Connect with us

Articles

ആഘാതമകറ്റുമോ ഈ ബജറ്റ്?

Published

|

Last Updated

രാജ്യം വീണ്ടും ഒരു ബജറ്റ് അവതരണത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളില്‍ സംശയിക്കുന്ന ആരും തന്നെ ഉണ്ടാകില്ല. അതിനാല്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ, അല്ലെങ്കില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നത് പോലുള്ള വമ്പിച്ച പ്രസ്താവനകളുടെയോ വാഗ്ദാനങ്ങളുടെയോ സാധ്യത വളരെ കുറവാണ്. മറിച്ച് ഇപ്രാവശ്യം ഇതൊരു ഞാണിന്മേല്‍ കളിയായിരിക്കും. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്നറിയാന്‍ എല്ലാവരും ഒരുപോലെ ആകാംക്ഷ ഉള്ളവരാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മുന്‍ ചീഫ് ഇക്കണോമിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളും ഉള്‍പ്പെടെ നിരവധി പ്രശസ്ത സാമ്പത്തിക വിദഗ്ധര്‍ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യത്തെക്കുറിച്ചും വരാനിരിക്കുന്ന സ്തംഭനത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഔദ്യോഗിക വൃത്തങ്ങള്‍ ഇവയെ വലിയ തോതില്‍ അവഗണിച്ചു. ഇപ്പോള്‍ സ്ഥിതി മാറി, ജി ഡി പിയുടെ യഥാര്‍ഥ വളര്‍ച്ച അഞ്ച് ശതമാനമാണെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പല വിദഗ്ധരും ഈ നിരക്ക് പോലും ശരിയാണെന്ന് വാദിക്കുന്നില്ല. യഥാര്‍ഥ വളര്‍ച്ച ഇതിലും കുറവായിരിക്കാം. മാന്ദ്യമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായ സാഹചര്യത്തില്‍, രണ്ട് കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഒന്ന് എന്താണ് മാന്ദ്യത്തിന് കാരണമായത്. മറ്റൊന്ന് വളര്‍ച്ച വീണ്ടെടുക്കാന്‍ എന്താണ് ചെയ്യേണ്ടത്. കാരണങ്ങളെക്കുറിച്ച്, ഇതിനകം തന്നെ വിവിധ വിദഗ്ധര്‍ ധാരാളം വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ നിലവിലെ മാന്ദ്യത്തിന് ഘടനാപരമായ (structural), ചാക്രിക (cyclical), നയ (policy) ഘടകങ്ങള്‍ എല്ലാമുണ്ട്.

[irp]

