Ongoing News
അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിന് കന്നിക്കിരീടം; ഇന്ത്യൻ തോൽവി മൂന്ന് വിക്കറ്റിന്
പൊച്ചെഫെസ്‌ട്രൂം | ആവേശകരമായ അന്ത്യത്തിലേക്ക് കടന്ന കൗമര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശിന് കന്നിക്കിരീടം. ഇന്ത്യയുടെ 177 റണസെന്ന ചെറിയ സ്കോർ മറികടക്കാനിറങ്ങിയ അയൽകാരുടെ സ്കോർ ഏഴു വിക്കറ്റിന് 170 എത്തി നിൽക്കെ മഴയെത്തി. മഴ നിയമപ്രകാരം മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ഈ ലോകകപ്പിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടമെന്ന സ്വപ്നം മൂന്നു വിക്കറ്റ് അകലെ പൊലിഞ്ഞു. സ്കോർ: 177/10 (47.2 ഓവർ), ബംഗ്ലാദേശ്: 170/7 (42.1 ഓവർ)

നായകന്റെ ഒറ്റയാൻ പോരാട്ടം
മുൻ നിര താരങ്ങൾക്കെല്ലാം അടിതെറ്റിയപ്പോൾ നായകൻ അക്ബറലി ബംഗ്ലാദേശിനെ വിജത്തിലേക്ക് ഒറ്റക്ക് നയിക്കുകയായിരുന്നു. 102 റൺസെടുത്ത ബംഗ്ലാദേശിന്റെ 6 വിക്കറ്റുകൾ നഷ്ടമായപ്പോൾ രക്ഷകനായി അക്ബർ അലിയെത്തി. നാല് വിക്കറ്റ് നേടി ഇന്ത്യൻ ബൗളർ രവി ബിഷ്നോയി ബംഗ്ലാദേശിന് വെല്ലുവിളി ഉയർത്തിയെങ്കിലും അക്ബർ അലി ഒരറ്റത്ത് പിടിച്ചു നിന്നു.
77 പന്തിൽ 43 റൺസ് നേടിയ അലിക്കൊപ്പം 25 പന്തിൽ 9 റൺസ് നേടിയ റാകിബ് അൽ ഹസനും പുറത്താകാതെ നിന്നു. ഓപണർമാരായ പർവേസ് ഹുസൈനും (47), ടാൻസിദ് ഹസനും (17) തിളങ്ങി. നിർണായക ഘട്ടത്തിൽ കൂറ്റനടിക്ക് ശ്രമിക്കാതെ പക്വതയോടെ ബാറ്റു വീശിയ നായകൻ അക്ബർ അലിക്ക് നൽകാം വിജയത്തിന്റെ ക്രെഡിറ്റ്.
ബാറ്റിംഗിൽ അടിപതറി ഇന്ത്യ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ബോളർമാർ വരിഞ്ഞു മുറുക്കിയതോടെ 47.2 ഓവറില്‍ 177 റണ്‍സിന് ഓള്‍ ഔട്ടായി.
ആറാം ഓവറില്‍ സക്സേന (2) മടങ്ങി. പിന്നീടെത്തിയ തിലക് വർമ ഓപണർ ജയ്സ്വേളുമായി ചേർന്ന് സ്കോർ കണ്ടെത്താൻ ശ്രമിച്ചു. 38 റൺസ് നേടിയ തിലക് വർമയും പിന്നാലെ നായകന്‍ പ്രിയം ഗാർഗും (7) മടങ്ങിയതോടെ ഇന്ത്യക്ക് താളം തെറ്റി. ശേഷം, അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോർ യശസ്വി ജയ്‌സ്വാള്‍(88) ഒഴികെ ആര്‍ക്കും ബാറ്റിംഗിൽ തിളങ്ങാനായില്ല. ജെയ്‌സ്വാളിന്റെ 88 റണ്‍സ് മാത്രമാണ് ബാറ്റിംങില്‍ ഇന്ത്യക്ക് ആശ്വാസമായത്. ഒരു ഭാഗത്ത് കൂട്ടത്തകർച്ച നേരിട്ടപ്പോഴും ഒരു ഭാഗത്ത് ജയ്സ്വാൾ പിടിച്ചു നിന്ന് പൊരുതി. 121 പന്തുകള്‍ ക്ഷമയോടെ കളിച്ച യശസ്വി എട്ട് ഫോറും ഒരു സിക്‌സും അടിച്ചാണ് 88 റണ്‍ നേടി പുറത്തായത്. ഷോര്‍ട്ടിഫുള്‍ ഇസ്ലാം തന്‍സിദ് ഹസന്റെ കൈകളിലെത്തിച്ചായിരുന്നു തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്ക് ബാറ്റു വീശിയ യശസ്വി ജെയ്‌സ്വാളിന്റെ ഒറ്റയാൾ പോരാട്ടം ബംഗ്ലാദേശ് അവസാനിപ്പിച്ചത്.
