Connect with us

Gulf

സമാന്തര ടാക്‌സി, 3000 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

Published

|

Last Updated

അബൂദബി | സമാന്തര ടാക്‌സി സര്‍വീസ് നടത്തിയ 3000 ത്തിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തതായി അബൂദബി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം അബൂദബി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സമാന്തര ടാക്സികള്‍ പിടിച്ചെടുത്തത്. റോഡരികില്‍ യാത്രക്കാരെ നിയമ വിരുദ്ധമായി കയറ്റി വിവിധ പ്രദേശങ്ങളിലേക്ക് കടത്തുകയായിരുന്നു സമാന്തര ടാക്‌സിക്കാര്‍. സംയോജിത ഗതാഗത കേന്ദ്രവുമായി ഏകോപിപ്പിച്ച് കഴിഞ്ഞ വര്‍ഷം എമിറേറ്റിലുടനീളം നടത്തിയ 1,115 പരിശോധനയില്‍ 3,376 വാഹനങ്ങള്‍ പിടിച്ചെടുത്തതായി അബൂദബി പോലീസ് അറിയിച്ചു. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സമയത്താണ് രഹസ്യ ഉദ്യോഗസ്ഥര്‍ മിക്ക വാഹനങ്ങളും പിടികൂടിയത്.

അനധികൃത ക്യാബ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഭൂരിഭാഗവും കമ്പനികളുടെതല്ല, വ്യക്തികളുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പരിശോധനയില്‍ നിരവധി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ലൈസന്‍സില്ലാത്തവരാണെന്ന് കണ്ടെത്തി. വാരാന്ത്യ അവധി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമാന്തര ടാക്‌സി സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ നിന്ന് മുസഫ്ഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബാനി യാസ്, സംഹ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് സര്‍വീസ്. സമാന്തര ടാക്‌സികളിലെ ഡ്രൈവര്‍മാര്‍ കൂടുതലും ഏഷ്യന്‍ വംശജരായ പുരുഷന്മാരാണ്.

യാത്രക്കാരില്‍ നിന്നും ഒരാള്‍ക്ക് 10 ദിര്‍ഹം ഈടാക്കുകയും ഒരു സമയം നാല് യാത്രക്കാരെ എടുക്കുകയും ചെയ്യുന്നതായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റഷ്ദി പറഞ്ഞു.
സമാന്തര ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഈ സേവനം നല്‍കാന്‍ ലൈസന്‍സോ അനുമതിയോ ഇല്ല. കൂടാതെ, ചില വാഹനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു.

അനധികൃത ക്യാബുകള്‍ യാത്രക്കാരുടെ സുരക്ഷക്ക് അപകടമുണ്ടാക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സമാന്തര ടാക്‌സി കാറുകള്‍ ഓടിക്കുന്ന ആളുകള്‍ ലൈസന്‍സില്ലാത്തവരും നിയമവിരുദ്ധമായി രാജ്യം താമസിക്കുന്നവരുമാണ്, സമാന്തര ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സാക്ഷ്യപ്പെടുത്തിയ ലൈസന്‍സ് പ്ലേറ്റുകളുള്ള ക്യാബുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഫെഡറല്‍ ട്രാഫിക് നിയമമനുസരിച്ച്, അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് 3,000 ദിര്‍ഹം പിഴയും, 24 ബ്‌ളാക്ക് പോയിന്റും കൂടാതെ കാര്‍ 30 ദിവസം പിടിച്ചെടുക്കുകയും ചെയ്യും.

Latest