Connect with us

Organisation

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തെ ഫാസിസത്തിനെതിരായ പ്രക്ഷോഭമാക്കി മാറ്റണം: കെ ഇ എന്‍

Published

|

Last Updated

തൃശൂര്‍ | പൗരത്വ ഭേദഗതിബില്ലിനെതിരായ പ്രക്ഷോഭത്തെ ഫാസിസത്തിനെതിരായ പ്രക്ഷോഭമാക്കി മാറ്റാന്‍ കഴിയണമെന്ന്  കെ ഇ എന്‍ കുഞ്ഞഹമ്മദ്. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യുവജന റാലിയുടെ ഭാഗമായി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ ജനത വിജയിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമ്പോള്‍ ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാമെന്നാണ് ഭരണകൂടം കണക്കു കൂട്ടിയത്. എന്നാല്‍ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ബില്ലിനെതിരായി രംഗത്തുവന്നത് അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. 2019 ഡിസംബര്‍ 12ന് നിലവില്‍ വന്ന പൗരത്വ ഭേദഗതി ബില്ലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമേറിയതായിരുന്നു. രാജ്യത്തെ ഒരു ജനവിഭാഗത്തിന്റെ പൗരത്വം ഉടനെ ഇല്ലാതാകുമെന്ന ആശങ്ക സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് പൗരത്വ ബില്ലിലൂടെ ഫാസിസ്റ്റ് ഭരണകൂടം ലക്ഷ്യമാക്കിയത്. രാജ്യത്തെ ഏതെങ്കിലും പൗരന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എടുത്തുകളയുകയാണെങ്കില്‍ അത് തികച്ചും പൗരത്വവിരുദ്ധബില്ലാണെന്ന് പറയേണ്ടിവരും. ഇന്ത്യന്‍ വിഭജനത്തിന് കാരണമായ ആര്‍ എസ് എസ് പ്രത്യയശാസ്ത്രമാണ് കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ നയിക്കുന്നത്. ലോകത്ത് ആദ്യമായാണ് വംശഹത്യ ഒരു രാജ്യത്തെ രാഷ്ട്രീയ വിജയത്തിന് കാരണമായത്.

സംഘപരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്നാണ് ഈ കാലഘട്ടത്തെ മോഹൻ ഭാഗവത് വിശേഷിപ്പിക്കുന്നത്. അതായത് വിഭജന പ്രത്യയശാസ്ത്രം ആർ എസ് എസിനെ എതിർക്കുന്ന ജനവിഭാഗങ്ങളെയും സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് ഏറ്റവും ആപത്കരമായ വസ്തുത. അനുകൂലമായ സാഹചര്യത്തിൽ പൗരത്വ ഭേദഗതി ബില്ലിന് പിന്നാലെ ഇതിലേറെ വിധ്വംസകമായ ആശയങ്ങൾ രാജ്യത്ത് നിയമമായി മാറിയേക്കാമെന്നും കെ ഇ എൻ അഭിപ്രായപ്പെട്ടു. കെ ബി ബശീർ മുസ് ലിയാർ ആമുഖ പ്രഭാഷണം നടത്തി. ഡോ. അബ്ദുർ റസാഖ് അസ്ഹരി അധ്യക്ഷനായിരുന്നു. കെ എസ് ഹംസ(മുസ്ലിം ലീഗ്), മുഹമ്മദലി കിനാലൂർ(രിസാല വാരിക) എന്നിവർ വിഷയാവതരണം നടത്തി. സി വി മുസ്തഫ സഖാഫി, ആർ വി എം ബഷീർ മൗലവി, പി കെ സത്താർ, അബ്ദുഹാജി കാതിയാളം, അബ്ദുഹാജി തൃശൂർ, സി എം ഹനീഫ് സംബന്ധിച്ചു.

---- facebook comment plugin here -----