നിക്ഷേപ വളര്‍ച്ച മന്ദഗതിയിലാണ്. മൊത്തം ചോദനയിലും (aggregate demand) മാന്ദ്യമുണ്ട്. വളര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ നിക്ഷേപങ്ങളും ഉപഭോഗ ആവശ്യവും ഉത്തേജിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. ഒരു സാമ്പത്തിക നയനിലപാടില്‍ നിന്ന് ഇതിനെ നേരിടാനുള്ള ഉപകരണങ്ങള്‍ ധനനയങ്ങളും നാണ്യനയങ്ങളുമാണ്.
ധനനയത്തിലേക്ക് കടക്കുന്നതിന് മുമ്പ്, സാമ്പത്തിക പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ ഇടപെടലുകള്‍ നിര്‍ണായകമായ മറ്റൊരു മേഖല ഘടനാപരമായ പരിഷ്‌കാരങ്ങളാണ്. ബേങ്കിംഗ് മേഖലയിലെ അത്തരമൊരു പരിഷ്‌കരണമായിരുന്നു 2016ലെ ഐ ബി സി. ജുഡീഷ്യല്‍, ലെജിസ്ലേറ്റീവ് സംവിധാനത്തിലെ അപാകതകള്‍ കാരണം ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിലും, ഐ ബി സി ബേങ്കിംഗ് മേഖലയില്‍ ചില നല്ല മാറ്റങ്ങള്‍ വരുത്തിയെന്ന് തെളിവുകള്‍ കാണിക്കുന്നു. പരിഷ്‌കരണം അനിവാര്യമായ മറ്റൊരു നിര്‍ണായക മേഖലയാണ് സര്‍ക്കാറിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍. കഴിഞ്ഞ കുറച്ച് കാലങ്ങളിലായി ഔദ്യോഗിക ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ച് ധാരാളം വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇത് നിലവിലുള്ള പ്രശ്നങ്ങളെ കൂടുതല്‍ മോശമാക്കാന്‍ സാഹചര്യമൊരുക്കും. ഈ വിഷയങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ അടുത്തിടെ രൂപവത്കരിച്ച സ്ഥിതിവിവരക്കണക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ശരിയായ ദിശയിലേക്കുള്ള ആദ്യപടിയായി കാണാന്‍ കഴിയും. ബേങ്കിംഗ് ഇതര ധനകാര്യ മേഖല, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പ്രധാന മേഖലകള്‍, തൊഴില്‍, ഭൂനിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്ക മേഖലകളിലും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് വളരെക്കാലമായി നിലനില്‍ക്കുന്നതും കാലഹരണപ്പെട്ടതുമാണ്. ഈ മേഖലകളിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നീണ്ട കാലമായുള്ള ആവശ്യകതയാണ്.
ഈയൊരു പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ സാമ്പത്തിക ഉത്തേജനം രാജ്യം പ്രതീക്ഷിക്കുന്നു. കോര്‍പറേറ്റ് നികുതി നിരക്ക് നേരത്തേ വെട്ടിക്കുറച്ചതു കൊണ്ട് സര്‍ക്കാര്‍ വ്യക്തിഗത ആദായനികുതി നിരക്കില്‍ കുറവു വരുത്തുകയോ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കുകയോ ചെയ്യുമെന്നതാണ് പൊതുവായ പ്രതീക്ഷ. ജി എസ് ടി നടപ്പാക്കലും നോട്ടു നിരോധനവും രാജ്യത്തിന്റെ ഉത്പാദനത്തിന്റെ പകുതിയും 80 ശതമാനത്തിലധികം തൊഴില്‍ ശക്തിയും ആശ്രയിച്ചിരിക്കുന്ന അസംഘടിത മേഖലയെ ക്രമാതീതമായി ബാധിച്ചുവെന്ന് തെളിവുകള്‍ കാണിക്കുന്നു. അസംഘടിത മേഖലയില്‍ ഈ നയങ്ങളുടെ കൃത്യമായ ആഘാതം എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും തൊഴില്‍ മേഖലയിലെ ആഘാതം നിലനില്‍ക്കുന്നതായി കാണപ്പെടുന്നു. ആദായ നികുതിയുടെയും കോര്‍പറേറ്റ് നികുതിയുടെയും പരിമിതമായ പരിധിയും അസംഘടിത മേഖലയെ സമ്പദ് വ്യവസ്ഥ വളരെയധികം ആശ്രയിക്കുന്നതും കണക്കിലെടുക്കുമ്പോള്‍, വിപുലീകരണ ധനനയത്തിലേക്ക് (expansionary fiscal policy) പോകേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ കൈയില്‍ പണം നിക്ഷേപിക്കുന്നതിനും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലഭ്യമായ ഏറ്റവും മികച്ച മാര്‍ഗമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പക്ഷേ ധനക്കമ്മി ഇതിനകം നിശ്ചിത പരിധിക്കു മുകളിലായതും മാന്ദ്യം മൂലം നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന കുറവും കാരണം, സര്‍ക്കാറിന് ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുന്നത് വളരെ പ്രയാസകരമായിരിക്കും. ഏതൊരു വര്‍ഷത്തിലും വിവേചനാധികാര ചെലവുകള്‍ക്കായി സര്‍ക്കാറിന്റെ വരുമാനത്തിന്റെ 20 ശതമാനം മാത്രമേ ഉള്ളൂ എന്ന സാഹചര്യത്തിലും ഇതിനകം കോര്‍പറേറ്റ് ആദായ നികുതി ശേഖരണത്തിലെ ഗുരുതരമായ കുറവ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാലും വിപുലീകരണ ധനനയം ഒരിക്കലും എളുപ്പമാകില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍, ധനപരമായ മുന്‍കരുതല്‍ ഉപേക്ഷിച്ച് വിപുലീകരണ ബജറ്റ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതേസമയം തൊഴിലുറപ്പ് പദ്ധതി വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്‍ഷിക പദ്ധതികള്‍ വഴിയോ നടപ്പാക്കുന്ന വിപുലീകരണ ചെലവുകള്‍ പരമാവധി നേട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നടപ്പാക്കല്‍ ആവശ്യമാണ്.
എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യവും സാമൂഹിക ആശങ്കകളും സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കും. സമൂഹത്തില്‍ അനിശ്ചിതത്വം വര്‍ധിക്കുകയാണെങ്കില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ധനകാര്യ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന തിരക്കിലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹിക പ്രതിസന്ധിയെക്കുറിച്ചും സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകളെക്കുറിച്ചും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മറുവശത്ത്, വലിയ നോട്ടുകള്‍ ഉടന്‍ അസാധുവായി പ്രഖ്യാപിക്കുമെന്ന് പ്രസ്താവിക്കുന്ന ചില വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ കാരണം ദിവസക്കൂലി തൊഴിലാളികള്‍ അത്തരം നോട്ടുകളില്‍ വേതനം സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. അനിശ്ചിതത്വത്തിന്റെ ഈ തലങ്ങളില്‍, സമ്പദ് വ്യവസ്ഥയുടെ ഏതെങ്കിലും തരത്തിലുള്ള പുനരുജ്ജീവനത്തെക്കുറിച്ച് ചിന്തിക്കാന്‍, നിക്ഷേപകര്‍ക്കും പൗരന്മാര്‍ക്കും ഇടയില്‍ വിശ്വാസ്യത പുനര്‍ നിര്‍മിക്കേണ്ടത് നിര്‍ണായകമാണ്.

