Connect with us

Editorial

ബ്രിട്ടീഷ് പാദസേവകര്‍ക്ക് എന്ത് സ്വാതന്ത്ര്യ സമരം

Published

|

Last Updated

മഹാത്മാ ഗാന്ധിയെക്കുറിച്ച് ബി ജെ പി നേതാവ് ആനന്ദ് കുമാര്‍ ഹെഗ്‌ഡെ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് കര്‍ണാടക നിയമസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹെഗ്‌ഡെ എം പി സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്. സ്വാതന്ത്ര്യസമരം ഒരു നാടകവും ഗാന്ധിജിയുടെ സത്യഗ്രഹ സമരം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നുമാണ് ഹെഗ്‌ഡെ തട്ടിവിട്ടത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും നേതാവിന് പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോ? മഹാത്മാ ഗാന്ധിയുടെ നിരാഹാര സമരവും സത്യഗ്രഹവുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടത് നിരാശമൂലമാണത്രെ. മഹാത്മാ ഗാന്ധിയുടെ വധവുമായി ആര്‍ എസ് എസിന് ബന്ധമില്ലെന്ന് പറഞ്ഞ ഹെഗ്‌ഡെ ഗാന്ധിജിയെ മഹാത്മാവെന്നു വിശേഷിപ്പിക്കുന്നതിനെയും വിമര്‍ശിച്ചു.

നേരത്തേയും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട് ഹെഗ്‌ഡെ. 2017 ഡിസംബറില്‍ ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിപദത്തിലിരിക്കെ ഭരണഘടനയിലെ അടിസ്ഥാന തത്വമായ മതനിരപേക്ഷതക്കെതിരെ രംഗത്തു വന്നിരുന്നു ഹെഗ്‌ഡെ. മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നും സ്വത്വബോധമില്ലാത്തവരാണ് മതേതര വാദികളെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഇത്ര മോശമായി ഒരു ബി ജെ പി നേതാവ് വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പങ്ക് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരായ സമരത്തില്‍ നിന്ന് ആവേശം നേടി അദ്ദേഹം ചിട്ടപ്പെടുത്തിയ സമര പോരാട്ടങ്ങളാണ് ഇന്ത്യന്‍ ജനതയെ ജാതി, വര്‍ഗ ചിന്തകള്‍ക്കതീതമായി ദേശീയ സമരത്തിലേക്കാകര്‍ഷിച്ചത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തോട് പുറം തിരിഞ്ഞു നിന്ന ആര്‍ എസ് എസിനും ഹിന്ദു മഹാസഭക്കുമൊന്നും ഐതിഹാസികമായ ദേശീയ സമരമോ അതില്‍ ഗാന്ധിജി വഹിച്ച പങ്കോ അത്ര വലിയ പ്രശ്‌നമല്ല. 1930-40 കാലഘട്ടത്തില്‍ രാജ്യത്ത് ബ്രിട്ടീഷ് വിരുദ്ധ സമരം കൊടുമ്പിരി കൊണ്ടപ്പോള്‍, പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്നും ബ്രിട്ടീഷ് ഭരണകൂടത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ് ആര്‍ എസ് എസ് സ്ഥാപകരില്‍ പ്രമുഖനായ ബി എസ് മുഞ്‌ജെ തന്റെ അനുയായി വൃന്ദത്തെ ഉപദേശിച്ചത്. ദേശീയ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും നിയമസഭാ പദവികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ ആര്‍ എസ് എസുകാരനായ ശ്യാമപ്രസാദ് മുഖര്‍ജിയെ പോലുള്ളവര്‍ ബ്രിട്ടനോട് കൂറ് പ്രഖ്യാപിച്ച് തങ്ങളുടെ ഔദ്യോഗിക പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാത്തതിന് ആര്‍ എസ് എസ് നേതൃത്വത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ അഭിനന്ദിച്ചുവെന്നതു തന്നെ ദേശീയ സമരത്തോടുള്ള ആര്‍ എസ് എസിന്റെ നിലപാടെന്തെന്നു വ്യക്തമാക്കുന്നുണ്ട്. ഇതിന് നന്ദിസൂചകമായി ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ക്കും യോഗങ്ങള്‍ക്കും സഹായം ചെയ്തു കൊടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര തന്റെ “കമ്മ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ” എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രമെന്നാല്‍ രചനാത്മകമായ ഒന്നാണെന്നും ഏതെങ്കിലും ഒന്നിനോടുള്ള വിരോധത്തെ ആശ്രയിക്കുന്നതല്ലെന്നുമുള്ള സിദ്ധാന്തം ചമച്ചാണ് ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിനുള്ള ന്യായീകരണം കണ്ടെത്തിയത്.

