Connect with us

Kerala

കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയാള്‍ക്ക്‌

Published

|

Last Updated

തിരുവനന്തപുരം | ചൈനയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ മറ്റൊരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇയാള്‍ അടുത്തിടെയാണ് ചൈന സന്ദര്‍ശിച്ചിരുന്നത്. ഇതോടെ കേരളത്തിലെ കൊറോണ വൈറസ് കേസുകള്‍ രണ്ടായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ 10.30ന് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് വാര്‍ത്താ സമ്മേളനം നടക്കുക. നേരത്തെ രോഗം സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷണം കഴിക്കുകയും എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തൊണ്ടവേദനയും ചുമയും കുറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.

പെണ്‍കുട്ടിയുമായി ഇടപഴകിയ 69 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 37 പേര്‍ നേരിട്ട് ഇടപഴകിയവരാണ്. തൃശൂരില്‍ 133 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തൃശൂരില്‍ നിന്ന് ഇന്ന് അഞ്ച് സാമ്പിളുകള്‍ കൂടി പരിശോധനക്കായി അയച്ചു.

Latest