നിര്‍ഭയ: ദയാഹരജി തള്ളിയതിനെതിരെ വിനയ് ശര്‍മ നല്‍കിയ ഹരജിയില്‍ ഇന്ന് വിധി

Posted on: February 14, 2020 10:18 am | Last updated: February 14, 2020 at 4:34 pm

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ രാഷ്ട്രപതി ദയാഹരജി തള്ളിയതിനെതിരെ കുറ്റവാളി വിനയ് ശര്‍മ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. രാഷ്ട്രപതി അതിവേഗം ദയാഹരജി തള്ളിയത് ഉത്തമ വിശ്വാസത്തോടെയല്ലെന്നും ഭരണഘടനയുടെ സത്തക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഹരജി. ജയിലിലെ പീഡനവും തടവും തന്നെ മനോരോഗിയാക്കിയിട്ടുണ്ടെന്നും വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നും ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് രണ്ടിന് ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിക്കുക. ദയാഹരജി തള്ളിയതിനെതിരെ കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് കുമാര്‍ സിംഗ് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. വിനയ് ശര്‍മക്കും മുകേഷ് കുമാറിനും പുറമെ പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ എന്നിവര്‍ക്കും വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. കേസില്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ നാലുപേരുടെയും വധശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജികളില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

അതേസമയം, പവന്‍ ഗുപ്തക്ക് പിഴവു തിരുത്തല്‍ ഹരജി സമര്‍പ്പിക്കാന്‍ വിചാരണ കോടതി അഭിഭാഷകനെ നിയോഗിച്ചു. നിയമസഹായ അതോറിറ്റി നിര്‍ദേശിച്ച അഭിഭാഷകനെ ഇദ്ദേഹം നിരസിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.