കൂട്ടത്തകർച്ച
ജെയ്‌സ്വാള്ളിന്റെ വീഴ്ച പിന്നീട് കൂട്ടത്തകർച്ചയായി മാറി. 39.4 ഓവറില്‍ 4ന് 156 റണ്‍ എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് യശസ്വി ജെയ്‌സ്വാള്‍ പുറത്തായത്. പിന്നീട് 21 റണ്‍സിനിടെ ഇന്ത്യക്ക് അവസാനത്തെ ഏഴ് വിക്കറ്റുകളും നഷ്ടമായി. അതായത് വെറും 7.4 ഓവര്‍ കൂടി മാത്രമാണ് ഇന്ത്യൻ ബാറ്റിംഗിന് ആയുസുണ്ടായുള്ളൂ. 121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും പായിച്ച ജയ്‍സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ജസ്‍സ്വാളിനെ കൂടാതെ രണ്ടക്കം കടന്നത്.

ബംഗ്ലാ ബോളിംഗിലെ കൃത്യത
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ തീരുമാനം ശരിവെക്കുന്നതായി മത്സരം. കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശിന് മുന്നില്‍ കൗമാര ഇന്ത്യക്ക് പിടിച്ചു നിൽക്കാനായില്ല. മികച്ച പ്രകടനം പുറത്തെടുത്ത അവർ ഇന്ത്യയുടെ മൂന്നു പേരെ മാത്രമാണ് രണ്ടക്കം കടക്കാൻ സമ്മതിച്ചത്. ആറാം ഓവറില്‍ സക്സേനയെ മഹ്മ്മദുള്‍ ഹസന്‍റെ കൈയില്‍ എത്തിച്ച് അവിശേക് ദാസ് ആണ് ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കിയത്. ബംഗ്ലാദേശിനായി അവിശേക് ദാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷോറിഫുള്‍ ഇസ്ലാം, തന്‍സീം ഹസന്‍ സാക്കിബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. പത്തോവർ പന്തെറിഞ്ഞ ഷോറിഫുള്‍ ഇസ്ലാം 31 റൺസ് മാത്രമാണ് വഴങ്ങിയത്. സെഞ്ച്വറിയിലേക്ക് കുതിച്ച ജെയ്‌സ്വാളിന്റെ വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതി മാറ്റിയതും ഷോറിഫുള്‍ ഇസ്ലാം തന്നെ.
ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് പ്രിയം ഗാർഗ് നയിക്കുന്ന ഇന്ത്യ ഫൈനലിൽ കടന്നത്. പാകിസ്ഥാനെ സെമിയില്‍ തകർത്ത് കലാശപ്പോരിനെത്തിയ ഇന്ത്യ അതേ ടീമിനെ നിലനിർത്തിയാണ് അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയത്.
ബംഗ്ലാദേശും ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ഇതാദ്യമായാണ് ബംഗ്ലാദേശ് അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിലെത്തിയത്. സെമിയിൽ ന്യൂസിലാൻഡിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് അവർ ഫൈനലിന് ടിക്കറ്റെടുത്തത്. സെമിയിലെ ടീമിൽ നിന്ന് മുറാദിന് പകരം അവിഷേകിനെ ഉൾപ്പെടുത്തിയാണ് ബംഗ്ലാദേശ് ഇറങ്ങിയത്.