ഒരു കാര്യം വ്യക്തമാണ്, ഉദാരവത്കരണാനന്തര കാലഘട്ടത്തില്‍ ഇന്ത്യക്കായി പ്രവര്‍ത്തിച്ചിരുന്ന സാമ്പത്തിക വളര്‍ച്ചാ മാതൃക ഇപ്പോള്‍ പ്രാവര്‍ത്തികമല്ല. ഉയര്‍ന്ന വളര്‍ച്ചയുടെ ഘട്ടത്തില്‍ നിന്നും അതിവേഗം വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥ എന്ന ടാഗില്‍ നിന്നും മാറി, രാജ്യം ഇപ്പോള്‍ മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരുപക്ഷേ മാന്ദ്യം ഇനിയും വളരാം. രാജ്യത്തെ സാമ്പത്തിക ഭരണ നിര്‍വഹണത്തില്‍ ഗൗരവമേറിയ ചില വിചിന്തനങ്ങള്‍ ആവശ്യപ്പെടുന്ന സമയമാണിത്. അതില്‍ പരാജയപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക അസ്വാസ്ഥ്യത്തിലേക്ക് നയിക്കും. റിസര്‍വ് ബേങ്കിന്റെ മിച്ചം അല്ലെങ്കില്‍ ഓഹരി വിറ്റഴിക്കല്‍ എന്നിവയില്‍ നിന്നുള്ള വരുമാനമോ അല്ലെങ്കില്‍ വായ്പയെടുക്കലോ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കില്ല. സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകാന്‍ നിക്ഷേപവും ചോദനയും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
(ലേഖകന്‍ ബെംഗളൂരു അസിം പ്രേംജി ഫൗണ്ടേഷനില്‍ അസോസിയേറ്റാണ്)

Latest