടെ കഴിഞ്ഞ കാലങ്ങളായി കേന്ദ്ര സർക്കാറിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ പരിഷ്‌കാരങ്ങളുടെ ചുവട് പിടിച്ചാണ് നിർദേശം.

Latest