Connect with us

Kerala

ആലപ്പുഴയില്‍ നിരീക്ഷണത്തിലിരിക്കുന്നയാള്‍ക്ക് കൊറോണയെന്ന് സംശയം; അന്തിമ ഫലത്തിന് കാക്കുന്നു: മന്ത്രി

Published

|

Last Updated

കൊല്ലം | ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കുന്ന ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്നതായി മന്ത്രി കെ കെ ശൈലജ. ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വ്യക്തിയാണ് ഇയാള്‍. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍ ഐ വി) വിളിച്ച് അന്വേഷിച്ചപ്പോള്‍ പ്രാഥമിക പരിശോധനയിലെ നിഗമനം മാത്രമാണ് പറഞ്ഞത്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. അതു വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാനാകൂ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഇല്ലെന്നു കരുതി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതിരിക്കരുത്. രോഗം പ്രതിരോധിക്കാന്‍ ശ്രദ്ധയോടെയും ജാഗ്രതയോടെയുമുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വുഹാന്‍ സര്‍വകലാശാലയില്‍ പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തുന്നുണ്ട്. ഇവര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ നിരീക്ഷിച്ചു വരികയാണ്. രോഗത്തെ സംബന്ധിച്ച് അനാവശ്യ ഭീതി വേണ്ടെന്ന കാര്യം മന്ത്രി ആവര്‍ത്തിച്ചു. ജാഗ്രതയും സൂക്ഷമതയും ആണ് ആവശ്യം.

നിപ്പയുടെയത്ര മാരകമല്ല കൊറോണയെന്നും മരണ സാധ്യത മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച ഉടനെ മരിച്ചു പോവുകയൊന്നുമില്ല. രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

Latest