Connect with us

National

ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കം

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല കേസ് ഒമ്പതംഗ വിശാല ബെഞ്ചിന് വിട്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ രൂക്ഷ തര്‍ക്കം. കേസ് വിശാല ബെഞ്ചിന് വിട്ടതിനെ എതിര്‍ത്ത് ഫാലി എസ് നരിമാന്‍ രംഗത്തെത്തി. ശബരിമല കേസ് പരിഗണിക്കാന്‍ വിശാല ബെഞ്ച് രൂപവത്ക്കരിച്ചതില്‍ നിയമപ്രശ്‌നമുണ്ടെന്നും കേസ് പരിഗണിക്കാന്‍ വിശാല ബെഞ്ചിന് കഴിയില്ലെന്നും നരിമാന്‍ പറഞ്ഞു. അഞ്ചംഗ ബെഞ്ച് തന്നെയാണ് ഈ കേസില്‍ വിധി പറയേണ്ടത്. നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഹരജികളിലാണ് കോടതി ഇടപടേണ്ടതെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. സ്വന്തം നിലക്ക് കോടതിയില്‍ ഹാജരായാണ് നരിമാന്റെ ഇടപെടല്‍.

നരിമാന്റെ വാദത്തെ അനുകൂലിച്ച് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും രംഗത്തെത്തി. നരിമാന്‍ ഉന്നയിച്ച നിയമ പ്രശ്‌നം ഏറെ ശ്രദ്ധേയമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ ശബരിമല കേസ് വിശാല ബെഞ്ച് പരിഗണിക്കുന്നതിനെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യത്തില്‍ കോടതി കൈക്കൊണ്ട തീരുമാനം ശരിയാണെന്നും പറഞ്ഞു. എന്നാല്‍ പരിഗണിക്കുന്നത് ഭരണഘടന പ്രശ്‌നങ്ങളാണെന്ന് ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. നരിമാന്‍ ഉന്നയിച്ച കാര്യങ്ങളും പരിഗണിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ വിശാലബെഞ്ച് പരിഗണിക്കേണ്ട പൊതുവായ നിയമ പ്രശ്‌നങ്ങള്‍ക്ക് ഏതൊക്കെയന്നത് സ,ംബന്ധിച്ച് ഇന്ന് അന്തിമരൂപമായേക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പത്തു ദിവസംകൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ശബരിമല സ്ത്രീപ്രവേശം, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ദാവൂദി ബോറ സമുദായത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം എന്നീ കേസുകളിലെ പൊതുവിഷയങ്ങള്‍ ബെഞ്ച് പരിശോധിക്കും.

 

---- facebook comment plugin here -----

Latest