ദേശീയ സമരത്തില്‍ വഹിച്ച പങ്കിന്റെ പേരില്‍ ഗാന്ധിജി, നെഹ്‌റു, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ക്ക് രാജ്യം നല്‍കുന്ന ബഹുമതിയില്‍ അസ്വസ്ഥരുമാണ് സംഘ്പരിവാര്‍ സംഘടനകള്‍. അതാണ് ഹെഗ്‌ഡെയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഒരു ഹെഗ്‌ഡെ മാത്രമല്ല മറ്റനേകം സംഘ്പരിവാര്‍ നേതാക്കളും ആര്‍ എസ് എസ് മീഡിയയും തരം കിട്ടുമ്പോഴൊക്കെ ഗാന്ധിജിയെ ആക്ഷേപിക്കുകയും പഴിക്കുകയും ചെയ്യാറുണ്ട്. സ്വാതന്ത്ര്യാനന്തരം കൊല്‍ക്കത്തയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി നിരാഹാരമിരുന്ന ഗാന്ധിജിയെ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിശേഷിപ്പിച്ചത് “രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ” എന്നായിരുന്നു. കലാപത്തില്‍ ഏകപക്ഷീയമായി ഹിന്ദുത്വരെ അനുകൂലിക്കുകയും മുസ്‌ലിംകളെ തള്ളിപ്പറയുകയും ചെയ്യാത്തതിനായിരുന്നു ഈ പഴി. വിഭജനത്തോടെ മുസ്‌ലിംകള്‍ ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് പോകണമെന്നും ഇന്ത്യ പൂര്‍ണമായും ഒരു ഹിന്ദുത്വ രാജ്യമായിത്തീരണമെന്നുമായിരുന്നു ആര്‍ എസ് എസ് താത്പര്യം. ഗാന്ധിജി ഇതിനെ അനുകൂലിച്ചിരുന്നില്ല. പാക്കിസ്ഥാനിലേക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം. അല്ലാത്ത മുസ്‌ലിം സഹോദരങ്ങളെ ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും വിഭജനാനന്തരവും ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കണമെന്നുമായിരുന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നത്. ഈ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് 1947 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ആര്‍ എസ് എസ് യോഗത്തെ അഭിസംബോധന ചെയ്ത് സര്‍സംഘ് ചാലക് എം എസ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിങ്ങനെയാണ്- “മുസ്‌ലിംകളെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല. അവര്‍ രാജ്യം വിട്ടേ മതിയാകൂ. മഹാത്മാ ഗാന്ധിക്ക് അവരെ നിലനിര്‍ത്തേണ്ടത് വോട്ടു കിട്ടാന്‍ ആവശ്യമായിരിക്കാം. എന്നാല്‍ ആ സമയം ആകുമ്പോഴേക്ക് അവര്‍ ബാക്കിയുണ്ടാകില്ല. ഗാന്ധിജിയെ പോലുള്ള ആളുകളെ നിശ്ശബ്ദരാക്കാന്‍ നമ്മുടെ മുമ്പില്‍ വഴിയില്ലാഞ്ഞിട്ടല്ല. പക്ഷേ ഹിന്ദുക്കളായ ആളുകളോട് ശത്രുത കാണിക്കാതിരിക്കലാണല്ലോ നമ്മുടെ പാരമ്പര്യം. എന്നു വെച്ച് നിര്‍ബന്ധിക്കപ്പെട്ടാല്‍ നമുക്കത് ചെയ്യേണ്ടി വരും”. നാഥുറാം ഗോഡ്‌സെയിലൂടെ അവര്‍ അത് നിര്‍വഹിക്കുകയും ചെയ്തു. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ചരിത്രമറിയുന്നവര്‍ക്ക് ഹെഗ്‌ഡെയുടെ പ്രസ്താവനയില്‍ അത്ഭുതപ്പെടാനേതുമില്ല. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വെച്ചു പുലര്‍ത്തുന്ന അവരുടെ വികലമായ ചിന്താഗതിയാണ് ഇതിലൂടെ പുറത്തു വന്നത്.