Connect with us

Gulf

എക്സ്പോ 2020: ഇന്ത്യന്‍ സംഘത്തെ മുന്‍ യൂ എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി നയിക്കും

Published

|

Last Updated

അബൂദബി | എക്സ്പോ 2020 യില്‍ ഇന്ത്യന്‍ സംഘത്തെ മുന്‍ യൂ എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി നയിക്കും. എക്സ്പോക്കായി ഒരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ കമ്മിറ്റിയുടെ ഉപാധ്യക്ഷനായി സൂരി ന്യൂഡല്‍ഹിയില്‍ ചുമതലയേറ്റു. കഴിഞ്ഞ സെപ്തംബറിലാണ് യു എ ഇ അംബാസഡര്‍ സ്ഥാനത്ത് നിന്നും സൂരി വിരമിച്ചത്. രാജ്യത്തിന്റെ നേട്ടങ്ങളും വൈവിധ്യാത്മകയും വിളിച്ചോതുന്ന മികച്ച ഉള്ളടക്കവുമായി ഇന്ത്യന്‍ പവലിയന്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സിയായ വാമിനോട് സൂരി പ്രതികരിച്ചു.

രാജ്യത്തിന്റെ ശക്തിയും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്ന തരത്തില്‍ സൂരിയില്‍ നിന്നും മൂല്യമേറിയ സംഭാവനകള്‍ ഇന്ത്യന്‍ പവലിയനില്‍ പ്രതീക്ഷിക്കുന്നതായി എക്സ്പോ 2020 ദുബൈയില്‍ ഇന്ത്യയുടെ ഇന്‍ഡസ്ട്രി പാര്‍ട്ണറായ എഫ് ഐ സി സി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി പറഞ്ഞു.

അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളിലൊരാളാണ് സൂരി. യു എ ഇ അംബാസഡറാകുന്നതിന് മുമ്പ് ഈജിപ്ഷ്യന്‍ അംബാസഡറായും ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും സൂരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ വിദേശ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ന്യൂഡല്‍ഹിയിലെ ന്യൂ ഇക്കണോമിക് ഡിപ്ലോമസി സെന്ററില്‍ ഡയറക്ടറായി അദ്ദേഹം നിയമിതനായി.

Latest