Connect with us

Organisation

ഫാസിസത്തിന്റെ പതനം ഭരണകൂടം ഓര്‍ക്കണം: ചീഫ് വിപ്പ് അഡ്വ. കെ രാജന്‍

Published

|

Last Updated

തൃശൂര്‍ | ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകര്‍ത്താക്കളായ ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കും പില്‍ക്കാല ചരിത്രം മാറ്റിവെച്ചതെന്താണെന്ന് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ഓര്‍ക്കുന്നത് നല്ലതാണെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ നടന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രതിനിധി സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. അസാമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിലൂടെ പുറത്താക്കപ്പെട്ടത് 18 ലക്ഷത്തോളം പേരാണ്. ശ്രീലങ്കയിലെയും മ്യാന്മറിലെയും കുടിയേറ്റക്കാരെ എന്തുകൊണ്ടാണ് പൗരത്വ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. രാജന്‍ ആവശ്യപ്പെട്ടു. ആര്‍ എസ് എസ് ആചാര്യനായ എം എസ് ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം 2025നകം നടപ്പാക്കുക എന്നതാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് ആറ് തവണ മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പാരമ്പര്യമല്ല കേരളത്തിലെയും ഇന്ത്യയിലെയും മതനിരപേക്ഷ ജനസമൂഹത്തിനുള്ളതെന്നും ഇത്തരം ജനവിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കും വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അഡ്വ. കെ രാജന്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഫാസിസത്തിനെതിരായ പ്രക്ഷോഭമാക്കി മാറ്റാന്‍ കഴിയണമെന്ന് പു.ക.സ കേരള സെക്രട്ടറി കെ ഇ എന്‍ അഭിപ്രായപ്പെട്ടു. യുവജന റാലിയുടെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ ജനത വിജയിച്ചിരിക്കുന്നുവെന്നും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോള്‍ ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാമെന്നാണ് ഭരണകൂടം കണക്കു കൂട്ടിയതെന്നും എന്നാല്‍ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിയമത്തിനെതിരായി രംഗത്തുവന്നത് അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ ബി ബശീര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. അബ്ദുര്‍റസാഖ് അസ്ഹരി അധ്യക്ഷനായിരുന്നു. കെ എസ് ഹംസ(മുസ്ലിം ലീഗ്), മുഹമ്മദലി കിനാലൂര്‍(രിസാല വാരിക) എന്നിവര്‍ വിഷയാവതരണം നടത്തി.