Connect with us

National

മുസഫര്‍പുരിലെ ശരണാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം: നടത്തിപ്പുകാരനും വനിതാ വാര്‍ഡന്‍മാരടക്കം 11 പേര്‍ക്കും ജീവപര്യന്തം തടവ്

Published

|

Last Updated

ന്യൂഡല്‍ഹി  |മുസഫര്‍പൂരിലെ ശരണാലയത്തില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാക്കി എന്ന കേസില്‍ ഡല്‍ഹി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. എന്‍ജിഒ നടത്തിപ്പുകാരന്‍ ബ്രജേഷ് പട്ടേലിനെ ജീവപര്യന്തം കഠിനതടവും പിഴയുമാണ് കോടതി വിധിച്ചത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സൗരഭ് കുല്‍ശ്രേഷ്ഠ ആണ് നിര്‍ണായകമായ വിധിപ്രസ്താവം നടത്തിയത്. ജീവപര്യന്തം കഠിന തടവിന് പുറമെ 32 ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു. 19 പ്രതികളില്‍ 11 പേര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചതോടെ ബിഹാറില്‍ ഏറെ കോലാഹലങ്ങള്‍ക്ക് കാരണമായ ഈ കേസില്‍ പോലീസിനും പ്രോസിക്യൂഷനും അഭിമാനാര്‍ഹമായ ഒരു നേട്ടമായി ഈ വിധി മാറി. കുട്ടികള്‍ക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങള്‍, അതും അവരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് വിശ്വസിച്ചേല്‍പ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ബ്രജേഷിനെ ഈ ഹീനകൃത്യങ്ങള്‍ക്ക് സഹായിച്ച നാല് വനിതാ വാര്‍ഡന്മാരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. പോക്‌സോ അടക്കമുള്ള നിരവധി ക്രിമിനല്‍ ചട്ടങ്ങള്‍ ചേര്‍ത്താണ് പ്രതികളെ കോടതി വിചാരണ ചെയ്തത്. ബീഹാര്‍ സംസ്ഥാനത്തെ അഗതി മന്ദിരങ്ങളില്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഗവേഷകര്‍ നടത്തിയ ആറുമാസം നീണ്ടുനിന്ന ഒരു സോഷ്യല്‍ ഓഡിറ്റിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.